ചെങ്ങന്നൂരില്‍ വാഹനാപകടം: മൂന്ന് യുവാക്കള്‍ മരിച്ചു ദൂരൂഹതയെന്ന് സംശയം
ഏറ്റുമാനൂര്‍: ചെങ്ങന്നൂര്‍ കാരക്കാട് വെട്ടിപ്പീടിക ഭാഗത്തുണ്ടായ വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. കോട്ടയം അതിരമ്പുഴ ചൂരക്കുളങ്ങര കുഴികണ്ടത്തില്‍ സ്റ്റീഫന്റെ (ബേബി) മകന് കെ.എസ് അഖില്‍ (21), ഏറ്റുമാനൂര്‍ വള്ളിക്കാട് മഴുവനാക്കുന്ന് മൂലേപ്പറമ്പില്‍ (പാറയില്‍) സെബാസ്റ്റ്യന്‍ ജോണിന്റെ മകന് മിബിന് സെബാസ്റ്റ്യന്‍ (23), ഇടുക്കി ഉടുമ്പന്നൂര്‍ ചീനിക്കുഴി കല്ലൂര്‍ മോഹനന്റെ മകന് നിധിന് മോഹന്‍ (22) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11ഓടെയായിരുന്നു അപകടം.
രണ്ട് ബൈക്കുകളിലായി പന്തളം ഭാഗത്തേക്ക് പോവുകയായിരുന്ന യുവാക്കളെ കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇവരോടൊപ്പം ഉണ്ടായിരുന്ന ഏറ്റുമാനൂര്‍ വള്ളിക്കാട് സ്വദേശി മിലന് മാത്യു ഉടന്‍ ബൈക്കില്‍ രക്ഷപ്പെട്ടതായി പൊലിസ് പറഞ്ഞു. അപകടത്തില്‍ ദുരൂഹതയുള്ളതായി സംശയമുയര്‍ന്നിട്ടുണ്ട്. ചെങ്ങന്നൂര്‍ ട്രാഫിക് പൊലിസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചു. മരിച്ച അഖില്‍ കുറുവിലങ്ങാട്ടെ ബേക്കറിയില്‍ ജീവനക്കാരനാണ്. വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ വീട്ടിലെത്തിയ കൂട്ടുകാരനോടൊപ്പം ബൈക്കില്‍ പോയതാണ് അഖില്‍. മാതാവ്: പരേതയായ വത്സമ്മ. സഹോദരന്: ബിബിന്‍ (റിലയന്‍സ്, കോട്ടയം).
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളി സെമിത്തേരിയില്‍. അലൂമിനിയം ഫേബ്രിക്കേറ്ററായിരുന്നു മരിച്ച മിബിന് സെബാസ്റ്റ്യന്‍. ജോലികഴിഞ്ഞ് വീട്ടിലെത്തിയശേഷം പുറത്തേക്കുപോയതായിരുന്നു. വീട്ടില്‍ ധരിച്ചിരുന്ന വസ്ത്രം മാറുകപോലും ചെയ്യാതെയാണ് മിബിന് പോയത്. മാതാവ്: മംഗളം സ്കൂള്‍ ജീവനക്കാരിയായ ഏലിയാമ്മ (മോളി). സഹോദരി: മാളു സെബാസ്റ്റ്യന്‍ (ബി.എസ്സി നഴ്സിങ് വിദ്യാര്‍ഥിനി). സംസ്കാരം പിന്നീട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."