ഇടിക്കൂട്ടില്‍ നിന്ന് വന്നത് പരുക്കുമായി; മേഘ സ്വര്‍ണം എറിഞ്ഞു വീഴ്ത്തി
പാലാ: പരുക്കിനും തടയാനായില്ല ബോക്‌സിങ് താരത്തിന്റെ ഷോട് പുട്ട് സ്വര്‍ണ നേട്ടം. പതിവു പോലെ അണ്ടര്‍ 19 പെണ്‍കുട്ടികളുടെ ഷോട്പുട്ടില്‍ തിരുവനന്തപുരം സായിയുടെ മേഘ മറിയം മാത്യുവാണ് സ്വര്‍ണം നേടിയത്. ഭോപ്പാലില്‍ നടന്ന ദേശീയ ബോക്‌സിങ് ക്യാംപില്‍ സംഭവിച്ച പരുക്കുമായിട്ടായിരുന്നു പാലായിലെ സര്‍ക്കിളില്‍ മേഘ പോരാട്ടത്തിനിറങ്ങിയത്. ക്യാംപില്‍ വച്ച് ഇടത് ചുമലിനേറ്റ പരുക്കിന് ചികിത്സയിലാണ് മേഘ. മൂന്ന് മാസം മുന്‍പ് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം ഫിസിയോ തെറാപ്പി ചെയ്യുകയാണ്. എട്ട് മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇടതു കൈ കെട്ടിവച്ചായിരുന്നു മേഘ മത്സരത്തിനിറങ്ങിയത്. ഇത് ഫലത്തേയും ബാധിച്ചെന്ന് മേഘ പറഞ്ഞു. പരുക്കില്ലായിരുന്നുവെങ്കില്‍ മീറ്റ് റെക്കോര്‍ഡ് മറികടക്കാന്‍ മേഘക്ക് കഴിയുമായിരുന്നു.
പാലായില്‍ 10.81 മീറ്ററാണ് മേഘ പിന്നിട്ടത്. 2016 ല്‍ ജൂനിയര്‍ വിഭാഗം ഷോട്പുട്ടില്‍ മീറ്റ് റെക്കോര്‍ഡോടെയായിരുന്നു മേഘ സ്വര്‍ണം നേടിയത്. 2016 ലെ ദേശീയ സ്‌കൂള്‍ മീറ്റില്‍ മൂന്നാം സ്ഥാനത്തായിരുന്നു. 2014, 2015 വര്‍ഷങ്ങളിലും മേഘ സംസ്ഥാന ചാംപ്യനായിരുന്നു. 2015 ല്‍ ദേശീയ മീറ്റിലും സ്വര്‍ണം നേടി. 2015, 2016 വര്‍ഷങ്ങളില്‍ 81 കിലോ വിഭാഗത്തില്‍ ദേശീയ തലത്തില്‍ ബോക്‌സിങിലും മേഘ മെഡല്‍ നേടിയിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മേഘ സായി പരിശീലകന്‍ എം.വി സത്യാനന്ദന്റെ ശിഷ്യയാണ്. തിരുവനന്തപുരം ശ്രീ അയ്യങ്കാളി മോഡല്‍ റെസിഡന്റ് സ്‌കൂളിലെ അശ്വതി ശ്രീധരനാണ് വെള്ളി. പാലക്കാട് പത്തിരിപ്പാല സര്‍ക്കാര്‍ വി.എച്ച്.എസ്.എസിലെ സി.പി തൗഫീറ വെങ്കലം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."