അമിത കീടനാശിനി പ്രയോഗം: നഴ്‌സറി ഗാര്‍ഡന് പഞ്ചായത്തിന്റെ സ്റ്റോപ് മെമ്മോ
താമരശേരി: പൂനൂര്‍ ടൗണില്‍ ജനവാസ കേന്ദ്രത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഗ്രീന്‍വാലി ഗാര്‍ഡന്‍ നഴ്‌സറിക്ക് താമരശേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നോട്ടിസ് നല്‍കി. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇന്നലെ പഞ്ചായത്ത് അധികൃതര്‍ നേരിട്ടെത്തി നോട്ടിസ് നല്‍കുകയും ഉടമയോട് ഹാജരാവാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.
ചെടികളും തൈകളും ഉല്‍പാദിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനുമായി വലിയ ടെന്റ് കെട്ടിയാണ് ഇവിടെ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ചെടികള്‍ പെട്ടെന്ന് വളരാനും കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും വലിയ തോതില്‍ കീടനാശിനികള്‍ പ്രയോഗിക്കുന്നതായും ഇതു പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുന്നതായും ചൂണ്ടിക്കാണിച്ച് പരിസരവാസിയായ തെക്കേമണ്ണില്‍ മുഹമ്മദായിരുന്നു പരാതി നല്‍കിയിരുന്നത്.
നഴ്‌സറിയില്‍ നിന്നുള്ള ദുര്‍ഗന്ധവും മറ്റും കാരണം ശ്വാസതടസവും ഹൃദയ സംബന്ധമായ അസുഖവും പിടിപെട്ടതായും ചികിത്സ തേടേണ്ടി വന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. മുഹമ്മദിന്റെ വീട്ടിലെ കിണറിലേക്ക് മാലിന്യങ്ങള്‍ പരന്നൊഴുകിയതിനാല്‍ വെള്ളം മലിനപ്പെട്ടിരുന്നു.
കീടനാശിനി കലര്‍ന്ന വെള്ളം സമീപത്തെ പുഴയിലേക്ക് ഒഴുക്കുന്നതിനായി ഗാര്‍ഡനില്‍നിന്ന് പുഴയിലേക്കു രഹസ്യമായി ചാലുകള്‍ നിര്‍മിച്ചതായും ആരോപണമുണ്ട്. ഗാര്‍ഡനിലെ മൂലയിലുള്ള ചുറ്റുമതിലില്ലാത്ത കിണറ്റിലേക്കും മാലിന്യമടങ്ങിയ വെള്ളം എത്തിച്ചേരുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കിണറ്റിലേക്കു മലിനജലം എത്തിച്ചേരുന്നതിനായി ഗാര്‍ഡനിനകത്തുകൂടി പ്രത്യേക ഓവുചാലുകളും ഒരുക്കിയിട്ടുണ്ട്. കിണര്‍ പലകകള്‍ കൊണ്ട് മൂടിയ നിലയിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ഏതെങ്കിലും തരത്തിലുള്ള കീട നാശിനികള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നതു സംബന്ധിച്ച് പരിശോധന നടത്തുമെന്നും താമരശേരി പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."