വയനാട്ടില്‍ രണ്ടുകോടിയുടെ ഹെറോയിന്വേട്ട; അഞ്ചുപേര്‍ പിടിയില്‍
മാനന്തവാടി: രണ്ടുകോടിയുടെ ഹെറോയിനുമായി അഞ്ചുപേര്‍ വയനാട്ടില്‍ പിടിയിലായി. മാനന്തവാടി എരുമത്തെരുവിലെ ലോഡ്ജ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഒരു ഇതര സംസ്ഥാനക്കാരനടക്കം അഞ്ചുപേരെ പൊലിസ് പിടികൂടിയത്. കുടുങ്ങിയത് അന്തര്‍ സംസ്ഥാന ലഹരിവില്പനയുടെ ഇടനിലക്കാരനും, സംസ്ഥാനത്തെ ലഹരിവില്‍പ്പനയുടെ കണ്ണികളായ നാലംഗ സംഘവും. ജില്ലാ പൊലിസ് മേധാവി ഡോ. അരുള്‍ ബി കൃഷ്ണക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.പിയുടെ സ്പെഷല്‍ സ്ക്വാഡും, ആന്റി നാര്‍ക്കോട്ടിക് സ്ക്വാഡും, മാനന്തവാടി ഡിവൈ.എസ്.പി ദേവസ്യ, സി.ഐ പി.കെ മണി, എസ്.ഐ മഹേഷ്, അഡിഷനല്‍ എസ്.ഐ അബ്ദുല്ല എന്നിവരും അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് പൊലിസിന്റെ തന്ത്രപരമായ ഇടപെടല്‍ പ്രതികളെ വലയിലാക്കിയത്. ഉത്തര്‍പ്രദേശ് മഥുര സ്വദേശി അജയ്സിങ് (42), പയ്യന്നൂര്‍ പീടികത്താഴ മധുസൂദനന്(56), കാഞ്ഞങ്ങാട് ബേക്കല്‍ കുന്നുമ്മല്‍ വീട്ടില്‍ അശോകന്(45), കാസര്‍കോട് ചീമേനി കനിയന്തോല് ബാലകൃഷ്ണന്(47), കണ്ണൂര്‍ ചെറുപുഴ ഉപരിക്കല്‍ ഷൈജു(37) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 60 എം 8124 കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹെറോയിന്‍ വാങ്ങാനെത്തുമെന്ന് സൂചനയുണ്ടായിരുന്ന റഫീഖ്, ബിജുലാല്‍ എന്നിവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും അവരെയും മറ്റ് കണ്ണികളെയും കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പൊലിസ് വ്യക്തമാക്കി.
കൂടാതെ ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ച് അന്വേഷണത്തിനായി ഒരു സംഘത്തെ അയക്കുമെന്നും പൊലിസ് അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെ സംഘത്തെ പിടികൂടിയിരുന്നു. എന്നാല്‍ നടപടി ക്രമങ്ങള്‍ ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് പൂര്‍ത്തിയായത്. ലഹരി മരുന്ന് ആദ്യം ബ്രൗണ്ഷുഗറാണെന്ന് സംശയമുയര്‍ന്നെങ്കിലും പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ ഹെറോയിനാണെന്ന് വ്യക്തമാകുകയായിരുന്നു. പുലര്‍ച്ചെയോടെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഉത്തര്‍പ്രദേശുകാരനായ അജയ്സിങ് ബരാഗ്പൂരില് നിന്ന് സംഘടിപ്പിച്ചതാണ് ഹെറോയിനെന്ന് പൊലിസ് പറഞ്ഞു. തുടര്‍ന്ന് മധുസൂദനന്, ഷൈജു, അശോകന്, ബാലകൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ വില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. അശോകന്റെ സുഹൃത്തുക്കളായ റഫീഖ്, ബിജുലാല്‍ എന്നിവര്‍ക്ക് ഹെറോയിന്‍ ആവശ്യമുണ്ടെന്ന് മനസിലാക്കിയ സംഘം മാനന്തവാടി എരുമത്തെരുവിലെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് വില്‍ക്കാനുള്ള ശ്രമം നടത്തുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ രണ്ടുകോടിയോളം വിലമതിക്കുന്ന ഒരു കിലോഗ്രാം ഹെറോയിനാണ് സംഘത്തിന്റെ കൈയിലുണ്ടായിരുന്നത്. മാനന്തവാടി കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പനയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പൊലിസ് സ്ഥലത്തെത്തുകയും സംഘാംഗങ്ങളെ തന്ത്രപരമായി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."