മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി സംസ്ഥാന കണ്‍വന്‍ഷന്‍ നാളെ
കൊച്ചി: കേരള മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി സംസ്ഥാന കണ്‍വന്‍ഷന്‍ നാളെ കളമശേരി ടൗണ്‍ ഹാളില്‍ നടക്കുമെന്നു സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്വകാര്യ ബസുടമകള്‍, ചരക്കു ഗതാഗത മേഖല, മോട്ടോര്‍ വാഹന മേഖല, തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും തൊഴിലാളികളും വിവിധ ട്രേഡ് യൂണിയനുകളും സംയുക്തമായാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്.കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുമ്പോള്‍ ഓട്ടോ ടാക്‌സി മേഖല ഇല്ലാതെയാകുന്ന അവസ്ഥയുണ്ടാകുമെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു. സ്വകാര്യ ബസ്, ചരക്ക് കടത്ത് മേഖലകള്‍ കോര്‍പറേറ്റുകള്‍ കയ്യടക്കും. തൊഴില്‍ സുരക്ഷിതത്വം നഷ്ടപ്പെടും. കെ.എസ്.ആര്‍.ടി.സി അടക്കം മറ്റു മേഖലകളിലും ഈ പ്രശ്‌നങ്ങളുണ്ടാകുമെന്നും കേരള മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ കെ.എ. അലി അക്ബര്‍ പറഞ്ഞു. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ നേരിടുമ്പോള്‍ നടത്തേണ്ട പ്രതിഷേധ പരിപാടികളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ കണ്‍വന്‍ഷനിലുണ്ടാകും. മോട്ടോര്‍ രംഗത്തെ തൊഴിലാളി സംഘടകളുടെയും തൊഴിലുടമ സംഘടനകളുടെയും അഖിലേന്ത്യ നേതാക്കളടക്കമുള്ളവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്നും സംഘടാകര്‍ അറിയിച്ചു. എം.ബി. സത്യന്‍, എ.ടി.സി. കുഞ്ഞുമോന്‍, എം.കെ. വിജയന്‍, മനോജ് പെരുമ്പള്ളില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."