സി.പി.എം ജാഥയ്ക്കു നേരെ ബോംബേറ്: സി.ഐ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് പരുക്ക്
പാനൂര്‍: കണ്ണൂർ പാനൂര്‍ കൈവേലിക്കലില്‍ ബോംബേറില്‍ സി.ഐ അടക്കം ഒന്‍പതു പേര്‍ക്ക് പരുക്ക്. സി.പി.എം കൈവേലിക്കലില്‍ നടത്തിയ സമ്മേളനത്തിന് ശേഷം നടന്ന പ്രകടനത്തിന് നേരെയാണ് വൈകിട്ടോടെ ബോംബേറുണ്ടായത്. ബോംബേറില്‍ സി.പി.എം പുത്തൂര്‍ലോക്കല്‍ കമ്മിറ്റിയംഗം അശോകന്‍, മോഹനന്‍, ഭാസ്‌കരന്‍, വെസ്റ്റ് എലാങ്കോട് ബ്രാഞ്ച് സെക്രട്ടറി ചന്ദ്രന്‍, ബാലന്‍ എന്നിവര്‍ക്കും പാനൂര്‍ സി.ഐ ഉള്‍പ്പെടെ നാലുപൊലിസുകാര്‍ക്കും പരുക്കേറ്റു.
പരുക്കേറ്റവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്ന് സി.പി.എം ആരോപിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്കാണ് സംഭവം. സ്ഥലത്ത് സി.പി.എം ലോക്കല്‍ സമ്മേളനത്തിന്റെ പ്രചരണാര്‍ഥം സ്ഥാപിച്ച കൊടിമരങ്ങളും ബോര്‍ഡും നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു നടത്തിയ പ്രകടനത്തിനു നേരേയാണ് ബോംബേറുണ്ടായത്. ജാഥയിലുണ്ടായിരുന്ന നാലു സ്ത്രീകള്‍ക്കും സ്റ്റീല്‍ ബോംബിന്റെ ചീളുകള്‍ തെറിച്ചു നിസാര പരുക്കേറ്റു.
പാനൂര്‍ നഗരസഭയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ബോംബേറുണ്ടായ കൈവേലിക്കലില്‍ വന്‍ പൊലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച് സി.പി.എം. പാനൂര്‍ ഏരിയാ കമ്മിറ്റി തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറു മണിവരെയാണ് ഹര്‍ത്താല്‍. പാനൂര്‍ നഗരസഭയിലെ ചൊക്ലി, മൊകേരി, കുന്നോത്ത് പറമ്പ്, തൃപ്രങ്ങോട്ടൂര്‍ ഭാഗങ്ങളിലാണ് ഹര്‍ത്താല്‍. വാഹനങ്ങളെയും അവശ്യ സര്‍വിസുകളെയും ഒഴിവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."