വനാതിര്‍ത്തിയിലെ ജനങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണും: മന്ത്രി കെ രാജു
കാസര്‍കോട്: വനാതിര്‍ത്തിയിലെ ജനങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടപടി കൈകൊള്ളുമെന്ന് വനം-വന്യജീവി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു.
വനം-വന്യജീവി വകുപ്പിന്റെ പ്രകൃതി പഠനകേന്ദ്രം കാസര്‍കോട് ജില്ലയിലെ പരപ്പയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യജീവികളെയും വനത്തെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതുപോലെത്തന്നെയാണ് വനാതിര്‍ത്തിയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടതും.
സംസ്ഥാനത്തെ വനാതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രശ്‌നപരിഹാരത്തിനായി എം.എല്‍.എമാരേയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു കൊണ്ട് യോഗം ചേരും. വന്യജീവി അക്രമംമൂലം മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം മൂന്നു ലക്ഷത്തില്‍ നിന്ന് അഞ്ചു ലക്ഷം രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രകൃതിപഠന കേന്ദ്രത്തിലെ ആദ്യ പ്രകൃതിപഠന ക്യാംപ് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
കെ കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ: എ.പി ഉഷ, ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. മുസ്തഫ ഹാജി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ കുമാരന്‍, എം. നളിനാക്ഷി, പ്രൊഫ: ഇ. കുഞ്ഞികൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജി. ഹരികുമാര്‍, അഡിഷണല്‍ ചീഫ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഇ. പ്രദീപ്കുമാര്‍ സംസാരിച്ചു. സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ വനമിത്ര പുരസ്‌കാരം ഉമേഷ് കെ. പെര്‍ളയ്ക്ക് മന്ത്രി അഡ്വ: കെ. രാജു വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."