നവജാത ശിശുക്കളുടെ മരണം; ഉത്തരവാദികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിജയ് രൂപാനി
അഹ്മദാബാദ്: സംസ്ഥാനത്ത് നവജാത ശിശുക്കളുടെ കൂട്ടമരണത്തില്‍ ഉത്തരവാദികളായ ആളുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സിവില്‍ ആശുപത്രിയിലാണ് ശിശുക്കളുടെ കൂട്ടമരണം സംഭവിച്ചത്. 24 മണിക്കൂറിനിടെ ഇവിടെ ഒമ്പത് നവജാത ശിശുക്കളാണ് മരണപ്പെട്ടത്. ഇതില്‍ മരിച്ച നാലു കുട്ടികളുടെയും ജനനം ഈ ആശുപത്രിയില്‍ വച്ചായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 18 കുട്ടികളാണ് ഇവിടെ മരിച്ചത്. ശ്വാസംമുട്ടല്‍ അടക്കം ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് പ്രവേശിപ്പിക്കപ്പെട്ട കുട്ടികള്‍ക്കാണ് ദാരുണാന്ത്യമുണ്ടായത്.
സംഭവം അന്വേഷിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ ഒരു കമ്മിറ്റി രൂപം കൊടുത്തിട്ടുണ്ടെന്നും ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെങ്കില്‍ കടുത്ത നടപടികള്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണപരാജയം മറയ്ക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയാണിത്. നേരത്തെ ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശിലും കൂട്ടശിശുമരണങ്ങള്‍ ഉണ്ടായിരുന്നു.
മരിച്ച അഞ്ച് കുട്ടികളെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സിവില്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ഭാരക്കുറവാണ് കുട്ടികള്‍ക്കുണ്ടായിരുന്ന പ്രധാന പ്രശ്‌നം. അഞ്ചു കുട്ടികളെ ഗ്രാമപ്രദേശത്തെ ആശുപത്രികളില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായാണ് സിവില്‍ ആശുപത്രിയില്‍ എത്തിച്ചത്.
ആശുപത്രിയില്‍ വേണ്ടത്ര ഡോക്ടര്‍മാരുണ്ടായിരുന്നില്ലെന്നും ഇതാണ് ദുരന്തത്തിനിടയാക്കിയതെന്നുമാണു പ്രതിപക്ഷത്തിന്റെ ആരോപണം. ഇവിടെ നിത്യേന അഞ്ച് കുട്ടികളെങ്കിലും മരിക്കാറുണ്ടെന്നും സര്‍ക്കാര്‍ ഇത് മൂടിവയ്ക്കുകയാണെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."