ഡ്രൈവിങ്
'നാട്ടില്‍ പുഴയുണ്ട്, എനിക്ക് നീന്താനറിയില്ല ' എന്നതുപോലെയല്ല, വീട്ടില്‍ കാറുണ്ട്, എനിക്ക് ഓടിക്കാനറിയില്ല എന്നു പറയുന്നത്. അല്ലെങ്കിലും കാറുണ്ടായിട്ട് എന്ത് കാര്യം ? വീട്ടില്‍ ഓടിക്കാനറിയാവുന്നത് മകനാണ്. ലൈസന്‍സുണ്ട്. എന്നാല്‍ പ്ലസ്ടു കഴിഞ്ഞ അവനു എന്നും തിരക്കാണ്. കൂട്ടുകാര്‍, ക്രിക്കറ്റ്, വോളിബോള്‍, സിനിമ, മൊബൈല്, വാട്‌സാപ്പ്....... ഒരാവശ്യത്തിനും അവനെ വിളിച്ചാല്‍ കിട്ടില്ല. പ്രായം അതാണല്ലോ. ഇങ്ങനെ സഹികെട്ടപ്പോഴാണു ഭാര്യ പറഞ്ഞത്. 'വീട്ടില്‍ പുരനിറഞ്ഞു കിടക്കുകയല്ലേ , ഡ്രൈവിങ്ങെങ്കിലും പോയിപഠിക്ക്. അതെങ്കിലും ഉപകരിക്കട്ട്........'
എന്റെ പ്രായവും കാലവും നോക്കാതെയാണ് അവള്‍ വാളുവീശിയത്. എന്നെ നടുറോട്ടിലേക്കു തള്ളിയത്. സര്‍വിസില്‍നിന്നു വിരമിച്ചു വിശ്രമജീവിതം നയിക്കുകയാണു ഞാന്‍. അതിത്രയും വിഷമജീവിതമാകുമെന്ന് ആരറിഞ്ഞു ? പഠിക്കാം. വയസുകാലത്ത് ഡ്രൈവിങ്ങിന്റെ ഒരുകുറവ് വേണ്ട.
ആദ്യദിവസത്തെ ലേണിങ് ക്ലാസില്‍ പൊലിസ് ഓഫിസര്‍ പറഞ്ഞു. 'റോഡ് ഒരു മരണക്കിണറാണ്.....' അതു കേട്ടപ്പോള്‍ത്തന്നെ എന്റെ നെഞ്ചു കാളി. കാരണം, മരണം എന്നും എന്നെ പേടിപ്പിക്കുന്ന അത്ഭുതമാണ്. അതുകൊണ്ടാണു കുടുംബത്തില്‍ എല്ലാവരും ഡ്രൈവിങ് പഠിച്ചിട്ടും ഞാന്‍ പണ്ടേ അതില്‍നിന്നു പിന്മാറിയത്. സത്യം പറഞ്ഞാല്‍, നല്ലൊരു ഡ്രൈവറാകാനായിരുന്നു കുട്ടിക്കാലത്ത് മോഹിച്ചത്. അങ്ങനെയാണ് പഴയ പ്രൈമറി ക്ലാസില്‍ ഭാവിയില്‍ ആരാകാനാണ് ആഗ്രഹമെന്ന മാഷിന്റെ ചോദ്യത്തിന് ഡോക്ടര്‍ , എന്‍ജിനീയര്‍, പൈലറ്റ് എന്നിങ്ങനെ കൂട്ടുകാര്‍ ഒച്ചവച്ചപ്പോള്‍ ഡ്രൈവര്‍ എന്ന ചെറിയ മോഹം ഞാന്‍ പതുക്കെ അറിയിച്ചത്.
അതബദ്ധമായിപ്പോയെന്നു അന്നുതന്നെ എനിക്ക് ബോധ്യമായി. ഉച്ചയ്ക്ക് ക്ലാസുവിട്ടു വരുംവഴി റോഡില്‍ ഒരാള്‍ക്കൂട്ടം. നാഷനല്‍ പെര്‍മിറ്റുള്ള ഏതോ ഒരു ലോറി കൂറ്റന്‍ അരയാലില്‍ കൊണ്ടിടിച്ചതാണ്. കുറുകെ ചാടിയ ഒരു പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം. ഡ്രൈവറടക്കം മൂന്നു മൃതശരീരങ്ങള്‍ വെള്ള പുതച്ചുകിടത്തിയിരിക്കുന്നു. ചുറ്റും കുപ്പിച്ചില്ലുകളും ഗ്രീസും ചോരയും. തീര്‍ന്നു, അതോടെ എന്റെ ഡ്രൈവിങ് സ്വപ്നം. തിളയ്ക്കുന്ന വെയിലില്‍ ക്ലാസിലേക്ക് തിരിച്ചെത്തിയ ഞാന്‍ അന്നുതന്നെ മാഷോട് ഏറ്റു പറഞ്ഞു. 'എനിക്കും എന്‍ജിനീയറാവണം....' അവിടെയും ഡോക്ടര്‍ മോഹം പാടെ ഉപേക്ഷിച്ചു. ഡോക്ടറായാല്‍ പിന്നെ ഡെഡ്‌ബോഡി കാണേണ്ടിവരും. കീറേണ്ടിവരും. മരണം മണക്കേണ്ടിവരും. വേണ്ട. ഡോക്ടറും പൈലറ്റും ഡ്രൈവറും ആകേണ്ട.
