കാനറികള്‍ പ്രീക്വാര്‍ട്ടറില്‍ ബ്രസീല്‍ 2-0 ഉത്തരകൊറിയ
കൊച്ചി: രണ്ടടിയില്‍ ഉത്തര കൊറിയയും കീഴടക്കി കാനറി പക്ഷികള്‍ പ്രീക്വാര്‍ട്ടറിലേക്ക് പറന്നു. 56 ാം മിനുട്ടില്‍ല്‍ ലിങ്കണും 61 ാം മിനുട്ടില്‍ പൗളീഞോയുമാണ് ബ്രസീലിനായി ഗോള്‍ നേടിയത്. സ്‌പെയിനിനെ 2-1 നും ഉത്തര കൊറിയയെ 2-0 നും തകര്‍ത്താണ് ബ്രസീല്‍ ഡി ഗ്രൂപ്പില്‍ നിന്നും പ്രീക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചത്. പ്രതിരോധത്തിന്റെ വലയില്‍ കുരുക്കി തടയിടാനുള്ള കൊറിയന്‍ പടയുടെ മോഹങ്ങള്‍ക്ക് മീതേയാണ് കാനറിക പക്ഷികള്‍ വിജയത്തിലേക്ക് പറന്നുയര്‍ന്നത്. വിജയ തുടര്‍ച്ച ലക്ഷ്യമിട്ടു ബ്രസീലും ജയിക്കാന്‍ മോഹിച്ചിറങ്ങിയ ഉത്തര കൊറിയയും ആദ്യ ഇലവനില്‍ മാറ്റം വരുത്തിയില്ല. കുറിയ പാസുകളുമായി അധിക സമയവും പന്ത് കൈവശം വച്ചു കൊറിയന്‍ ഗോള്‍മുഖത്തെ ആദ്യ പകുതിയില്‍ കാനറികള്‍ കടന്നാക്രമിച്ചു. വീണു കിട്ടിയ അവസരങ്ങളില്‍ ആക്രമിക്കാനിറങ്ങിയ കൊറിയന്‍ പട ഒന്നടങ്കം പിന്നോട്ടിറങ്ങി ബ്രസീലിനെ പ്രതിരോധിച്ചു. അലനും പൗളീഞ്ഞോയും മാര്‍ക്കസ് അന്റോണിയോയും കളിമെനഞ്ഞ് മഞ്ഞപ്പടക്കായി ആക്രമണം നയിച്ചു.
കാനറികളെ
കുരുക്കിലാക്കി ചോളിമ
കളി തുടങ്ങി ആദ്യ നിമിഷത്തില്‍ ബ്രസീല്‍ ഗോള്‍ മുഖത്തേക്ക് ഉത്തര കൊറിയന്‍ മുന്നേറ്റമായിരുന്നു. പന്തുമായി മുന്നോട്ടു കുതിച്ച കൊറിയന്‍ നായകന്‍ യുന്‍ മിന്‍നെ വീഴ്ത്തിയതിന് ലഭിച്ച അവസരം ഉത്തരകൊറിയക്ക് മുതലാക്കാനായില്ല. ഉയര്‍ന്നു വന്ന പന്തിന് ബോക്‌സില്‍ കെയ് താം തലവച്ചെങ്കിലും ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. കൊറിയന്‍ പടയുടെ മുന്നേറ്റം അവിടെ തീര്‍ന്നു. കൊച്ചി പിന്നെ കണ്ടത് കാനറികള്‍ കൊറിയന്‍ ഗോള്‍മുഖത്തേക്ക് ഇരച്ചു കയറുന്നതാണ്. ബെന്നര്‍ നല്‍കിയ പന്ത് പിടിച്ചെടുത്ത് കൊറിയന്‍ ബോക്‌സില്‍ കയറി ലിങ്കണ്‍ തൊടുത്ത വലങ്കാലന്‍ ഷോട്ട് കൊറിയന്‍ ഗോള്‍ കീപ്പര്‍ സിന്‍ തേ സോങ് രക്ഷപ്പെടുത്തി. ഏഴാം മിനുട്ടില്‍ അലനെ ഫൗള്‍ ചെയ്തു വീഴ്ത്തിയതിന് ബ്രസീലിന് അനുകൂലമായ ഫ്രീകിക്ക്.
അലന്‍ തൊടുത്ത ഫ്രീകിക്ക് കൊറിയന്‍ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. 11 ാം മിനുട്ടില്‍ ബ്രസീലിയന്‍ ഗോള്‍മുഖത്തേക്ക് വലത് പാര്‍ശ്വത്തിലൂടെ പന്തുമായി കൊറിയയുടെ നാം ഹയോക് കുതിച്ചെങ്കിലും ഓഫ് സൈഡ് വിളിച്ചു. 12 ാം മിനുട്ടില്‍ അലന്‍ നല്‍കിയ പന്ത് പിടിച്ചെടുത്ത് കൊറിയന്‍ ബോക്‌സില്‍ പ്രവേശിച്ച പൗളിഞ്ഞോ തൊടുത്ത വലംകാലന്‍ ബുള്ളറ്റ് ഷോട്ട് പോസ്റ്റില്‍ തൊട്ടുരുമ്മി പുറത്തേക്ക്. 17 ാം മിനുട്ടില്‍ കൊറിയന്‍ ഗോള്‍മുഖത്തേക്ക് അലനും വെസ്ലിയും നടത്തിയ മുന്നേറ്റവും ഫലം കണ്ടില്ല. 18 ാം മിനുട്ടില്‍ ല്‍ കൊറിയന്‍ ഗോള്‍ വല കാനറികള്‍ കുലുക്കുമെന്ന് ഗാലറികളില്‍ ആരാധക കൂട്ടം പ്രതീക്ഷിച്ച നിമിഷം. പൗളിഞ്ഞോയുടെ ഷോട്ട് കൊറിയന്‍ ഗോളിയുടെ കൈയില്‍ സുരക്ഷിതം.
