വര്‍ത്തമാനത്തിലെ കുത്തിവയ്പ്പും ചരിത്രത്തിലെ കത്തിവയ്പ്പും
പണ്ടാറം, പണ്ടാറമടങ്ങുക തുടങ്ങിയ വാക്കുകളുടെ പിന്നാമ്പുറം എപ്പോഴെങ്കിലും തിരഞ്ഞുനോക്കിയിട്ടുണ്ടോ..? വസൂരി കൂട്ടമരണം വിതച്ച ഒരു കാലത്തിന്റെ ഓര്‍മ പോലും നമുക്കിന്നില്ല. പക്ഷേ, ആ ദുരിതനാളുകള്‍ ബാക്കിവച്ചവയാണ് ആ വാക്കുകള്‍. നമ്മുടെ സാഹിത്യത്തില്‍ ആ കാലത്തിന്റെ പകര്‍പ്പുകള്‍ ഇപ്പോഴും പൊട്ടിയൊഴുകുന്ന കുരുവും ചലവുമായി ബാക്കിയുണ്ട്. കാക്കനാടന്‍ വസൂരി എന്നൊരു നോവലു തന്നെ ആ കാലത്തെ പകര്‍ത്തിയെഴുതിയിട്ടുണ്ട്: ''അവള്‍ ഗ്രാമത്തില്‍ അലഞ്ഞുനടന്നു. അവളുടെ കൈകളില്‍ മരണമുണ്ടായിരുന്നു. അവള്‍ മരണം വിതച്ചു. അവള്‍ ദേവതയെ പോലെ പെരുമാറി. അവളുടെ നൃത്തത്തിന്റെ ചിലമ്പൊലി മുഷ്യരെ ഭയപ്പെടുത്തി. അവള്‍ക്കു ജീവന്‍ എടുത്തുകളയാനുള്ള അധികാരമുണ്ടായിരുന്നു. അവള്‍ മനുഷ്യരില്‍നിന്നു നന്മയെ എടുത്തുകളഞ്ഞു. സ്‌നേഹവും അനുകമ്പയും എടുത്തുമാറ്റി. അവള്‍ മനുഷ്യരില്‍നിന്ന് അറിവ് എടുത്തുകളഞ്ഞ് അവരെ അജ്ഞരാക്കി.''
ജീവിതത്തെ ശവപ്പറമ്പാക്കി മാറ്റുന്ന വസൂരി പോലുള്ള മഹാമാരികളെ തുരത്താനായതിന്റെ ആശ്വാസം നിറഞ്ഞതാണു ചരിത്രത്തിന്റെ ആളപായം നിറഞ്ഞ വഴികള്‍. പകര്‍ച്ചവ്യാധികള്‍ക്കെതിരേയുള്ള രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഒരു സമാന്തരചരിത്രം മനുഷ്യ ചരിത്രത്തിനും ആരോഗ്യ പരിപാലനത്തിന്റെ ചരിത്രത്തിനുമൊപ്പം സഞ്ചരിക്കുന്നുണ്ട്.
മനുഷ്യരുടെ സഹവാസത്തിനിടെ പടരുകയും ദിനേനെ നൂറുകണക്കിനാളുകളെ കൊന്നൊടുക്കുകയും അന്ധതയും വൈരൂപ്യവും ബാക്കിവയ്ക്കുകയും ചെയ്യുന്ന വ്യാധികളായിരുന്നു അന്നാളുകളില്‍ മനുഷ്യരുടെ പേടിസ്വപ്നം. രോഗബാധിതരെ കൈയൊഴിയുകയും അവര്‍ വ്രണപ്പെട്ടും നരകിച്ചും മരിക്കുകയുമായിരുന്നു സ്ഥിതി. നമ്മുടെ സാഹിത്യകൃതികളിലാകെ വസൂരിയുടെ ഈ മരണവിതയുടെ വിളവെടുപ്പുണ്ട്. ഖസാക്കിലെ രവിയടക്കം വസൂരി സഹിച്ചിരിക്കുന്നു. രോഗബാധിതരുടെ സഹവാസം മാത്രമല്ല, ശ്വാസം പോലും രോഗത്തിന്റെ പകര്‍ച്ചയ്ക്കു മതിയായിരുന്നു. വസൂരി വന്നവരെ ആ കാലത്തു വാഴയിലയില്‍ മരുന്നുനെയ് പുരട്ടി അതിലാണു കിടത്തിയിരുന്നത്. ശരീരത്തില്‍ വന്നിരിക്കുന്ന ഒരു പ്രാണിയുടെ ചിറകുകളില്‍ പോലും പഴുത്തഴുകിയ മാംസവും തൊലിയും പറ്റിപ്പിടിക്കും.
