ഇറാഖ് പ്രധാനമന്ത്രി സഊദിയില്‍: കാല്‍ നൂറ്റാണ്ടിനു ശേഷമുള്ള ശക്തമായ ബന്ധത്തിനൊരുങ്ങി ഇരു രാജ്യങ്ങളും
റിയാദ്: ഇറാഖ് പ്രധാനമന്ത്രി ചരിത്ര സന്ദര്‍ശനത്തിനായി സഊദിയയിലെത്തി. സഊദിയില്‍ അരങ്ങേറുന്ന സഊദി ഇറാഖ് സഹകരണ കൗണ്‍സിലിന്റെ പ്രഥമ സമ്മേളനത്തില്‍ പങ്കടുക്കുന്നതിനാണ് ഇറാഖ് പ്രധാനമന്തി ഹൈദര്‍ അല്‍ അബാദി സഊദി തലസ്ഥാനത്തെത്തിയത്. കാല്‍ നൂറ്റാണ്ടിലധികമായി നയതന്ത്ര ബന്ധം പോലുമില്ലാതിരുന്ന ഇറാഖുമായി സഊദി വീണ്ടും ശക്തമായ ബന്ധമാണ് കൂട്ടിച്ചേര്‍ക്കുന്നത്. ഇറാഖുമായി ബന്ധം കൂട്ടിച്ചേര്‍ക്കുന്നതിന്റെ ഭാഗമായി സഊദി ബാഗ്ദാദില്‍ നേരത്തെ എംബസി തുറക്കുകയും വിമാന സര്‍വ്വീസ് ആരംഭിക്കുകയും ചെയ്തിരുന്നു.
റിയാദിലെത്തിയ അബാദിയെ വിവിധ നേതാക്കള്‍ ചേര്‍ന്നു സ്വീകരിച്ചു. റിയാദ് ഉപ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, സ്റ്റേറ്റ് മന്ത്രിയും ക്യാബിനറ്റ് അംഗവുമായ ഡോ: മാസിദ് ബിന്‍ മുഹമ്മദ് അല്‍ ഐബാന്‍, സഊദി ഇറാഖ് സഹകരണ കൗണ്‍സില്‍ ചെയര്‍മാനും കൊമേഴ്‌സ്, നിക്ഷേപ മന്ത്രിയുമായ ഡോ: മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസബി എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
സഊദിയിലെത്തിയ അബാദി സല്‍മാന്‍ രാജാവുമായും മറ്റു ഉന്നതരുമായും കൂടിക്കാഴ്ച്ച നടത്തി. രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ, സാംസ്‌കാരിക മേഖലകളില്‍ ഊന്നിയുള്ള ചര്‍ച്ചകളാണ് നടന്നത്.
ബാഗ്ദാദ് അന്താരാഷ്ട്ര മേള സഊദി ഇറാഖ് ഊര്‍ജ മന്ത്രിമാരായ ഖാലിദ് അല്‍ ഫാലിഹും ഇസല്‍മാന്‍ അല്‍ ജുമൈലിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ മുപ്പതിന് അവസാനിക്കുന്ന മേളയില്‍ പതിനെട്ടു രാജ്യങ്ങളില്‍ നിന്നുള്ള നാനൂറോളം പ്രാദേശിക അന്ത്രാഷ്ട്ര കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സഹകരണത്തിന്റെ പാതയായിരിക്കും ഇത് വഴി തുറക്കുകയെന്നു സഊദി ഊര്‍ജ മന്ത്രി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."