കര്‍മം ചെയ്യാന്‍ നാളെയെയല്ല ഇന്നിനെയാണു വേണ്ടത്
ശിഷ്യന്‍ ഗുരുവിനോടു ചോദിച്ചു: ''ഗുരോ, ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ ഏറ്റവും യോജിച്ച ദിവസമേതാണ്..?''
ഗുരു പറഞ്ഞു: ''ഇന്ന് ''
''പറ്റിയ സമയമോ..?''
''ഇപ്പോള്‍..''
''ഇതല്ലാത്ത മറ്റു ദിവസവും സമയവുമില്ലേ..''
''ഇല്ല. ഇന്ന് ഇപ്പോള്‍ ചെയ്യാന്‍ ഇറങ്ങിത്തിരിച്ചാല്‍ ഉദ്ദേശിച്ച കാര്യം ചെയ്യാനാകും. മറ്റു സമയങ്ങളിലേക്കു മാറ്റിവച്ചാല്‍ അതിനു കഴിഞ്ഞുകൊള്ളണമെന്നില്ല..''
''അതെന്താണ് അങ്ങനെ പറയാന്‍ കാരണം..?''
''അങ്ങനെ പറയാന്‍ മൂന്നു കാരണങ്ങളുണ്ട്.
ഒന്ന്: ഉദ്ദേശിച്ച കാര്യം ചെയ്യാന്‍ ഇന്നു കാണിക്കുന്ന ആവേശം നാളെയാകുമ്പോഴേക്കും തണുത്തുപോയേക്കാം.. ഇപ്പോള്‍ കാണിക്കുന്ന ആവേശം അപ്പോഴുണ്ടായിക്കൊള്ളണമെന്നില്ല.
രണ്ട്: ഇനി ആവേശം നാളെയും നിലനിന്നാല്‍ തന്നെ നാളെവരെ ജീവിച്ചിരിക്കുമോ എന്നു പ്രവചിക്കാന്‍ കഴിയില്ല. മരണം നമ്മുടെ സ്വപ്നപദ്ധതികളെ തകര്‍ത്തുകളഞ്ഞേക്കാം.
മൂന്ന്: ഇനി നാളെയെ കാണാനുള്ള ഭാഗ്യം ഉണ്ടായാല്‍ തന്നെ സാഹചര്യങ്ങള്‍ വ്യത്യാസപ്പെട്ടെന്നിരിക്കും. ഇന്നു ചെയ്യാനുള്ള അനുകൂല സാഹചര്യം നാളെ കിട്ടിക്കൊള്ളണമെന്നില്ല.''
'പിന്നെ ചെയ്യാം' എന്നു പറയുന്നവരില്‍ മിക്കപേരും പിന്നെ ചെയ്യില്ല. പിന്നീട് അവര്‍ ചെയ്യുന്നത് 'ഇനി അതു നടക്കില്ല' എന്നു പറഞ്ഞു പിന്മാറലായിരിക്കും. മതപ്രഭാഷണം കേട്ട് ആവേശം തലയ്ക്കുപിടിച്ചവന്‍ എന്റെ വക ഒരു ലക്ഷം സംഭാവന എന്നു പറഞ്ഞാല്‍ അന്നു രാത്രി ഉറങ്ങുന്നതിനു മുന്‍പായി ആ തുക സംഘാടകര്‍ക്കു കൈമാറണമെന്നാണ്. കാരണം, തുക തേടി സംഘാടകരെത്തുന്നതിനു മുന്‍പ് പിശാച് എത്താന്‍ സാധ്യത കൂടുതലാണ്. അവനെത്തിയാല്‍ നാളെയാകുമ്പോഴേക്കും അത് അന്‍പതിനായിരമായി ചുരുങ്ങിപ്പോയിട്ടുണ്ടാകും. മറ്റെന്നാളായാല്‍ പതിനായിരമായി വീണ്ടും ചുരുങ്ങും. ആഴ്ച ഒന്നു പിന്നിട്ടാല്‍ എല്ലാ ആവേശവും തണുത്തുറഞ്ഞുപോകും. തുടര്‍ന്നങ്ങോട്ട് എപ്പോള്‍ സംഘാടകരെ കണ്ടാലും 'പിന്നെ പിന്നെ' എന്നു പറഞ്ഞു രക്ഷപ്പെടാനേ വഴിയുണ്ടാകൂ.