ബൈബിളിലെ ഇയ്യോബിന്റെ പുസ്തകത്തിലെ പോലെ ഭൂമിക്കു മുകളിലെ നരകയാതനകളുടെ ദൃശ്യങ്ങളാണ് ആ കാലത്തെ പ്രതിയുള്ള രചനകളില്‍ നമുക്കു കിട്ടുന്നത്. പരിപാലിക്കാന്‍ ഉറ്റവരോ ചികിത്സിക്കാന്‍ വൈദ്യന്മാരോ മരുന്നുകളോ ഇല്ല. മരണത്തിനു കൊടുത്തേക്കുക. ഇങ്ങനെ ആളുകളെ തള്ളിയ പുരകള്‍ക്കാണു പണ്ടാരപ്പുര എന്നു പറഞ്ഞിരുന്നത്. മൃതരെയും മൃതപ്രായരെയും കൂട്ടിയിട്ടുകത്തിച്ചു കളയുന്നതും അക്കാലത്തു നടന്നു. വസൂരിക്കു കീഴടങ്ങിയ ഉറ്റവരെയും ഉടയവരെയും പണ്ടാരപ്പുരകളിലേക്കു മാറ്റി. മരണപ്പെട്ടോ തീകൊളുത്തപ്പെട്ടോ അവരവിടെ അടങ്ങി. അതായിരുന്നു പണ്ടാരമടങ്ങല്‍. വസൂരി വന്നു മരിച്ചവരുടെ കല്ലറകളെ പണ്ടാറക്കെട്ടെന്നും മൃതദേഹം അടക്കം ചെയ്യുന്നതിനെ പണ്ടാറമടക്കുക എന്നിങ്ങനെയും വാക്കുകള്‍ ഉണ്ടായി. വിജനമായ കുന്നിനു താഴെക്കൂടെ ചൂട്ടുവെളിച്ചത്തില്‍ ആളുകള്‍ പോകുന്ന കാഴ്ച പോലും ആ കാലത്തെ രാത്രികളെ നടുക്കി. എം.ടിയുടെ പല കൃതികളില്‍ ആ കാലമുണ്ട്. ആ കാലവും വസൂരിയും നാടുവിട്ടെങ്കിലും പണ്ടാറവും പണ്ടാറമടക്കലും നമുക്കൊപ്പം ഇന്നുമുണ്ട്.
ഉദാഹരണം ഇപ്പോഴത്തെ കുത്തിവയ്പ്പിനോടുള്ള കുത്തിക്കഴപ്പുകള്‍ തന്നെ. വല്ലാത്തൊരു പണ്ടാറമായിരിക്കുന്നൂ ഈ വിവാദങ്ങള്‍ നമ്മുടെ സാമൂഹികപരിസരങ്ങളില്‍. മനുഷ്യര്‍ വാക്‌സിനേഷന്‍ കണ്ടെത്തുന്നതുതന്നെ വസൂരിക്കെതിരേയാണ്. ഭൂമുഖത്തുനിന്നു തുടച്ചുമാറ്റിയ ആദ്യത്തെ പകര്‍ച്ചവ്യാധിയാണു വസൂരിയും. മനുഷ്യരെ കൂട്ടത്തോടെ കൊന്നൊടുക്കിയ രോഗവിപത്തുകളെ ചെറുക്കുന്നതിനു മനുഷ്യര്‍ സാധിച്ച കൂട്ടായ യത്‌നങ്ങളുടെ ഫലവും ഫലപ്രാപ്തിയും അറിയാന്‍ നേരത്തെ പറഞ്ഞ കൂട്ടം കൃതികളുടെ വായന നന്ന്.
