ജി.സി.സി ഉച്ചകോടിയില്‍ ഖത്തര്‍ പങ്കെടുത്താല്‍ ബഹിഷ്‌കരിക്കുമെന്ന് ബഹ്‌റൈന്റെ മുന്നറിയിപ്പ്
മനാമ: ജി.സി.സി ഉച്ചകോടിയില്‍ ഖത്തര്‍ പങ്കെടുത്താല്‍ തങ്ങളുടെ പ്രാതിനിധ്യം ഉണ്ടായിരിക്കില്ലെന്ന് ബഹ്‌റൈന്‍ മുന്നറിയിപ്പ്. ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ ടിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ ഖത്തറുമായി ഉപരോധത്തില്‍ കഴിയുന്ന സഊദി അനുകൂല രാഷ്ട്രങ്ങള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ഖത്തറിന്റെ ജി.സി.സി അംഗത്വം തടയണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ ജി.സി.സി ഉച്ചകോടിയില്‍ ഖത്തറിനോടൊപ്പം ഇരിക്കില്ലെന്നും ഉച്ചകോടി ബഹിഷ്‌കരിക്കുമെന്നും ശൈഖ് ഖാലിദ് തന്റെ ട്വീറ്റില്‍ തുടര്‍ന്നു പറഞ്ഞിട്ടുണ്ട്.
സഊദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളാണ് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഉപരോധമവസാനിപ്പിക്കണമെങ്കില്‍ ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക, ഖത്തറിലെ തുര്‍ക്കി സൈനിക കേന്ദ്രം അടച്ചുപൂട്ടുക, അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനം നിര്‍ത്തുക, മുസ്‌ലിം ബ്രദര്‍ഹുഡുമായുള്ള ബന്ധം അവസാനിപ്പിക്കുക തുടങ്ങിയ 13 ഇന നിര്‍ദേശങ്ങള്‍ ഖത്തര്‍ അംഗീകരിക്കണമെന്നാണ് സഊദി സഖ്യ രാഷ്ട്രങ്ങളുടെ ആവശ്യം. എന്നാല്‍, ഖത്തര്‍ ഈ ആവശ്യങ്ങള്‍ നേരത്തെ നിരാകരിച്ചതാണ്.
കൂടാതെ, ഖത്തറിന്റെ പരമാധികാരത്തില്‍ കൈകടത്താന്‍ അനുവദിക്കില്ലെന്നും രാജ്യത്തിനെതിരായ ഉപരോധത്തിന് മുന്നില്‍ തലകുനിക്കില്ലെന്നും ഖത്തര്‍ അമീര്‍ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."