പണ്ടു ചില കടകളുടെ മുന്‍പില്‍ ഇങ്ങനെ ഒരു ബോര്‍ഡ് കാണാമായിരുന്നു:
''ഇന്ന് റൊക്കം, നാളെ കടം.''
നാളെ കടം കിട്ടുമല്ലോ എന്നു കരുതി നാളെ ചെന്നാല്‍ നാളെയും കാണാനാകുക 'ഇന്ന് റൊക്കം നാളെ കടം' എന്നായിരിക്കും.
നാളെ എന്നത് ഒരിക്കലും പിടികിട്ടാത്ത സംഭവമാണ്. ഒരു മനുഷ്യനും നാളെയെ കിട്ടില്ല. നാളെയെ കിട്ടുമ്പോഴേക്കും അത് ഇന്നായി മാറിയിട്ടുണ്ടാകും. അതുകൊണ്ട് നാളെ നാളെ എന്നു പറയുന്നവന് എന്നും നാളെ മാത്രമേയുണ്ടാകൂ; ഇന്നുണ്ടാകില്ല. അതുകൊണ്ട് എന്തെങ്കിലും കാര്യങ്ങള്‍ തുടങ്ങണമെങ്കില്‍ നാളെയല്ല, ഇന്നുതന്നെ തുടങ്ങുക. കിട്ടിയ ഇന്നിനെ പിടിക്കാതെ കിട്ടിയിട്ടില്ലാത്ത നാളെയെ തേടുന്നതിലെന്തര്‍ഥം...? കിട്ടിയതുവച്ചു തുടങ്ങാതെ കിട്ടാത്തതുവച്ച് എന്തെങ്കിലും ചെയ്യാനാകുമോ..?
പിശാചുക്കളുടെ യോഗം നടക്കുന്ന സദസ്. യോഗത്തില്‍ ചര്‍ച്ചയ്ക്കു തുടക്കം കുറിക്കാനായി വലിയ പിശാച് എഴുന്നേറ്റുനിന്നുകൊണ്ട് പറഞ്ഞു: ''സുഹൃത്തുക്കളേ, മനുഷ്യരെല്ലാം നമ്മുടെ പരിധിയിലല്ല ഇപ്പോഴുള്ളത്. ദിവസം തോറും അവര്‍ നന്നായിക്കൊണ്ടിരിക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ നമുക്കു ക്ഷീണമാണ്. അതിനാല്‍ അവരെ എത്രയും പെട്ടെന്ന് വഴിപിഴപ്പിക്കണം. അതിന് ഏറ്റവും എളുപ്പമുള്ള മാര്‍ഗം ആര്‍ക്കെങ്കിലും നിര്‍ദേശിക്കാനാകുമോ..?''
ചോദ്യം കേള്‍ക്കേണ്ട താമസം സദസിന്റെ മുന്‍നിരയില്‍നിന്ന് ഒരു പിശാച് എഴുന്നേറ്റുനിന്നു. അസൂയ എന്നാണവന്റെ പേര്. അവന്‍ പറഞ്ഞു: ''അവരെ വഴിപിഴപ്പിക്കുന്ന കാര്യം ഞാനേറ്റു..''
വലിയ പിശാച് ചോദിച്ചു: ''നിന്നെ അതിനു കൊള്ളുമെങ്കിലും അതിവേഗം പിഴപ്പിക്കാന്‍ നിനക്കാവില്ല. വളരെ കാലതാമസം പിടിക്കും.''
''ഞാനായിക്കൊള്ളാം..'' മാറാവ്യാധി എഴുന്നേറ്റുനിന്നു പറഞ്ഞു.
''നിന്നെയും പറ്റില്ല. കാരണം, നീ അവരിലേക്കു ചെന്നാല്‍ അവര്‍ സംഘടിക്കുകയാണു ചെയ്യുക. നീ കാരണം എത്ര റിലീഫ് സെന്ററുകളാണു തുറക്കപ്പെട്ടിട്ടുള്ളതെന്നോ..''
''ആരും വേണ്ടാ, ഞാന്‍ ഒറ്റയ്ക്കു മതി..'' അഹന്തയുടെ അവകാശവാദം.
