ബേപ്പൂര്‍ ബോട്ടപകടം: ഒരാളുടെ മൃതദേഹം പുറത്തെടുത്തു
കോഴിക്കോട്: ബേപ്പൂരില്‍ കപ്പലിടിച്ച് തകര്‍ന്ന ബോട്ടിനുള്ളില്‍ കുടുങ്ങിയ ഒരാളുടെ മൃതദേഹം പുറത്തെടുത്തു. നാലു പേരെയാണ് അപകടത്തില്‍പ്പെട്ട് ഇന്നലെ കാണാതായത്. ഇതില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ ഇന്നു രാവിലെ കണ്ടെത്തിയിരുന്നു. എന്നാല്‍ മൃതദേഹങ്ങള്‍ ബോട്ടിനുള്ളില്‍ നിന്ന് പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.
കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് ഇന്നലെ മുതല്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. അതിനിടെയാണ് ഒരാളുടെ മൃതദേഹം പുറത്തെടുത്തത്.
തമിഴ്‌നാട് കൊളച്ചല്‍ സ്വദേശികളായ ആന്റോ (39),രമ്യാസ് (50),തിരുവനന്തപുരം സ്വദേശികളായ ജോണ്‍സണ്‍ (19),പ്രിന്‍സ് (20) എന്നിവരാണ് അപകടത്തില്‍ കാണാതായത്. ഇതില്‍ രണ്ടു പേരുടെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. ഇതില്‍പ്പെട്ട ഒരാളുടെ മൃതദേഹമാണ് ഇപ്പോള്‍ പുറത്തെടുത്തത്. എന്നാല്‍ ഇത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
കൊച്ചിയില്‍ നിന്നു മത്സ്യ ബന്ധനത്തിന് പോയ ഇമ്മാനുവല്‍ എന്ന മത്സ്യബന്ധന ബോട്ടാണ് കോഴിക്കോട് ബേപ്പൂരില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ കപ്പലിടിച്ചു തകര്‍ന്നത്. ഇതിലുണ്ടായിരുന്ന ആറു മത്സ്യത്തൊഴിലാളികളില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. നാഗര്‍കോവില്‍ സ്വദേശികളായ കാര്‍ത്തിക്(21), സേവ്യര്‍ (58) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
തിരുവനന്തപുരം സ്വദേശികളായ ബോട്ടുടമ ആന്റോ, പ്രിന്‍സ്, ജോണ്‍സ്, രമ്യാസ് എന്നിവര്‍ക്കായുള്ള തിരച്ചില്‍ തീരസംരക്ഷണ, നാവികസേനകള്‍ തുടരുകയാണ്. ഇടിച്ച കപ്പലിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ബുധനാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. ചൊവ്വാഴ്ച്ച രാവിലെ എട്ടിനാണ് ഇവര്‍ കൊച്ചിയില്‍ നിന്നു പുറപ്പെട്ടത്. ബോട്ട് അപകടത്തില്‍ പെട്ടതോടെ 20 മണിക്കൂറോളം കടലില്‍ നീന്തുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരികികുകയാണ്.
ഇന്നലെ രാവിലെ പത്തരയോടെയാണ് ബോട്ട് അപകടത്തില്‍പെട്ട വിവരം കോസ്റ്റ്ഗാര്‍ഡിന്റെ കൊച്ചി കേന്ദ്രത്തില്‍ നിന്ന് ബേപ്പൂര്‍ കോസ്റ്റ്ഗാര്‍ഡ് ആസ്ഥാനത്ത് ലഭിക്കുന്നത്. തീരസംരക്ഷണ സേനയുടെ കൊച്ചിയില്‍ നിന്നുള്ള ഡോണിയര്‍ എയര്‍ക്രാഫ്റ്റ് പതിവ് പരിശോധന പറക്കലിനിടെയാണ് ബോട്ട് തകര്‍ന്നത് കണ്ടത്. സമീപത്ത് മത്സ്യബന്ധനത്തിലേര്‍പ്പെട്ട ബോട്ടിലെ ജീവനക്കാരാണ് മൂന്നുപേരെ രക്ഷപ്പെടുത്തിയത്.
രാവിലെ വിവരമറിഞ്ഞയുടന്‍ ബേപ്പൂര്‍ കോസ്റ്റ്ഗാര്‍ഡ് ആസ്ഥാനത്ത് നിന്ന് സി.404 രക്ഷാബോട്ട് ഡെപ്യൂട്ടി കമാന്‍ഡന്റ് വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം സേനാംഗങ്ങളുമായി സംഭവ സ്ഥലത്തേക്ക് കുതിച്ചു. ഇവരാണ് രാത്രി പത്തോടെ രക്ഷപ്പെട്ട തൊഴിലാളികളെ ബേപ്പൂര്‍ തുറമുഖത്തെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."