ആരോഗ്യ രംഗത്ത് കേരളം രാജ്യത്തിന് മാതൃക യോഗിയെ തള്ളി മഹാരാഷ്ട്ര മന്ത്രി
കോഴിക്കോട്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സംസ്ഥാനത്തിനെതിരായുള്ള വിമര്‍ശനത്തെ തള്ളി മഹാരാഷ്ട്ര ആരോഗ്യ മന്ത്രിയും ശിവസേന നേതാവുമായ ഡോ. ദീപക് സാവന്ത്. ആരോഗ്യ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ആരോഗ്യമേഖലയെക്കുറിച്ച് പഠിക്കാനാണ് മന്ത്രിയും സംഘവും കോഴിക്കോട്ട് എത്തിയത്. ശിശുമരണ നിരക്ക് കുറയ്ക്കുന്നതില്‍ എന്ത് സംവിധാനമാണ് ഇവിടെ നടപ്പിലാക്കിയതെന്ന് മനസിലാക്കാനാണ് കോട്ടപ്പറമ്പ് ആശുപത്രിയില്‍ എത്തിയതെന്ന് മന്ത്രി പറഞ്ഞു.
കേരളം നല്ല ഉദാഹരണമാണ്. എല്ലാവരും ഇത് കണ്ട് പഠിക്കണം. നല്ലത് എവിടെയായാലും എല്ലാ സംസ്ഥാനങ്ങളും പാഠമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട്ടുള്ള മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍ കൂടി സന്ദര്‍ശിച്ച ശേഷമാണ് ഡോ.ദീപക് സാവന്ത് മടങ്ങുക.
നേരത്തേ കുമ്മനത്തിന്റെ ജനരക്ഷാ യാത്രയുടെ ഭാഗമായി കേരളത്തിലെത്തിയ യോഗി ആദിത്യനാഥ് ആശുപത്രികളുടെ കാര്യത്തില്‍ കേരളം ഉത്തര്‍പ്രദേശിനെ കണ്ടുപഠിക്കണമെന്ന് നടത്തിയ പ്രസ്താവന വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."