ജിദ്ദ രാജ കൊട്ടാരത്തിനടുത്തെ ആക്രമണം സഊദി സുരക്ഷാസേന സ്ഥിരീകരിച്ചു; രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു
റിയാദ്: ജിദ്ദയിലെ അല്‍ സലാമ രാജ കൊട്ടാരത്തിനടുത്ത് ശനിയാഴ്ച്ച നടന്ന ആക്രമണം സഊദി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തില്‍ രാജകൊട്ടാര സുരക്ഷാ സേനയിലെ രണ്ടു അംഗങ്ങള്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരുക്കേറ്റതായും സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും സഊദി അധികൃതര്‍ വൈകീട്ടാണ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയത്. ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ അല്‍തുര്‍ക്കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്ത പ്രചരിച്ചത് മുതല്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് തങ്ങളുടെ പൗരന്മാര്ക്ക് ഈ ഭാഗത്തു കൂടി സഞ്ചരിക്കുമ്പോള്‍ മുന്‍ കരുതല്‍ സ്വീകരിക്കാന്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.
ശനിയാഴ്ച്ച പുലര്‍ച്ചെ 3:15ന് അല്‍ സലാമ കൊട്ടാരത്തിനു പടിഞ്ഞാറ് ഗേറ്റിനു സമീപം എത്തിയ അക്രമി ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നു ആഭ്യന്തരമന്ത്രാലയം പറഞ്ഞു. വെടിവയ്പ്പില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു സേനാംഗങ്ങള്‍ കൊല്ലപ്പെടുകയും മറ്റു മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സേനയുടെ തിരിച്ചാക്രമണത്തില്‍ അക്രമി കൊല്ലപ്പെട്ടു.
സുരക്ഷാ സേനയിലെ ഹമ്മദ് ബിന്‍ ശല്ല അല്‍ മുതൈരി, അബ്ദുല്ല ബിന്‍ ഫൈസല്‍ അല്‍ സുബൈഇ എന്നിവരാണ് കൊല്ലപ്പെട്ടത്. വലീദ് ബിന്‍ അലി ശാമി, അഹ്മദ് സാലിഹ് അല്‍ഖര്‍നി, അബ്ദുല്ല അല്‍ഹിന്ദി അല്‍ സുബൈഇ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
മന്‍സൂര്‍ ബിന്‍ ഹസന് ബിന്‍ അലി അല്‍ ഫാഹിദ് അല്‍ അമിരി എന്ന ഇരുപത്തിയെട്ടു വയസുകാരനായ സ്വദേശി യുവാവാണ് അക്രമിയെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് വിശദീകരിച്ചു. കലാനിഷ്കോവ് തോക്ക് നാടന്‍ ബോംബുകള്‍ എന്നിവ ഇദ്ദേഹത്തിന്റെ പക്കല്‍ നിന്നും പിന്നീട് കണ്ടെടുത്തു. അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."