സര്‍ക്കുലറിനു പുല്ലുവില; വിദ്യാര്‍ഥികളില്‍ നിന്ന് പണം പിരിക്കുന്നത് തകൃതി
തൃക്കരിപ്പൂര്‍: ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ നിന്ന് യാതൊരുവിധ പണവും പിരിക്കരുതെന്ന സംസ്ഥാന ബാലവകാശ കമ്മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവുണ്ടെങ്കിലും കുട്ടികളുടെ തലയെണ്ണി പണം പിരിക്കുന്നത് തകൃതിയായി നടക്കുന്നു. കായിക മേള, കലോത്സവം, ശാസ്ത്ര മേള തുടങ്ങിയവയ്ക്ക് ഓരോ സ്‌കൂളില്‍ നിന്നും ഉപജില്ലാ റവന്യൂ ജില്ലാ മത്സരങ്ങള്‍ക്ക് ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ കണക്കനുസരിച്ച് മേളനടക്കുന്ന സ്‌കൂളുകളില്‍ എത്തിക്കണം. ഇതിന്റെ പേരില്‍ സത്യസന്ധമായി കാര്യങ്ങള്‍ നീക്കുന്ന പ്രധാന അധ്യാപകര്‍ ബുദ്ധിമുട്ടുകയും മറ്റു ചില സ്‌കൂളുകള്‍ കൊള്ള പിരിവ് നടത്തുകയും ചെയ്യുന്നു. ഉപജില്ലാ റവന്യൂ ജില്ലാ തലത്തില്‍ ശാസ്ത്രമേള, കലോത്സവം, കായിക മേള എല്ലാം കൂടി ഒരു വിദ്യാര്‍ഥിക്ക് അന്‍പത് രൂപയോളമാണ് അടക്കേണ്ടിവരുന്നത്. കൂടാതെ സ്‌കൗട്ട് ആന്‍ഡ് ഗൈഡിനും പത്തുരൂപ വച്ച് അടക്കണം. പി.ടി.എ യോഗങ്ങളില്‍ മേളകള്‍ക്ക് വലിയ തുക അടക്കണമെന്നും അടക്കേണ്ട തുക എത്രയെന്ന് വെളിപ്പെടുത്താതെ വലിയ തുക കുട്ടികളില്‍ നിന്ന് പിരിച്ചെടുക്കാന്‍ അനുമതി തേടുകയാണ് പതിവ്. അനുവാദം കിട്ടുന്നതോടെ പല സ്‌കൂളുകളും 150 രൂപ മുതല്‍ 600 രൂപവരെയാണ് ഇത്തരത്തില്‍ കൊള്ളയടിക്കുന്നത്. ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ ഇത്തരത്തില്‍ ലക്ഷങ്ങളാണ് പിരിച്ചെടുക്കുന്നത്. എന്നാല്‍ സത്യസന്ധമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രധാന അധ്യാപകരാണ് വെട്ടിലാകുന്നത്. ആയിരത്തോളം കുട്ടികളുടെ തലയെണ്ണി പണം നല്‍കാന്‍ പി.ടി.എക്കും ഫണ്ട് കാണുകയില്ല. നിയമവും മറ്റും അറിയുന്ന രക്ഷിതാക്കളാകട്ടെ പിരിവെടുത്താല്‍ ബാലവകാശ കമ്മിഷനെ സമീപിക്കുമെന്ന ഭീഷണിയും ഉയര്‍ത്തും. ചില മാനേജ്‌മെന്റ് സ്‌കൂളുകളും സര്‍ക്കാര്‍ സ്‌കൂളുകളും വിദ്യാര്‍ഥികളില്‍ നിന്ന് വലിയ തുക പിരിച്ചെടുക്കാന്‍ തുടങ്ങികഴിഞ്ഞു. ചില എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ കുട്ടികള്‍ തുക കൊടുക്കാന്‍ അല്‍പം മടികാണിച്ചാല്‍ സ്‌കൂളില്‍ പുറത്തിനിര്‍ത്തുമെന്ന് ചില അധ്യാപകര്‍ ഭീഷണിപ്പെടുത്തറുണ്ട്. ഇതൊന്നും കാണാനോ കേള്‍ക്കാനോ ബാലവകാശ കമ്മിഷനോ, വിദ്യാഭ്യാസ വകുപ്പോ ഇല്ലേയെന്നാണ് രക്ഷിതാക്കളുടെ ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."