നേരെ സോഷ്യല്‍ മീഡിയയിലേക്കും വാട്ട്‌സാപ്പിലേക്കും പിറന്നുവീഴുന്നവരുടെ മുന്‍പാകെ ആ ദുരിതകാലത്തിന്റെ ഒരവശിഷ്ടവും ബാക്കിവയ്ക്കാതെയാണു പൊതുജനാരോഗ്യം രോഗമുക്തി നേടിയത്. ചരിത്രകൃതികളില്‍നിന്നല്ല, സാഹിത്യത്തില്‍നിന്നാണു മനുഷ്യരുടെ ജീവിതത്തിന്റെ വിശദാംശങ്ങളോടെയുള്ള വിവരണം ലഭിക്കുക. ചരിത്രം നാള്‍വഴിയും പടപാച്ചിലുകളില്‍ തോറ്റവരുടെയും ജയിച്ചവരുടെയും പേരും കണക്കും സൂക്ഷിക്കുമ്പോള്‍ സാഹിത്യമാണു മനുഷ്യരുടെ ജീവിതത്തിന്റെ ദൃസാക്ഷി വിവരണങ്ങള്‍ കാലത്തിനു കൈമാറുക. രോഗങ്ങള്‍ പ്രജ്ഞയെയും പ്രതിഭയെയും ഭാവനയെയും ഉയിര്‍പ്പിച്ചതിന്റെ ഫലമാണു നമ്മുടെ സാഹിത്യകൃതികളും നാം നേടിയ രോഗ പ്രതിരോധശേഷികളും എന്നു പറയാം. മനുഷ്യരെ പേടിപ്പിച്ചു കീഴടക്കി കൊന്നുകളയുന്ന രോഗങ്ങളെ എങ്ങനെ തുരത്താമെന്ന അന്വേഷണങ്ങളുടെ ഫലമാണു വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ച എന്നര്‍ഥം.
പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കെതിരേ പല നിലകളിലുള്ള പ്രചാരണമാണു നാട്ടില്‍ നടക്കുന്നത്.
വിശ്വസിക്കാനും സംശയിക്കാനുമുള്ള മനുഷ്യരുടെ ശേഷിയെ ദുരുപയോഗം ചെയ്യുന്ന സംഘങ്ങള്‍ ഇതിനു ചുക്കാന്‍പിടിക്കുന്നു. ഗൂഢാലോചനാ സിദ്ധാന്തങ്ങളും മതസമൂഹങ്ങളെ കൈയിലെടുക്കുന്ന ആശയാര്‍ബുദങ്ങളും കൊണ്ട് ജനങ്ങളെ തമ്മിലടിപ്പിക്കുന്ന കാഴ്ച. അതിനിടെ ഉദ്ദിഷ്ടലക്ഷ്യങ്ങള്‍ ചുളുവില്‍ സാധിക്കുന്ന നിക്ഷിപ്തതാല്‍പര്യക്കാരായ മാധ്യമങ്ങളുടെയും മധ്യവര്‍ത്തികളുടെയും മുതലെടുപ്പ്. രോഗത്തെക്കാള്‍ ഭീകരമായ സാമൂഹികരോഗം വിതക്കുന്ന വിവാദമായിരിക്കുന്നു ഇപ്പോള്‍ കുത്തിവയ്പ്പും അതിനെ പ്രതിയുള്ള കുത്തിത്തിരിപ്പുകളും. നാട്ടിലിപ്പോള്‍ അരങ്ങേറുന്ന ഏതു വിവാദത്തിലുമെന്ന പോലെ ഇതിലും മനുഷ്യത്വത്തിന്റെയും മാനസികാരോഗ്യത്തിന്റെയും എതിര്‍ചേരിയിലേക്ക് മുസ്‌ലിംകളെയും അവരുടെ മതത്തെയും മാറ്റിക്കെട്ടാനുള്ള ഉപായങ്ങളും മുറക്കു പ്രയോഗിക്കപ്പെടുന്നു. മുസ്‌ലിംകളുടെ ഭാഗത്തുനിന്നു മനുഷ്യത്വവിരുദ്ധവും സങ്കുചിതവുമായ നയപരിപാടികളേ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്ന ദുര്‍ബോധനം ഏറ്റെടുത്തുനടത്തുന്നവര്‍ക്ക് ഒരു പുതിയ വേദി കൂടി ലഭിച്ചു.