നിറഞ്ഞാടി മഞ്ഞപ്പട
കൊറിയ ഒരുക്കിയ പ്രതിരോധ വല പൊട്ടിച്ചെറിഞ്ഞ് രണ്ടാം പകുതിയില്‍ കാനറികള്‍ കളം നിറഞ്ഞാടി. 49 ാം മിനുട്ടില്‍ കാനറികള്‍ക്ക് ലഭിച്ച അവസരം ബ്രെന്നര്‍ പാഴാക്കി. 51 ാം മിനുട്ടില്‍ ബോക്‌സിന് പുറത്തു നിന്ന് ബ്രെന്നര്‍ പായിച്ച ബുള്ളറ്റ് ഷോട്ട് കോര്‍ണറിന് വഴങ്ങിയാണ് കൊറിയന്‍ ഗോളി രക്ഷപ്പെടുത്തിയത്. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ ഒരുക്കി ഗോള്‍ ദാഹവുമായി കാനറികള്‍ പറന്നു കളിച്ചു. ഒടുവില്‍ ആദ്യ ഗോള്‍ പിറന്നു. 56 ാം മിനുട്ടില്‍ കൊറിയന്‍ ഗോളി സിന്‍ തേ സോങിന് ആദ്യമായി പിഴച്ചു. ബോക്‌സിന് പുറത്തു നിന്ന് വെവേഴ്‌സണ്‍ തൊടുത്ത ഫ്രീകിക്ക് പ്രതിരോധക്കോട്ടയില്‍ തട്ടി ഉയര്‍ന്നു പൊങ്ങി. മികച്ചെരു ഹെഡ്ഡറിലൂടെ ലിങ്കണ്‍ വലയിലേക്ക് എത്തിച്ചു. ഗാലറിയില്‍ ആരാധകക്കൂട്ടം ആര്‍ത്തിരമ്പി. സ്‌കോര്‍ 1-0. 61 ാം മിനുട്ടില്‍ വീണ്ടും കാനറികളുടെ ഗോള്‍ മേളം. ബോക്‌സിന്റെ ഇടതു ഭാഗത്തുനിന്ന് അലന്‍ കൈമാറിയ പാസ് പിടിച്ചെടുത്ത് മുന്നേറിയ ബ്രെന്നര്‍ പോസ്റ്റിന് മുന്നിലേക്ക് പന്ത് തട്ടിയിട്ടു. കാത്തു നിന്ന പൗളീഞ്ഞോയുടെ ഇടംകാലന്‍ ഷോട്ട് ഗോളിയെ നിഷ്പ്രഭനാക്കി വലയിലേക്ക്. സ്‌കോര്‍ 2-0.
ഗാലറിയില്‍ ആരവത്തിന്റെ മെക്‌സിക്കന്‍ തിമാലകളുയര്‍ന്നു. രണ്ട് ഗോളിന് പിന്നിലായതോടെ തിരിച്ചടിക്കാന്‍ കൊറിയ വീറും വാശിയും പുറത്തെടുത്തു. തുടരെ ബ്രസീല്‍ പ്രതിരോധത്തെ പരീക്ഷിക്കാന്‍ കൊറിയന്‍ പട ശ്രമിച്ചു. ഗോള്‍ മാത്രം പിറന്നില്ല. 78 ാം മിനുറ്റില്‍ ലിങ്കന്റെ മറ്റൊരു ഷോട്ടും കൊറിയന്‍ ഗോളി രക്ഷപ്പെടുത്തി. 81 ാം മിനുറ്റില്‍ ബ്രസീല്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെട്ടു. ബോക്‌സിന് പുറത്തു നിന്ന് ലഭിച്ച ഫ്രീക്വിക്ക് എടുത്തത് കൊറിയന്‍ നായകന്‍ യുന്‍ മിന്‍. ബ്രസീലിയന്‍ പ്രതിരോധത്തെ മറികടന്നെത്തിയ പന്ത് മുഴുനീളെ പറന്നു ഗോളി ഗബ്രിയേല്‍ ബ്രാസോ കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. രണ്ട് മിനുട്ടിന് ശേഷം കിം പോം ഹ്യോകിന്റെ ഷോട്ടിനും ബ്രസീല്‍ ഗോളിയെ കീഴടക്കാനായില്ല. 84 ാം മിനുട്ടില്‍ ലഭിച്ച അവസരവും ലിങ്കണ് മുതലാക്കാനായില്ല. അവസാന മിനുട്ടിലും ബ്രസീലും കൊറിയയും മികച്ച ചില മുന്നേറ്റങ്ങളുമായി നിറഞ്ഞാടിയെങ്കിലും ഗോളുകള്‍ പിറന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."