''വേണ്ടാ, നീയും വേണ്ടാ. നിന്റെ ശ്രമങ്ങള്‍ക്ക് ദീര്‍ഘായുസ് കുറവായിരിക്കും... അഹങ്കാരികള്‍ക്കൊന്നും കൂടുതല്‍ കാലം നിലനില്‍പുണ്ടായിട്ടില്ല..''
എല്ലാ പിശാചുക്കളും എഴുന്നേറ്റ് ദൗത്യം തന്നെയേല്‍പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങള്‍ പറഞ്ഞു വലിയ പിശാച് അവരെയെല്ലാം അകറ്റി.
യോഗ്യരായ ആരെയും കിട്ടാതെ വിഷമിച്ചിരിക്കുമ്പോഴാണ് അതുവരെ എഴുന്നേല്‍ക്കാതിരുന്ന ഒരുത്തന്‍ സദസിന്റെ പിന്നില്‍നിന്ന് എഴുന്നേല്‍ക്കുന്നത്. അവന്‍ പറഞ്ഞു: ''ഏമാനേ, അങ്ങ് വിഷമിക്കേണ്ട.. സംഗതി ഞാനേറ്റു. ഒരു ജനതയെ മുഴുവന്‍ കാലങ്ങളോളം വഴികേടിലാക്കാന്‍ എന്നെക്കൊണ്ടാകും..''
''നിന്നെ എനിക്കു മനസിലായില്ല. എന്താ നിന്റെ പേര്..''-വലിയ പിശാച്.
''എന്റെ പേരറിയില്ലേ, ഞാനാണ് നീട്ടിവയ്പ്പ്. ആരെന്തു ചെയ്യാനുദ്ദേശിച്ചാലും നീട്ടിവയ്ക്കാനുള്ള ചിന്ത അവരില്‍ ഞാനുണ്ടാക്കും. അതിനായി ഇന്നിനെയും ഇപ്പോഴുള്ളതിനെയും അവര്‍ക്കു ഞാന്‍ കാണാതാക്കും. പകരം നാളെയെയോ മറ്റന്നാളിനെയോ കാണിച്ചുകൊടുക്കും. എന്നും കാലത്ത് ഈ ഗുളിക കൊടുത്താല്‍ അവര്‍ക്ക് ഇന്നുകളുണ്ടാകില്ല, നാളെകളേയുണ്ടാകൂ.. ഇന്നിനെ കിട്ടാതെ നാളെയെ കിട്ടിയിട്ടു കാര്യമില്ലല്ലോ. അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല.''
നീട്ടിവയ്പ്പിന്റെ വിശദീകരണം കേട്ടപ്പോള്‍ വലിയ പിശാചിന് പെരുത്ത് ഇഷ്ടമായി. അവനെ തന്നിലേക്കു ചേര്‍ത്തുപിടിച്ചു പറഞ്ഞു: ''നീയാടാ മോന്‍... വേഗം പ്രവര്‍ത്തനം ആരംഭിച്ചോളൂ..''
തണുപ്പുള്ള രാത്രി മൂടിപ്പുതച്ചുറങ്ങുമ്പോള്‍ പുലരിക്ക് എഴുന്നേല്‍ക്കാന്‍ പ്രയാസപ്പെടും. അന്നേരത്ത് ഇപ്പോള്‍ എഴുന്നേല്‍ക്കണോ അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടാവണമോ എന്നു ചിന്തിച്ചാല്‍ അഞ്ച് മിനിറ്റ് കഴിഞ്ഞാലും എഴുന്നേല്‍ക്കാനാകില്ല. ആ ചിന്തയെ പാടേ വലിച്ചെറിഞ്ഞ് പുതപ്പ് വലിച്ചുമാറ്റുക. ഒറ്റയടിക്ക് എഴുന്നേല്‍ക്കുക. കാര്യം കഴിഞ്ഞു. ഈ സമീപനമാണ് ഏതു സമയത്തും വേണ്ടത്.
ഇപ്പോള്‍തന്നെ വേണോ അതോ പിന്നീട് മതിയോ എന്ന ചിന്തയ്ക്കുതന്നെ പ്രവേശനമനുവദിക്കാതെ ഇപ്പോള്‍തന്നെ എഴുന്നേറ്റു ദൗത്യത്തിനൊരുങ്ങുക. ദൈവസഹായത്താല്‍ കാര്യം വിജയിച്ചിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."