ലിംഗമാറ്റം: നാവികനെ ഇന്ത്യന്‍ നാവികസേന പുറത്താക്കി
ന്യൂഡല്‍ഹി: ലിംഗമാറ്റം വരുത്തിയ നാവികനെ ഇന്ത്യന്‍ നാവികസേന പുറത്താക്കി. സര്‍വിസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കാട്ടിയാണ് വിശാഖപട്ടണത്തെ ഇരുപത്തിയഞ്ചുകാരനായ മനീഷ് ഗിരി എന്ന നാവികനെ സേന പുറത്താക്കിയത്.
ഓഗസ്റ്റില്‍ ഇദ്ദേഹം മുംബൈയിലെ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി അവധിയെടുത്തിരുന്നു. ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ മനീഷ് ഗിരി, സാബി എന്ന പേര് സ്വീകരിച്ചു. വിശാഖപട്ടണത്തെ ഓഫിസിലായിരുന്നു മനീഷ്. ചട്ടങ്ങള്‍ ലംഘിച്ചതിന് മനീഷിനെ പുറത്താക്കുകയാണെന്ന് നാവിക സേന പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിലെ കമാന്‍ഡര്‍ സി.ജി രാജുവാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
ഏഴുവര്‍ഷം മുന്‍പാണ് മനീഷ് സേനയിലെത്തിയത്. നാലു വര്‍ഷമായി ഐ.എന്‍.എസ് അക്‌സിലയിലായിരുന്നു സേവനമനുഷ്ഠിച്ചത്. ഇന്ത്യന്‍ സേനയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സംഭവമാണ് മനീഷ് എന്ന സാബിയുടേത്. ലിംഗമാറ്റം പുറത്തറിഞ്ഞതോടെ മേലുദ്യോഗസ്ഥന്‍ തന്നെ മാനസികാരോഗ്യ കേന്ദ്രത്തിലെ പുരുഷന്മാരുടെ വാര്‍ഡില്‍ ആറുമാസത്തോളം നിര്‍ബന്ധിച്ച് ചികില്‍സിപ്പിച്ചു.
ഇക്കാലം തനിക്ക് ജയില്‍സമാന അനുഭവമാണ് സേനയില്‍ നിന്നുണ്ടായത്. തന്റെ അവകാശങ്ങളുടെ കടുത്ത ലംഘനമാണ് നടന്നിരിക്കുന്നതെന്നും നീതി കിട്ടും വരെ പോരാടുമെന്നും സാബി പറഞ്ഞു.
രാജ്യത്തെ മറ്റുള്ളവരെപ്പോലെ അവകാശങ്ങളുള്ള ആളാണ് താന്‍, അവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് എനിക്കും അര്‍ഹതയുണ്ട്. എനിക്ക് ഇപ്പോഴും ശത്രുവിനെ വെടി വച്ചിടാന്‍ പറ്റും, എന്റെ രാജ്യത്തെ സേവിക്കുന്നതിന് ഞാന്‍ ഇപ്പോഴും പ്രാപ്തയാണ്, എന്റെ അവകാശങ്ങള്‍ക്കായി പരമോന്നത കോടതി വരെ പോകാന്‍ ഞാന്‍ തയാറാണെന്ന് സാബി വ്യക്തമാക്കി.
ലിംഗമാറ്റം നടത്തിയവരെ സേനയില്‍ നിര്‍ത്തണമോ ഇല്ലയോ എന്നതുസംബന്ധിച്ച് വ്യക്തമായ നിയമങ്ങള്‍ ഇല്ല. ഈ സാഹചര്യത്തില്‍ ഇവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ കാത്തിരിക്കുകയാണെന്ന് ഒരു നേവല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം ലിംഗമാറ്റം വരുത്തിയവരെ സേനയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും ഇവരെ പ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് സര്‍വിസില്‍ നിന്ന് നീക്കിയതെന്നുമാണ് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."