ബി.സി.വി.ടി ബിരുദം വെറുതെയാവുന്നു; ഉദ്യോഗാര്‍ഥികളെ നോക്കുകുത്തിയാക്കി കാത്ത് ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വിസില്‍ ബി.സി.വി.ടി ബിരുദക്കാരെ നോക്കുകുത്തിയാക്കി കാത്ത് ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജിയില്‍ (4വര്‍ഷം) ബിരുദം കൂടാതെ ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളില്‍ ബിരുദവും രണ്ടു വര്‍ഷത്തെ (ഗവ. മെഡിക്കല്‍ കോളജ്, ഗവണ്‍മെന്റ് ഹെല്‍ത്ത് സര്‍വിസ്, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്) പ്രവര്‍ത്തി പരിചയം എന്നിവയാണ് യ്യോഗ്യതയായി പറയുന്നത്. എന്നാല്‍, ആരോഗ്യ സര്‍വകലാശാലയുടെ കീഴില്‍ ഗവണ്‍മന്റ് മെഡിക്കല്‍ കോളജുകളില്‍ നാല് വര്‍ഷത്തെ കോഴ്‌സായ ബി.സി.വി.ടി (ബാച്ചിലര്‍ ഡിഗ്രി ഇന്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി) പാസായവരില്‍ ആര്‍ക്കുംതന്നെ ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ കഴിയില്ല. മാത്രമല്ല ഈ യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താത്ത കാലത്തോളം ബി.സി.വി.ടി കോഴ്‌സ് പഠിച്ചിറങ്ങുന്നവര്‍ പെരുവഴിയിലാകുമെന്നതില്‍ സംശയമില്ല.
അതേസമയം നിബന്ധനകളില്‍ ഭേദഗതി ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ പി.എസ്.സിക്കും ആരോഗ്യ വകുപ്പിനും അപേക്ഷ നല്‍കിയിട്ടും ഇതു പരിഗണിക്കാതെയാണ് പി.എസ്.സി ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബി.സി.വി.ടി പഠിക്കാന്‍ ആരോഗ്യ സര്‍വകലാശാല നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന യോഗ്യത പ്ലസ് ടു ആണ്. ആരോഗ്യ സര്‍വകലാശാലയുടെ കീഴില്‍ ഇതേ അടിസ്ഥാനയോഗ്യതയില്‍ തിരുവനന്തപുരം മെഡി.കോളജ്, ആലപ്പുഴ മെഡി.കോളജ്, കോട്ടയം മെഡി.കോളജ്, കോഴിക്കോട് മെഡി.കോളജ്, എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് എന്നിവിടങ്ങളില്‍ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. അതാതു സ്ഥാപനങ്ങളില്‍ ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെയാണ് കോഴ്‌സ് കാലാവധി. അപ്രകാരം ഗവ.മെഡിക്കല്‍ കോളജുകളില്‍ ഒരുവര്‍ഷ പ്രവര്‍ത്തിപരിചയത്തോടെ കോഴ്‌സ് പാസായവരില്‍ നിന്നും വീണ്ടും ഗവണ്‍മെന്റ് സര്‍വിസില്‍ രണ്ട് വര്‍ഷ പ്രവര്‍ത്തിപരിചയം ആവശ്യപ്പെട്ടത് അടിസ്ഥാനരഹിതമാണെന്ന് ഉദ്യോഗാര്‍ഥികള്‍ നല്‍കിയ അപേക്ഷയില്‍ കാണിച്ചിരുന്നു.
അതേസമയം കാര്‍ഡിയോ തൊറാസിക് വിഭാഗത്തില്‍ പെര്‍ഫ്യൂഷനിസ്റ്റ് തസ്തികയിലേക്കുള്ള പി.എസ്.സി നിയമന യോഗ്യത ബി.എസ്.സി പെര്‍ഫ്യൂഷനിസ്റ്റ് ടെക്‌നോളജി മാത്രമാണ് ചോദിച്ചിരിക്കുന്നത്. (പ്രവൃത്തി പരിചയം ആവശ്യമില്ല) ഇത്തരത്തില്‍ കാത്ത് ലാബ് ടെക്‌നീഷ്യന്‍ ഒഴിവിലേക്കും അന്യായമായി പറഞ്ഞിരിക്കുന്ന യോഗ്യതകള്‍ പുന:പരിശോധിച്ച് പുതിയ യോഗ്യതാമാനദണ്ഡം ആവിഷ്‌കരിക്കണമെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ ആശുപത്രികളിലും കാത്ത് ലാബ് ചികിത്സാസംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ ഈയിടെ തീരുമാനിച്ചിരുന്നു. ബി.സി.വി.ടി ബിരുദം കൂടാതെ സയന്‍സ് ബിരുദവും ഗവണ്‍മെന്റ് സര്‍വിസില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും കൂടി അടിസ്ഥാനയോഗ്യതയാക്കിയത് പി.എസ്.സി നിയമനത്തിന് അപേക്ഷകരുടെ എണ്ണം വന്‍തോതില്‍ കുറയാനിടയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."