പ്രതിരോധ കുത്തിവയ്പ്പുവിരോധവും ഒരു മുസ്‌ലിം പ്രശ്‌നമായാണ് അവതരിപ്പിക്കപ്പെടുന്നത്. ഒട്ടേറെ വാട്ട്‌സാപ്പ് സന്ദേശങ്ങളില്‍ അതു കേട്ടറിയാനായി. ഉറവിടമില്ലാത്ത വിശദീകരണങ്ങളും എതിര്‍ വിശദീകരണങ്ങളും. അതിനെ ഹസ്തദാനം ചെയ്തും ആലിംഗനം ചെയ്തും ഏറ്റുപിടിക്കാന്‍ കുറേ മുസ്‌ലിം സുഹൃത്തുക്കളും. ലോകത്തിന്റെ ആരോഗ്യകരമായ പുരോഗതിയിലും പരിവര്‍ത്തനത്തിലും ഇസ്‌ലാം വഹിച്ചിട്ടുള്ള പങ്ക് തിരിച്ചറിയപ്പെടാതിരിക്കാന്‍ വേണ്ട പ്രചാരണയന്ത്രങ്ങള്‍ രാപ്പകല്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരു കാലത്ത് അതിനെ വെറും സാമ്പ്രദായിക മതവൃത്തം തന്നെയാക്കി ചുരുക്കാന്‍ തങ്ങളാലാകുന്നതു ചെയ്യുകയാണിവരും; അറിഞ്ഞും അറിയാതെയും എന്നു പറയാതെ വയ്യ.
മതവും ചിന്തയും ജീവിതരീതിയുമെന്ന നിലക്കു മനുഷ്യരുടെ അധസ്ഥിതിയിലാണോ ഇസ്‌ലാമിനു താല്‍പര്യം..? പ്രതിരോധ കുത്തിവയ്പ്പുകളുടെ ചരിത്രത്തില്‍നിന്നു തന്നെ ഈ ചോദ്യത്തിന് ഒരുത്തരം ലഭിക്കും. നമുക്കതൊന്നു പരിശോധിക്കാം. വസൂരി നിര്‍മാര്‍ജനത്തിന്റെ ചരിത്രം തന്നെ നോക്കാം. ക്രിസ്തുവിനും 1350 കൊല്ലം മുന്‍പേ വസൂരി ഉണ്ടെന്നാണു ചരിത്രം. ഇന്നിപ്പോള്‍ അറിയപ്പെട്ട വൈദ്യശാസ്ത്രം പ്രകാരം പതിനെട്ടാം നൂറ്റാണ്ടില്‍ എഡ്വാര്‍ഡ് ജെന്നെര്‍ ആദ്യമായി വാക്‌സിനേഷനുള്ള മരുന്നു കണ്ടെത്തി. കറവക്കാരികളില്‍ വസൂരിയെ തടുക്കുന്ന പ്രതിരോധശക്തി ഉണ്ടെന്നു കണ്ട ജെന്നെര്‍ നടത്തിയ പരീക്ഷണങ്ങള്‍, കൗ പോക്‌സ് വൈറസ് അടങ്ങിയ പശുവിന്റെ സിറം വാക്‌സിന്‍ സ്വന്തം മകനില്‍ പരീക്ഷിച്ചു വിജയിച്ചതൊക്കെ ആ മെഡിക്കല്‍ ചരിത്രത്തിലുണ്ട്.
