രണ്ടായിരത്തോളം ഇന്ത്യക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ നിര്‍ദേശം
റിയാദ്: സംശയകരമായ രീതിയില്‍ വരുമാനം കണ്ടെത്തിയ രണ്ടായിരത്തോളം ഇന്ത്യക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാനുള്ള നടപടികള്‍ സഊദി വാണിജ്യ മന്ത്രാലയം ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് നടപടി. ഇന്ത്യന്‍ സര്‍ക്കാര്‍ കൈമാറിയ അക്കൗണ്ടുകളുടെ പണമിടപാട് സൂക്ഷ്മമായി പരിശോധിക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളോട് സര്‍ക്കുലര്‍വഴി സഊദി വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു. വരുമാനത്തില്‍ കവിഞ്ഞ നിക്ഷേപം കണ്ടെത്തിയാല്‍ സാമ്പത്തികക്കുറ്റം ചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ വിവിധ അക്കൗണ്ടുകളില്‍ സംശയാസ്പദമായ നിലയില്‍ വന്‍ നിക്ഷേപങ്ങള്‍ ഉണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അക്കൗണ്ടുകള്‍ കുറച്ചുകാലമായി ഇന്ത്യന്‍ ധനകാര്യ ഏജന്‍സികള്‍ നിരീക്ഷിച്ചുവരികയായിരുന്നു. ഇവരുടെ വിവരങ്ങളാണ് ഇന്ത്യന്‍ അധികൃതര്‍ സഊദിക്ക് കൈമാറിയിരിക്കുന്നത്.
ക്രമക്കേട് വ്യക്തമായാല്‍ കുറ്റക്കാര്‍ക്കെതിരേ സാമ്പത്തിക കുറ്റം ചുമത്തും. സഊദിയിലെ നിയമനടപടികള്‍ക്ക് ശേഷമേ ഇവരെ ഇന്ത്യക്ക് കൈമാറുകയുള്ളൂവെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇത്തരം ഇടപാടുകള്‍ക്ക് കൂട്ടുനിന്നവര്‍ക്കെതിരേയും നടപടിയുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."