'ബേഠി ബച്ചാവോ ബേഠി പഠാവോ' പദ്ധതി പോസ്റ്ററില്‍ വിഘടനവാദി നേതാവിന്റെ ചിത്രവും
ശ്രീനഗര്‍: ശിശുവികസനത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 'ബേഠി ബച്ചാവോ ബേഠി പഠാവോ' പദ്ധതിയുടെ പോസ്റ്ററില്‍ വിഘടനവാദി നേതാവായ ആസിയാ ആന്ദ്രാബിയുടെ ചിത്രം.
ജീവിതംകൊണ്ട് മാതൃക കാട്ടിയവരുടെയും ഉന്നത നേട്ടം കൈവരിച്ചവരുടെയും ചിത്രങ്ങള്‍ പതിച്ച പോസ്റ്ററിലാണ് ആസിയ ആന്ദ്രാബിയുടെ ചിത്രവും നല്‍കിയത്. അനന്ദ് നാഗ് ജില്ലയിലെ ബ്രെങില്‍ സ്ഥാപിച്ച പോസ്റ്ററിലാണ് വിഘടന വാദി നേതാവിന്റെ ചിത്രവും പതിച്ചത്. സംഭവത്തെ തുടര്‍ന്ന് അനന്ദ്‌നാഗ് ശിശുവികസന പ്രോജക്ട് ഓഫിസറെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി, മദര്‍ തെരേസ, ഗായിക ലതാ മങ്കേഷ്‌കര്‍, കല്‍പന ചൗള, ടെന്നിസ് താരം സാനിയ മിര്‍സ, പുതുച്ചേരി ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദി, കശ്മിര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി തുടങ്ങിയവരുടെ ചിത്രങ്ങള്‍ പതിച്ച പോസ്റ്ററിലാണ് ദുക്തറാന്‍ മില്ലത്ത് എന്ന വിഘടനവാദി സംഘടനയുടെ നേതാവായ ആന്ദ്രാബിയുടെ ചിത്രവും നല്‍കിയത്.
ഇതേതുടര്‍ന്ന് പ്രൊജക്ട് ഓഫിസര്‍ ഷമീമയെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് അനന്ത്‌നാഗ് ഡെപ്യൂട്ടി കമ്മിഷണര്‍ മുഹമ്മദ് യൂനുസ് അറിയിച്ചു.
പാകിസ്താന്റെ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 14നും റിപ്പബ്ലിക് ദിനമായ മാര്‍ച്ച് 23നും കശ്മിരില്‍ പാക് പതാക ഉയര്‍ത്തിയതടക്കം നിരവധി കേസുകള്‍ ആന്ദ്രാബിയുടെ പേരിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."