1749ല്‍ ജനിച്ച് 1823ല്‍ മരിച്ചയാളാണ് ജെന്നര്‍. അതിനും മുന്‍പേ, വസൂരിക്കെതിരേ ദേശവ്യാപകമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓട്ടോമന്‍ തുര്‍ക്കിയില്‍ നടന്നിരുന്നു എന്നുമുണ്ടു ചരിത്രത്തില്‍. ലേഡി മേരി മൊണ്ടാഗുവിന്റെ ജീവിതവും അവരെഴുതിയ യാത്രാകുറിപ്പുകളും കത്തുകളുമാണ് ഈ ചരിത്രവസ്തുതയെ ബലപ്പെടുത്തുന്നത്. 1716 മുതല്‍ അവര്‍ തുര്‍ക്കിയുടെ അന്നത്തെ സിരാകേന്ദ്രമായ ഇസ്തംബൂളില്‍ താമസിച്ചിരുന്നു. അവരുടെ ഭര്‍ത്താവ് ബ്രിട്ടന്റെ തുര്‍ക്കിയിലേക്കുള്ള സ്ഥാനപതിയായിരുന്നു. തുര്‍ക്കിയില്‍ പ്രചാരത്തിലുള്ള വസൂരി രോഗനിവാരണ രീതികള്‍ ബ്രിട്ടനില്‍ നടപ്പാക്കുന്നതിനെ കുറിച്ചാണ് അവരുടെ കത്തുകള്‍. ചരിത്രം ഇങ്ങനെയുമുണ്ട്. 1790ല്‍ യൂറോപ്പ് വാക്‌സിനേഷനിലേക്കു ചുവടുവയ്ക്കും മുന്‍പേ ഏഷ്യന്‍ സമൂഹങ്ങളിലും ആഫ്രിക്കയിലും ചൈനയിലുമൊക്കെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പല സമ്പ്രദായങ്ങള്‍ നിലനിന്നിരുന്നു. അവയെ സ്വാംശീകരിച്ചും ആ ജ്ഞാനങ്ങളെ കൈമാറ്റം ചെയ്തുമാണു സഹസ്രാബ്ദങ്ങള്‍ ഇസ്‌ലാമിക സമൂഹം മാനവികതയുടെ ശോഭനചിത്രങ്ങള്‍ മനുഷ്യചരിത്രത്തില്‍ തുന്നിപ്പിടിപ്പിച്ചതും.
ആധുനികമായ മനുഷ്യചരിത്രത്തിലെ ഒരു കത്തിവയ്പ്പിലേക്കാണു നമ്മെ ഇതു കൊണ്ടുപോകുന്നത്. നമ്മുടെ സര്‍ദാര്‍ കെ.എം പണിക്കരെ പോലുള്ളവര്‍ 1953ലും (Asia and Western Dominance) എഡ്വേഡ് സൈദിനെ പോലുള്ളവര്‍ 1978ലും (Orientalism) ഗ്രന്ഥമെഴുതി തന്നെ വിശദമാക്കിയ, യൂറോപ്പ് നടത്തിയ മാനുഷചരിത്രത്തിന്റെ തലതിരിച്ചിടല്‍. യൂറോപ്പിന്റെ ഭാഷയുടെയും സംസ്‌കാരത്തിന്റെയും പ്രഭവം പൗരസ്ത്യലോകമാണ്, പ്രതിയോഗിയും എന്ന് സൈദ് അതിനെ ചുരുക്കിപ്പറഞ്ഞു.
