സംസ്ഥാനത്ത് ആത്മഹത്യാ പ്രവണത ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയിലധികം മാനസികാരോഗ്യ സര്‍വേ പുറത്തിറക്കി
കോഴിക്കോട്: നാഷനല്‍ മെന്റല്‍ ഹെല്‍ത്ത് സര്‍വേ കേരള ഡാറ്റ പ്രകാശനം ചെയ്തു. മാനസിക രോഗങ്ങളുടെ വ്യാപ്തി എത്രയുണ്ടെന്ന് അറിയുന്നതിനായി ഇംഹാന്‍സിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടത്തിയ മാനസികാരോഗ്യ സര്‍വേയുടെ ഡാറ്റയാണു മെഡിക്കല്‍ കോളജില്‍ മന്ത്രി കെ.കെ ശൈലജ പ്രകാശനം ചെയ്തത്.
ബംഗളൂരു നിംഹാന്‍സിന്റെ സഹായത്തോടെ തൃശൂര്‍, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളിലാണ് 18 വയസിനു മുകളിലുള്ളവരില്‍ പഠനം നടത്തിയത്. ജീവിതകാലത്തില്‍ ഒരിക്കലെങ്കിലും മാനസിക രോഗം വന്നവരുടെ നിരക്ക് 14.4 ശതമാനമാണെന്നു പഠനത്തില്‍ കണ്ടെത്തി.
വിഷാദം, ഉന്മാദം, ഉത്കണ്ഠ രോഗങ്ങള്‍ എന്നിവ ഇവയില്‍പെടുന്നു. ലഹരി ഉപയോഗം മൂലമുള്ള രോഗങ്ങള്‍ 11 ശതമാനമാണ്. ഇതില്‍ കൂടുതലും പുരുഷന്മാരാണ്. അതേസമയം വിഷാദരോഗത്തില്‍ കൂടുതലും സ്ത്രീകളാണ്. ഗുരുതരമായ മാനസിക രോഗമുള്ളവര്‍ 0.44 ശതമാനമാണ്. ആത്മഹത്യാപ്രവണത ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയിലധികമാണെന്നും പഠനത്തില്‍ കണ്ടെത്തി.
സര്‍വേയുടെ അടിസ്ഥാനത്തില്‍ സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി ഡേ കെയര്‍ സെന്ററുകള്‍ എല്ലാ ജില്ലയിലും ആരംഭിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഇംഹാന്‍സിലെ ഡോ. ടി.എം ഷിബുകുമാര്‍, ഡോ. പി.കെ അനീഷ്, ഡോ. ജയകൃഷ്ണന്‍ താവൊടി എന്നിവരുടെ നേതൃത്വത്തിലാണു സര്‍വേ റിപ്പോര്‍ട്ട് തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."