നീലക്കുറിഞ്ഞി പൂക്കാലം വിളിപ്പാടകലെ; 'കുറിഞ്ഞിമല സാങ്ച്വറി' ശീതീകരണിയില്‍
തൊടുപുഴ: നീലക്കുറിഞ്ഞി പൂക്കാലം വിളിപ്പാടകലെ എത്തിനില്‍ക്കുമ്പോഴും 11 വര്‍ഷം മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 'കുറിഞ്ഞിമല സാങ്ച്വറി' ശീതീകരണിയില്‍. നീലക്കുറിഞ്ഞികളുടെ ആവാസ മേഖലയായ വട്ടവട, കൊട്ടക്കമ്പൂര്‍ വില്ലേജുകളിലെ 7173.11 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നീലക്കുറിഞ്ഞി ദേശീയോദ്യാനം ആക്കുമെന്ന് 2006-ല്‍ അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാരാണ് പ്രഖ്യാപിച്ചത്. 2006 ഒക്‌ടോബര്‍ 6 ന് മൂന്നാറില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ അന്നത്തെ ആഭ്യന്തര-ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണനും വനം-വന്യ ജീവി- ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി ബിനോയ് വിശ്വവും സംയുക്തമായാണ് സാങ്ച്വറിയുടെ പ്രഖ്യാപനം നടത്തിയത്. 1979-ലെ കേരള വന്യജീവി സംരക്ഷണ നിയമം 21-ാം വകുപ്പു പ്രകാരം 2007 ഡിസംബര്‍ 12ന് ഇതു സംബന്ധിച്ച വിജ്ഞാപനവും പുറത്തിറങ്ങി. 11 വര്‍ഷം കഴിഞ്ഞിട്ടും അന്തിമ വിജ്ഞാപനമിറക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
കുറിഞ്ഞിമല സാങ്ച്വറി റിസോര്‍ട്ട്-റിയല്‍ എസ്‌റ്റേറ്റ് - തടി മാഫിയയുടെ കൂട്ടായ ശ്രമം മൂലം അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നാണ് ആരോപണം.
വന്‍കിട ഭൂമാഫിയകളുടേയും തടി ലോബികളുടേയും ഒത്താശയോടെ തദേശവാസികള്‍ ചെറുകിട കൃഷിക്കാരുടെ കൃഷിയിടങ്ങള്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തി എന്നാരോപിച്ച് സമരരംഗത്തിറങ്ങിയിരുന്നു. ഇതോടെ ഉദ്യാനത്തിനാവശ്യമായ സംരക്ഷണ മേഖല അളന്നു തിട്ടപ്പെടുത്തുവാനോ ഏറ്റെടുക്കുവാനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് അതിര്‍ത്തി പുനര്‍നിര്‍ണയിച്ച് 2009 ഓഗസ്റ്റ് 28 ന് പുതിയ ഗസറ്റ് വിജ്ഞാപനം ഇറക്കി നടപടികളുമായി മുന്നോട്ടുപോയി. പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാര്‍ തുടര്‍നടപടികളെടുക്കാന്‍ തയാറായില്ല.
വട്ടവട, കൊട്ടക്കാമ്പൂര്‍ വില്ലേജുകളിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള 32 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് കുറിഞ്ഞിമല സാങ്ച്വറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചോലവനങ്ങളും, പുല്‍മേടുകളും സമൃദ്ധമായ ഈ മേഖല 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ സ്വാഭാവിക സ്ഥാനമാണ്. വംശനാശഭീഷണി നേരിടുന്ന നീലക്കുറിഞ്ഞിക്ക് വിനോദ സഞ്ചാരികളില്‍ നിന്നും ഇതര മാനുഷിക ഇടപെടലുകളില്‍ നിന്നും വന്‍ തോതില്‍ നാശമുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഈ പ്രദേശം സാങ്ച്വറിയാക്കി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വംശനാശ ഭീഷണി നേരിടുന്ന വരയാട്, കാട്ടുപോത്ത്, ആന, കേഴ തുടങ്ങിയവയുടെ സംരക്ഷണവും ഇതിലൂടെ ലക്ഷ്യമിട്ടിരുന്നു. ഇരവികുളത്തും രാജമലയിലുമാണിപ്പോള്‍ നീലക്കുറിഞ്ഞികള്‍ ഒരു പരിധിവരെ സംരക്ഷിക്കപ്പെടുന്നത്. നീലക്കുറിഞ്ഞികള്‍ കൂട്ടത്തോടെ പൂവിടുന്ന വട്ടവടയിലും കൊട്ടക്കമ്പൂര്‍ മേഖലയിലും അത് സംരക്ഷിക്കപ്പെടണമെങ്കില്‍ ദേശീയോദ്യാന പ്രഖ്യാപനം യഥാര്‍ഥ്യമാക്കേണ്ടതുണ്ട്. സ്‌ട്രൊബിലാന്തസ് കുന്ത്യാനസ് എന്ന് ശാസ്ത്രനാമമുള്ള നീലക്കുറിഞ്ഞി 2006 ലാണ് വ്യാപകമായി പൂത്തതെന്നതിനാല്‍ ഇനി 2018 ലാണ് കുറിഞ്ഞിപൂക്കാലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."