1095ല്‍ ആരംഭിച്ച് 1291ല്‍ അവസാനിച്ച കുരിശുയുദ്ധങ്ങളില്‍ കാണാതെപോയ ലക്ഷ്യം സാധിച്ചുകൊണ്ട് പൗരസ്ത്യലോകത്തെ യൂറോപ്പ് സാംസ്‌കാരികമായി വിഴുങ്ങുകയുണ്ടായി. രാഷ്ട്രീയ ആധിപത്യത്തെക്കാള്‍ വിജ്ഞാനത്തിലും ചരിത്രത്തിലുമുള്ള ആധിപത്യ സ്ഥാപനത്തിലൂടെയായിരുന്നു അത്. പല ലക്ഷ്യങ്ങളുള്ള പ്രവൃത്തിയായിരുന്നു അത്. മനുഷ്യചരിത്രത്തിന്റെ ഒരു പുനക്രമീകരണമായിരുന്നു അതിലൊന്ന്. യൂറോപ്പിന്റെ വംശമഹിമയെ ബൗദ്ധികവിശ്വാസ്യതയുള്ള സിദ്ധാന്തമായി അവതരിപ്പിച്ചുകൊണ്ട് കിഴക്കിനെ പ്രതിയും പടിഞ്ഞാറിനെ നായകനുമാക്കിയുള്ള ചരിത്രത്തിന്റെ അവതരണമായിരുന്നു അത്. ഇന്ത്യയെ യൂറോപ്പിന്റെ ഒരു വൈദേശിക മുന്‍ഗാമിയാക്കി അവതരിപ്പിച്ചുകൊണ്ട് ആര്യ വംശമഹിമയെ സ്ഥാപിക്കുകയും ഈജിപ്തിലും ഇറാഖിലും പൗരസ്ത്യലോകങ്ങളിലും വളര്‍ന്ന മനുഷ്യസംസ്‌കാര തടങ്ങളെ പൂഴ്ത്തിയതുമടക്കമുള്ള ചരിത്രത്തിന്റെ കീഴ്മറിയലായിരുന്നു ഫലം. ഭഗവത്ഗീതയ്ക്ക് ഇന്ത്യയിലില്ലാത്ത പ്രാമാണികത യൂറോപ്പില്‍ കിട്ടുന്നത്, നാസി ജര്‍മനിയില്‍ ആര്യ വംശമഹിമ ചര്‍ച്ചചെയ്യുന്ന ലോക സമ്മേളനം നടന്നത് എന്നിങ്ങനെ ഒട്ടേറെ രാഷ്ട്രീയവിവക്ഷകളുള്ള സംഭവപരമ്പരകള്‍. മനുഷ്യചരിത്രത്തെ പറ്റി അറിഞ്ഞിരുന്നതെല്ലാം ഒരു കാലത്ത് ഏഷ്യകേന്ദ്രിതമായിരുന്നു. അതു മുഴുവന്‍ യൂറോകേന്ദ്രിതമായി മാറുന്നതാണു ലോകം കാണുന്നത്. ഇതിലേറ്റവും പരുക്കുകളേറ്റതും വിസ്മൃതമായതും മധ്യകാല ഇസ്‌ലാമിക ലോകമായിരുന്നു. ചരിത്രത്തില്‍ ഇബ്‌നു ഖല്‍ദൂനും വൈദ്യശാസ്ത്രത്തില്‍ റാസിയും ഇബ്‌നു സീനയും ഇബ്‌നു സുഹ്‌റും അല്‍ സഹ്‌റാവിയും ഇല്ലാത്ത ഒരു ലോകം അങ്ങനെയാണു രേഖയായത്. ഇവയെല്ലാം പരസ്പരം പൂരിപ്പിക്കുന്ന കുറേ പറ്റുവകകളുണ്ട്, എതിര്‍ചരിത്രം സ്ഥിരീകരിക്കുന്ന വസ്തുതകളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."