സ്റ്റേഡിയം പരിപാലനത്തിന് പ്രത്യേക സമിതി രൂപീകരിക്കും
പാലാ: ആധുനിക നിലവാരത്തില്‍ സിന്തറ്റിക് ട്രാക്കായി നവീകരിച്ച പാലായിലെ സ്റ്റേഡിയത്തിന്റെ പരിപാലനത്തിന് പ്രത്യേക സമിതി രൂപീകരിക്കും. സ്ഥലം എം.എല്‍.എ., മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍,സ്പോര്‍ട്സ് കൗണ്‍സില്‍ അധികൃതര്‍, കായിക സംഘടനകള്‍ എന്നിവരടങ്ങുന്ന സമിതിയായിരിക്കും പ്രവര്‍ത്തിക്കുക.
സ്റ്റേഡിയത്തിന്റെ പരിപാലനത്തിന് വരുമാനം കണ്ടെത്തുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ സമിതിയുടെ നിര്‍ദേശപ്രകാരമായിരിക്കും നടക്കുക. ആധുനിക നിലവാരത്തില്‍ നിര്‍മിച്ച സിന്തറ്റിക് ട്രാക്ക് അതേനിലവാരത്തല് സംരക്ഷിക്കേണ്ടതുണ്ട്.
സ്റ്റേഡിയത്തിന്റെ ഫീസ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സമിതിയുടെ അധികാര പരിധിയിലായിരിക്കുമെന്ന് ചെയര്‍പേഴ്സണ്‍ ലീന സണ്ണി പറഞ്ഞു.
സമിതി രൂപീകരിക്കുന്നതുവരെ നഗരസഭ കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. താല്‍ക്കാലികമായി സ്റ്റേഡിയം ഒരു ദിവസത്തേക്ക് 20000 രൂപ നിരക്കില്‍ വാടകയ്ക്കു നല്‍കാനാണ് കൗണ്‍സില്‍ തീരുമാനം.
അതേസമയം സ്റ്റേഡിയത്തിലെ നീന്തല്‍കുളം പ്രയോജനപ്പെടുത്തി സ്വിമ്മിങ്ങ് അക്കാദമി സ്ഥാപിക്കാന്‍ അനുമതി ആവശ്യപ്പെട്ട് പ്രശസ്തരായ നീന്തല്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ നഗരസഭയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് സമിതി രൂപീകരിച്ചതിനു ശേഷം തീരുമാനം എടുക്കുമെന്നും ലീന സണ്ണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."