ആനുകൂല്യം ഇനിയും ലഭിച്ചില്ല; ഭിന്നശേഷിക്കാര്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു
തിരൂര്‍: സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച കൈവല്യ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാര്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. തിരൂരില്‍ സിറ്റിങ് നടത്തിയ മനുഷ്യാവകാശ കമ്മീഷന് അംഗം അഡ്വ.മോഹന്‍കുമാര്‍ മുമ്പാകെയാണ് ഓള് കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന് പ്രതിനിധികള്‍ പരാതി നല്‍കിയത്.
സ്വയം തൊഴില്‍ തുടങ്ങാന്‍ 50000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ സബ്സിഡിയോടെ അനുവദിക്കുന്ന കൈവല്യ പദ്ധതി പ്രകാരം മൂന്നു മാസം മുമ്പ് വണ്ടൂരില്‍ സംഘടിപ്പിച്ച ജില്ലാതല തൊഴില്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്ത് അപേക്ഷ നല്‍കിയവര്‍ക്ക് ഇനിയും ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെന്നാണ് പരാതി. തിരൂര്‍ റസ്റ്റ് ഹൗസിന് പുറത്ത് വീല്‍ ചെയറിലിരുന്ന ഭിന്നശേഷിക്കാരെ നേരിട്ടു കണ്ടാണ് അഡ്വ.മോഹന്‍കുമാര്‍ പരാതി സ്വീകരിച്ചത്. പരാതിയെക്കുറിച്ച് അന്വേഷിച്ച് തപാലില്‍ മറുപടി നല്‍കാമെന്നും ആവശ്യമായ ശുപാര്‍ശ സര്‍ക്കാറിലേക്ക് സമര്‍പ്പിക്കാമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലയില്‍ മാത്രം 600 ഓളം അപേക്ഷകരുണ്ടെന്ന് അസോസിയേഷന് പ്രതിനിധികള്‍ പറഞ്ഞു. ജോമി ജോണ്‍, മമ്പുറം ബഷീര്‍, ബദ്റുസമാന്‍ മൂര്‍ക്കനാട്, മനാഫ് ചേളാരി എന്നിവരുടെ നേതൃത്വത്തിലാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. മതിയായ ഫണ്ടില്ലാത്തതിനാലാണ് ആനുകൂല്യം വൈകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."