ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പൂര്‍ണ സുരക്ഷാ നടപടികളുമായി കേരളം
തിരുവനന്തപുരം: വ്യാജ സന്ദേശത്തെത്തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പലായനം ചെയ്യുന്നതു തടയാന്‍ സുരക്ഷാ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. തൊഴിലാളികളുടെ ഭീതിയും ആശങ്കയും അകറ്റുന്നതിന് അവരെ നേരിട്ടു കണ്ട് പൊലിസ് ബോധവല്‍ക്കരണം നടത്തും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സും ആരോഗ്യ പരിരക്ഷയുമടക്കമുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ തൊഴില്‍ വകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുമുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികളുടെ ആശങ്കയകറ്റാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നടപടികള്‍ ആരംഭിച്ചു. എല്ലാ ജില്ലാ പൊലിസ് മേധാവികള്‍ക്കും ഇതുസംബന്ധിച്ച് ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ പൂര്‍ണ സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വ്യാജ പ്രചാരണം നടത്തി കേരളത്തെ തകര്‍ക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങളെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ഇതര സംസ്ഥാനങ്ങളിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സാമൂഹ്യ മാധ്യമത്തിലൂടെ വിഷലിപ്തമായ വ്യാജപ്രാചരണം നടത്തിയത് കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രങ്ങളാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഇവിടെ തൊഴില്‍ ചെയ്യാനെത്തുന്നവര്‍ നമ്മുടെ സഹോദരങ്ങളാണ്. ഇവിടെയുള്ളവര്‍ക്കുള്ള സുരക്ഷിതത്വം ആ സഹോദരങ്ങള്‍ക്കും ഉറപ്പാക്കിയിട്ടുണ്ട്.
നാടിനെ ഭിന്നിപ്പിക്കാനും തകര്‍ക്കാനും ശ്രമിക്കുന്ന ശക്തികളെ കൂട്ടായി നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളീയരായ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന തൊഴില്‍പരമായ എല്ലാ നിയമപരിരക്ഷയും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അവര്‍ കേരളം വിടുന്നെന്ന വ്യാജ പ്രചാരണത്തിന്റെ ഉറവിടം കണ്ടെണ്ടത്തി നിയമനടപടി സ്വീകരിക്കും. ദീപാവലി ആഘോഷിക്കാനാണ് ചിലര്‍ അവരുടെ നാടുകളിലേക്ക് പോയത്. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഇതര സംസ്ഥാന തൊഴിലാളികളെ കേരളത്തില്‍ കൊല്ലുന്നു എന്ന പ്രചാരണത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കണ്ടേണ്ടക്കാം.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ താമസ സൗകര്യം ഒരുക്കുന്നതിനായുള്ള അപ്നാ ഘര്‍ പദ്ധതി കഞ്ചിക്കോട്ട് പൂര്‍ത്തിയായി. 640 തൊഴിലാളികള്‍ക്ക് ഹോസ്റ്റല്‍ മാതൃകയില്‍ താമസസൗകര്യമൊരുക്കുന്ന പദ്ധതി അടുത്ത ജനുവരിയില്‍ അവര്‍ക്കു ലഭ്യമായിത്തുടങ്ങും. അടുത്ത ഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ പദ്ധതി നടപ്പാക്കും. ഇതിനു പിന്നാലെ മുഴുവന്‍ ജില്ലകളിലും പദ്ധതി നടപ്പാക്കും. എല്ലാ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും സൗജന്യ ഇന്‍ഷുറന്‍സും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുന്ന ആവാസ് പദ്ധതിയും നടപ്പാക്കും. പദ്ധതിയില്‍ എന്റോള്‍ ചെയ്യുന്നതോടെ മുഴുവന്‍ തൊഴിലാളികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ അടങ്ങുന്ന ഡാറ്റാ ബാങ്ക് രൂപീകരിക്കും. പദ്ധതിയില്‍ അംഗമാകുന്ന തൊഴിലാളികള്‍ക്ക് 15,000 രൂപയുടെ സൗജന്യ ചികിത്സയും രണ്ടണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും ലഭിക്കും. ജില്ലാ ലേബര്‍ ഓഫിസര്‍മാരുടെ ചുമതലയില്‍ ജില്ലകളില്‍ പദ്ധതി നടത്തിപ്പിനായി ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."