ഹിമാചല്‍ തെരഞ്ഞെടുപ്പ്; 59 സ്ഥാനാര്‍ഥികളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു
ഷിംല: അടുത്തമാസം ഒന്‍പതിന് തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍പ്രദേശില്‍ 68 അംഗ നിയമ സഭയിലേക്ക് 59 സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ശേഷിക്കുന്ന മണ്ഡലങ്ങളിലേക്കുള്ള ഒന്‍പത് സ്ഥാനാര്‍ഥികളെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
ഏഴാം തവണ ജനവിധി തേടുന്ന മുഖ്യമന്ത്രി വീരഭദ്ര സിങ് ഇത്തവണ സോളന്‍ ജില്ലയിലെ ആര്‍ക്കി മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്.
മാരത്തോണ്‍ ചര്‍ച്ചകള്‍ക്കുശേഷമാണ് 59 സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് അംഗീകരിച്ചത്. സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ടുതവണയും ബി.ജെ.പി വിജയിച്ച മണ്ഡലമാണ് ആര്‍ക്കി. ഇവിടെ ശക്തമായ ബലപരീക്ഷണത്തിനാണ് മുഖ്യമന്ത്രി വീരഭദ്രസിങ് തയാറെടുക്കുന്നത്. കോണ്‍ഗ്രസ് വിജയിക്കാതിരുന്ന ഏതെങ്കിലും മണ്ഡലത്തില്‍ താന്‍ മത്സരിക്കുമെന്ന് നേരത്തെ തന്നെ വിരഭദ്ര സിങ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഖ്്‌വിന്ദര്‍ സിങ് സുക്കു, ജനവിധി തേടുന്നത് നദുവന്‍ സീറ്റില്‍ നിന്നാണ്.
നിലവില്‍ പ്രഖ്യാപിച്ച 59 സീറ്റുകളില്‍ മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ മകന്‍ വിക്രമാദിത്യന്റെ പേര് ഉള്‍പ്പെട്ടിട്ടില്ല. അതേസമയം അദ്ദേഹം ഷിംല(റൂറല്‍) സിറ്റില്‍ മത്സരിക്കുമെന്നാണ് വിവരം. സംസ്ഥാന മന്ത്രിയായിരുന്ന കരണ്‍ സിങിന്റെ മകന്‍ ആദിത്യ വിക്രം ബന്‍ജാര്‍ സീറ്റില്‍ നിന്ന് മത്സരിക്കുന്നുണ്ട്. കഴിഞ്ഞ മെയ് മാസത്തിലാണ് കരണ്‍ സിങ് മരിച്ചത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തവണ മത്സര രംഗത്തുണ്ട്. രാജ്യസഭാ അംഗം വിപ്ലവ് താക്കൂര്‍ ദെഹ്‌റ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. 2012ലെ തെരഞ്ഞെടുപ്പില്‍ ഇവര്‍ ഈ മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ടിരുന്നു. എ.ഐ.സി.സി സെക്രട്ടറി ആശാകുമാരി, കൗള്‍ സിങ് താക്കൂര്‍, ജി.എസ് ബാലി, മുകേഷ് അഗ്നിഹോത്രി, ഗംഗു റാം മുസാഫിര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളും മത്സര രംഗത്തുണ്ട്.
അതേസമയം മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമല്‍, സംസ്ഥാന അധ്യക്ഷന്‍ സത്പാല്‍ സിങ് സാത്തി അടക്കമുള്ളവരെയാണ് ബി.ജെ.പി രംഗത്തിറക്കുന്നത്. 68 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെയും ഇന്നലെ പ്രഖ്യാപിച്ചെങ്കിലും ആരായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ചിട്ടില്ല. മുതിര്‍ന്ന കോണ്‍ ഗ്രസ് നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായിരുന്ന സുഖ്‌റാമിന്റെ മകന്‍ അനില്‍ ശര്‍മയ്ക്കും ബി.ജെ.പി സീറ്റ് നല്‍കുന്നുണ്ട്.
മുന്‍മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമല്‍ രണ്ട് തവണ വിജയിച്ച സുജന്‍പൂര്‍ മണ്ഡലത്തിനുപകരം ഇത്തവണ ഹാമിര്‍പൂര്‍ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്.
നിലവില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രണ്ടുപേരെയാണ് ബി.ജെ.പി പരിഗണിക്കുന്നത്. ഇതില്‍ ഒരാള്‍ മുന്‍മുഖ്യമന്ത്രിയും ഹിമാചലിലെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ പ്രേംകുമാര്‍ ധുമലാണ്. മറ്റൊരാള്‍ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."