ബി.ജെ.പി പിന്തുടരുന്നത് കോണ്‍ഗ്രസിനെ മറികടക്കുന്ന ഉദാരവല്‍ക്കരണനയം: മുഖ്യമന്ത്രി
ഇരിട്ടി: രാജ്യത്ത് മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ നവ ഉദാരവല്‍ക്കരണ നയങ്ങളെ മറികടക്കുന്ന നയങ്ങളാണ് ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാക്കയങ്ങാട് സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസായ മുഹമ്മദ് ഇസ്മായില്‍- ദിലീപന്‍ സ്മാരകമന്ദിരം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സര്‍ക്കാരിന്റെകീഴില്‍ കോര്‍പറേറ്റുകള്‍ തഴച്ചുവളരുകയാണ്. മന്‍മോഹന്‍ സിങ് രാജ്യത്തെ അമേരിക്കയുടെ മുന്നില്‍ കാഴ്ചവച്ചപ്പോള്‍ നരേന്ദ്രമോദി ചെയ്തത് അമേരിക്കയുടെ കാല്‍ച്ചുവട്ടില്‍ കൊണ്ടുപോയി സമര്‍പ്പിക്കുകയായിരുന്നു. ബി.ജെ.പിയെ നയിക്കുന്നത് ജനാധിപത്യത്തോടു യാതൊരു കൂറുമില്ലാത്ത ഒരു സംഘടനയാണ്.
ബി.ജെ.പി തങ്ങളുടെ നയങ്ങളിലൂടെ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ നേരിടാനാവാതെ കോണ്‍ഗ്രസ് പരുങ്ങുകയാണ്. എന്നാല്‍, നവ കേരള സൃഷ്ടിക്കായാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അതിനു ജനങ്ങളുടെ ഭാഗത്തുനിന്നു പൂര്‍ണ സഹകരണം ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം ഡോ. വി. ശിവദാസന്‍ അധ്യക്ഷനായി. പി.കെ ശ്രീമതി എം.പി, ടി. കൃഷ്ണന്‍, വി.ജി പത്മനാഭന്‍, അഡ്വ. എം. രാജന്‍, അഡ്വ. ബിനോയ് കുര്യന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."