വയസുകാലത്ത് ലേണിങ് ടെസ്റ്റ് പാസായി ഡ്രൈവിങ് സ്‌കൂളിലേക്ക് എത്തിയപ്പോള്‍ ഒരുകാര്യം മനസിലായി. വണ്ടിയുടെ എല്ലാനിയന്ത്രണവും ക്ലച്ചിലാണെന്ന്. ഗിയര്‍ മാറ്റുമ്പോള്‍ , വേഗത കുറക്കുമ്പോള്‍, ബ്രേയ്ക്കിടുമ്പോള്‍ എന്നുവേണ്ട എല്ലാത്തിന്റെയും അച്ചുതണ്ട് ക്ലച്ചാണ്. ക്ലച്ചിട്ടില്ലെങ്കില്‍ എന്‍ജിനു അടിതെറ്റും. ഞാനാണെങ്കില്‍ ക്ലച്ചിന്റെ കാര്യത്തില്‍ വലിയ മറവിക്കാരനും. അതു ചവിട്ടാന്‍ മറക്കുമ്പോള്‍ പാതവക്കില്‍ സ്ഥാപിച്ച പൊലിസിന്റെ മുന്നറിയിപ്പും ബാരിക്കേഡും ചൂണ്ടി ഡ്രൈവിങ് ആശാന്‍ മീശ തടവി ഓര്‍മപ്പെടുത്തി. ' അതൊന്നും വെറുതെ അവിടെ കൊണ്ടുവച്ചതല്ല. അതിലൊക്കെ ചതഞ്ഞുവീണ പ്രാണന്റെ വേദനയുണ്ട്. പൂര്‍ത്തിയാകാത്ത ജീവിതങ്ങളുണ്ട്.....'
ഓരോ മുക്കിലും കാണുന്ന അടയാളങ്ങള്‍ മരണപ്പാച്ചില്‍ നിയന്ത്രിക്കാനുള്ള റോഡുനിയമങ്ങളാണ്. മുന്നറിയിപ്പാണ്. ജീവന്‍ അറ്റുപോയവരുടെ ബലികുടീരങ്ങള്‍. അതെ, വണ്ടി ഓടിക്കുമ്പോഴും വിറയലോടെ ഞാനെന്തൊക്കെയോ ഓര്‍ത്തുപോകുന്നു. എത്രയെത്ര ജീവിതങ്ങളാണു പെരുവഴിയില്‍ പൊലിഞ്ഞു തീരുന്നത്. അരഞ്ഞുപോകുന്നത്. ക്ലച്ചെവിടെ? എന്റെ ബ്രെയ്‌ക്കെവിടെ?
ഓട്ടത്തില്‍ ക്ലച്ചും ബ്രെയ്ക്കും അന്വേഷിക്കുന്നവരോട് ആശാന്‍ വീണ്ടും മീശ തടവി. ' അമിത വേഗത്തില്‍ വണ്ടി ഓടിക്കുന്നവരെ ആരുമധികം ഉപദേശിക്കരുത്. പകരം, വാഹനാപകടത്തില്‍ പരുക്കുപറ്റി ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ പറയുക. അപ്പോള്‍ മനസിലാകും, ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് ജീവിതത്തില്‍ ഉണ്ടാകുന്ന വലിയ ദുരന്തങ്ങള്‍.....'
പറഞ്ഞുതീര്‍ന്നില്ല. അതാ പിന്നിലാരോ സഡന്‍ ബ്രെയ്ക്കിടുന്നു. കൂട്ടനിലവിളികള്‍ ഉയരുന്നു. ആംബുലന്‍സ് ചീറിപ്പായുന്നു.
ഇന്‍ഡികേറ്ററിട്ടു വണ്ടി ചവിട്ടിനിര്‍ത്തി ഞാന്‍ തിരിഞ്ഞു നോക്കി. ഒരു മണിക്കൂറില്‍ എത്ര ജീവിതങ്ങളാണ് നമ്മുടെ റോഡില്‍ പൊലിഞ്ഞുതീരുന്നത് ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."