കൃഷ്ണഗിരി വീണ്ടും കളിയാരവത്തിലേക്ക്
കൃഷ്ണഗിരി: രാജ്യത്തെ രണ്ടാമത്തെ ഹൈആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയമായ വയനാടിന്റെ സ്വന്തം കൃഷ്ണഗിരിയില്‍ വീണ്ടും ക്രിക്കറ്റ് ആരവം.
സി.കെ നായിഡു അണ്ടര്‍-23 മത്സരങ്ങളിലെ കേരളത്തിന്റെ മൂന്ന് മത്സരങ്ങള്‍ക്കാണ് കൃഷ്ണിഗിരി വരും ദിവസങ്ങളില്‍ വേദിയാകുന്നത്. ഈമാസം എട്ടുമുതലാണ് ക്രിക്കറ്റില്‍ വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്ന യുവരക്തങ്ങള്‍ കൃഷ്ണഗിരിയില്‍ പാഡണിയുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ഭൂപടത്തില്‍ ശക്തരായ ഗുജറാത്ത്, മാസ്റ്റര്‍ ബ്ലാസ്റ്ററുടെ നാടായ മുംബൈ, തമിഴ്‌നാട് ടീമുകളാണ് ഇവിടെ കേരളത്തിന്റെ എതിരാളികള്‍. സ്റ്റേഡിയത്തിലെ പിച്ചൊരുക്കം പൂര്‍ത്തിയായിട്ടുണ്ട്. ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ തുണക്കുന്ന പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു.
ആദ്യദിനത്തില്‍ ബൗളര്‍മാര്‍ക്ക് അനുകൂലമാകുന്ന പിച്ച് അവസാന രണ്ടുദിനങ്ങളില്‍ ബാറ്റ്‌സ്മാന്‍മാരുടെ കൂടെ നില്‍ക്കുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍.
രഞ്ജിടീമില്‍ ഉള്‍പ്പെടാന്‍ താരങ്ങള്‍ ഈ കടമ്പയില്‍ മികച്ച പ്രകടനം പുറത്തെടുത്തെ മതിയാകൂ എന്നതിനാല്‍ തന്നെ മത്സരങ്ങള്‍ക്ക് വീറുംവാശിയും വേണ്ടുവോളമുണ്ടാകുമെന്ന് ഉറപ്പാണ്. എട്ടിന് ഗുജറാത്താണ് കേരളത്തിനെ ആദ്യം കൃഷ്ണഗിരിയില്‍ എതിരിടുന്നത്. തുടര്‍ന്ന് 26ന് മുംബൈയും നവംബര്‍ 11ന് തമിഴ്‌നാടും കേരളവുമായി കൃഷ്ണഗിരിയില്‍ കൊമ്പുകോര്‍ക്കും.
ഫാബിദ് ഫാറൂഖ് അഹമ്മദ് നയിക്കുന്ന കേരള ടീമില്‍ അണ്ടര്‍ 19 ഇന്ത്യന്‍ താരങ്ങളായ രോഹന്‍ എസ് കുന്നുമ്മേല്‍, സിജോമോന്‍ ജോസഫ്, ഡാരില്‍ എഫ് ഫെറാരിയോ എന്നിവരാണ് ശ്രദ്ധേയ താരങ്ങള്‍. ആനന്ദ് കൃഷ്ണന്‍, ആല്‍ബിന്‍ ഏലിയാസ്, സല്‍മാന്‍ നിസാര്‍, കെ.സി അക്ഷയ്, വിഷ്ണുരാജ്, ആതിഫ് ബിന്‍ അഷ്‌റഫ്, എഫ് ഫനൂസ്, റാബിന്‍ കൃഷ്ണ, വിശാഖ് ചന്ദ്രന്‍, അനൂജ് ജ്യോതിന്‍, ആനന്ദ് ജോസഫ് എന്നിവരാണ് കേരളത്തിനായി ജഴ്‌സിയണിയുന്ന മറ്റ് താരങ്ങള്‍.
രാം പ്രകാശ്, എം രാജഗോപാല്‍ എന്നിവര്‍ പരിശീലകരും ജിതിന്‍ ഫ്രാന്‍സിസ് സഹ പരിശീലകനുമായ ടീമിന്റെ മാനേജര്‍ യു മനോജാണ്. ഉണ്ണികൃഷ്ണനാണ് ഫിസിയോ. സേനാപതി ട്രൈനറും. കഴിഞ്ഞ 15 ദിവസങ്ങളായി കൃഷ്ണഗിരിയില്‍ തീവ്ര പരിശീലന്നിലാണ് കേരള താരങ്ങള്‍. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ സി.കെ നായിഡു ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരാണ് കേരളം.
അതുകൊണ്ടുതന്നെ ഇത്തവണയും താരങ്ങളില്‍ നിന്നും മിന്നും പ്രകടനങ്ങള്‍ ഉണ്ടാകുമെന്നാണ് പരിശീലകരും സപ്പോര്‍ട്ടിങ് സ്റ്റാഫും ഉറപ്പിച്ച് പറയുന്നത്. ഗുജറാത്ത് ടീം ഇന്നലെ വയനാട്ടിലെത്തിയിട്ടുണ്ട്. ഇന്ന് അവരും ഗ്രൗണ്ടില്‍ പരിശീലനത്തിനായി എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."