ഉദ്ഘാടനം കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ നിരവില്‍പുഴ ബസ് സ്റ്റാന്‍ഡ് നോക്കുകുത്തിയാകുന്നു
നിരവില്‍പുഴ: പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടും ബസുകള്‍ക്ക് അയിത്തം കല്‍പ്പിച്ച് നിരവില്‍പുഴ ബസ് സ്റ്റാന്‍ഡ്. 2014ല്‍ മന്ത്രിയായിരുന്ന പി.കെ ജയലക്ഷമി ഉദ്ഘാടനം ചെയ്ത ബസ് സ്റ്റാന്‍ഡാണ് ഇന്നും ബസുകള്‍ കയറാതെ നോക്കുകുത്തിയായത്. പതിനഞ്ച് വര്‍ഷം മുന്‍പാണ് നിരവില്‍പ്പുഴയില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ 60 സെന്റ് ഭൂമി തൊണ്ടര്‍നാട് പഞ്ചായത്ത് സ്വകാര്യ വ്യക്തിയില്‍നിന്നു വിലക്ക് വാങ്ങിയത്. പിന്നീട് 30 ലക്ഷം രൂപ ചിലവില്‍ ഒന്‍പത് മുറികളടക്കമുള്ള കെട്ടിടം നിര്‍മിച്ചു.
ഏഴ് ലക്ഷം രൂപ ചിലവില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യാനും മറ്റുമായി കോണ്‍ക്രീറ്റ് റോഡും നാല് ലക്ഷം രൂപയുടെ മറ്റ് അറ്റകുറ്റ പ്രവൃത്തികളും നടത്തി. ഇതിനുപുറമെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള ടോയ്‌ലറ്റും ലക്ഷങ്ങള്‍ മുടക്കി കംഫര്‍ട്ട് സ്റ്റേഷനും നിര്‍മിച്ചു. ലോകബാങ്കിന്റെയും തൊണ്ടര്‍നാട് പഞ്ചായത്തിന്റെയും വിവിധ ഫണ്ടുകള്‍ ഉപയോഗിച്ചായിരുന്നു നിരവില്‍പുഴ-കുഞ്ഞോം റോഡില്‍ ടൗണില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ബസുകള്‍ കയറുന്നതിനും ഇറങ്ങുന്നതിനുമുള്ള റോഡില്‍ ഒരു ഭാഗത്തെ റോഡ് കോണ്‍ക്രീറ്റ് ചെയ്യാനോ ടാറിങ് നടത്താനോ പഞ്ചായത്ത് അധികൃതര്‍ തയാറാകാത്തതാണ് ബസ് സ്റ്റാന്‍ഡ് തുറന്ന് പ്രവര്‍ത്തിക്കുന്നത് വൈകുന്നത്. കൂടാതെ ബസ് സ്റ്റാന്‍ഡിലെ കെട്ടിട മുറികളില്‍ വൈദ്യുതി കണക്ഷന്‍ നല്‍കാനും ഇതുവരെ നടപടിയായിട്ടില്ല. ഇതോടെ മുറികള്‍ വാടകക്കെടുത്തവര്‍ തിരികെ നല്‍കുകയായിരുന്നു. കുറ്റ്യാടി, കുഞ്ഞോം, മാനന്തവാടി ഭാഗങ്ങളിലേക്കുള്ള ബസുകളെല്ലാം ഇപ്പോള്‍ ടൗണിന്റെ പല ഭാഗങ്ങളിലാണ് നിര്‍ത്തിയിടുന്നത്. മഴ വന്നാല്‍ യാത്രക്കാര്‍ക്ക് കയറിനില്‍ക്കാന്‍ കുറ്റ്യാടി ഭാഗത്തേക്കുള്ള വെയിറ്റിങ് ഷെഡ് മാത്രമാണ് നിലവിലുള്ളത്. ടൗണില്‍ പൊതു ടോയ്‌ലറ്റില്ലാത്തതും യാത്രക്കാരുടെ ദുരിതം ഇരട്ടിപ്പിക്കുന്നു. പഞ്ചായത്തിന് വാടകയിനത്തില്‍ ലഭിക്കേണ്ട വരുമാനവും വര്‍ഷങ്ങളായി നഷ്ടത്തിലാണ്. ബസ് സ്റ്റാന്‍ഡിന്റെ ഒരു ഭാഗത്തുള്ള റോഡ് നിര്‍മിക്കാന്‍ പഞ്ചായത്ത് മൂന്ന് ലക്ഷം രൂപയുടെ ടെന്‍ഡര്‍വച്ചിട്ടുണ്ട്. റോഡ് നിര്‍മിച്ച ശേഷം വീണ്ടും ബസ് സ്റ്റാന്റ് ഉദ്ഘാടനം ചെയ്യാനുള്ള നീക്കത്തിലാണ് പഞ്ചായത്ത് അധികൃതര്‍. എന്നാല്‍ ബസുകള്‍ക്ക് കയറിയിറങ്ങാനും യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ആവശ്യമായ മുഴുവന്‍ സൗകര്യവുമുണ്ടായിട്ടും ബസുകള്‍കയറാന്‍ നപടിയെടുക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."