ജാര്‍ഖണ്ഡില്‍ പട്ടിണി കിടന്ന മരിച്ച കുട്ടിയുടെ അമ്മക്കു നേരെ ആക്രമണം
റാഞ്ചി: ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താല്‍ റേഷന്‍ നിഷേധിച്ചതിനെത്തുടര്‍ന്ന് പട്ടിണി കിടന്ന് മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ ആക്രമണം. ഗ്രാമത്തിന് അപകീര്‍ത്തിയുണ്ടാക്കിയെന്നു പറഞ്ഞാണ് കുട്ടിയുടെ അമ്മ കോയ്ലി ദേവിക്ക് നേരെ ആക്രമണമുണ്ടായത്.
ഇതേത്തുടര്‍ന്ന് കോയ്ലി ദേവി മനുഷ്യാവകാശ പ്രവര്‍ത്തകനായ താരാമണി സാഹുവിന്റെ വീട്ടില്‍ അഭയം തേടിയിരിക്കുകയാണ്.
കോയ്ലി ദേവിയുടെ മകള്‍ സന്തോഷി കഴിഞ്ഞ മാസം 28 നാണ് മരിച്ചത്. പട്ടിണിമൂലമാണ് കുട്ടിയുടെ മരണമെന്ന് കോയ്ലി മനുഷ്യാവകാശ പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരുന്നു. എട്ടു ദിവസത്തോളം സന്തോഷി ഭക്ഷണം കഴിക്കാതെ കഴിഞ്ഞുകൂടി. പൂജ അവധിയായിരുന്നതിനാല്‍ സ്കൂളില്‍ നിന്നും ഭക്ഷണവും ലഭിച്ചിരുന്നില്ല. ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താല്‍ കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് നിഷേധിക്കുകയും ചെയ്തിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടലു കൊണ്ടാണ് സംഭവം പുറത്തറിഞ്ഞത്.
അതേസമയം, മലേറിയ ബാധിച്ചാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് സര്‍ക്കാരിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."