കേന്ദ്രാവിഷ്‌കൃത ക്ഷേമ പെന്‍ഷനുകള്‍ മാസവും കൃത്യമായി നല്‍കണം: കെ.വി തോമസ് എം.പി
കൊച്ചി: നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാം വഴി വയോജനങ്ങള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് നല്‍കി വരുന്ന ക്ഷേമ പെന്‍ഷനുകള്‍ എല്ലാ മാസവും കൃത്യമായി നല്‍കണമെന്ന് പ്രൊഫ.കെ.വി തോമസ് എം.പി നിര്‍ദേശിച്ചു.
പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹരായവരെ കണ്ടെത്താന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണം തേടണമെന്നും ക്ഷേമപെന്‍ഷനുകള്‍ പൂര്‍ണമായും ബാങ്ക് അക്കൗണ്ടുകള്‍ വഴിയാക്കണമെന്നും എം.പി പറഞ്ഞു.
വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫണ്ട് കിട്ടുന്നതിനനുസരിച്ചാണ് നിലവില്‍ പെന്‍ഷന്‍ നല്‍കിവരുന്നതെന്ന് പദ്ധതി നടത്തിപ്പ് ചുമതലയുള്ള പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു.
പെന്‍ഷന്‍ നല്‍കിയ കണക്ക് യഥാസമയം സമര്‍പ്പിക്കാത്തതിനാലാണ് വീണ്ടും ഫണ്ട് അനുവദിക്കാന്‍ വൈകുന്നതെന്നും അതിനാല്‍ എല്ലാ മാസവും കൃത്യമായി പെന്‍ഷന്‍ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്ന് പി.ടി തോമസ് എം.എല്‍.എ നിര്‍ദേശിച്ചു. പെന്‍ഷന് അര്‍ഹരായവരുടെ പട്ടിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള നിര്‍ദേശം നല്‍കി.
ശുചിത്വ ഭാരത മിഷന്‍ പദ്ധതിയുടെ കീഴില്‍ ഓപ്പണ്‍ ഡിഫിക്കേഷന്‍ ഫ്രീ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച് യോഗം വിലയിരുത്തി. ജില്ലയില്‍ 13 ഗ്രാമപഞ്ചായത്തുകള്‍ ഒ.ഡി.എഫ് ആയി മാറിയിട്ടുണ്ട്. എന്നാല്‍ ചെല്ലാനം പോലുള്ള തീരപ്രദേശങ്ങളില്‍ നിരവധി വീടുകളില്‍ ടോയ്‌ലെറ്റ് സൗകര്യമില്ല. ചെല്ലാനത്ത് 650 വീടുകള്‍ക്കാണ് ടോയ്‌ലെറ്റ് സൗകര്യമില്ലാത്തത്. തീരപ്രദേശങ്ങളില്‍ എല്ലാ വീടുകളിലും ടോയ്‌ലെറ്റ് സൗകര്യമുറപ്പാക്കണമെന്നും എം.പി നിര്‍ദേശിച്ചു.
നാഷണല്‍ റൂറല്‍ ഡ്രിങ്കിംഗ് വാട്ടര്‍ പ്രൊജക്ടിനെ മുന്‍ എറണാകുളം ജില്ല കലക്ടര്‍ എം.ജി രാജമാണിക്യം നടപ്പാക്കിയ എന്റെ കുളം എറണാകുളം പദ്ധതിയുമായി സംയോജിപ്പിച്ച് നടപ്പാക്കുന്നത് പരിഗണിക്കാന്‍ അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഇടപ്പള്ളി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ അപകടാവസ്ഥയിലുള്ള 25 മരങ്ങള്‍ മുറിച്ചു മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് പി.ടി തോമസ് എം.എല്‍.എ പറഞ്ഞു. ഇതിനായി ഒരു ലക്ഷം രൂപ ഫണ്ട് കണ്ടെത്തുന്നതിന് ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തും. ഇതര സംസ്ഥാനക്കാരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് പ്രത്യേക ബോധവത്കരണം നടത്തിവരുന്നുണ്ടെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.
ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, എ.ഡി.എം സി.കെ പ്രകാശന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, മേയര്‍ സൗമിനി ജെയിന്‍, നഗരസഭ ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."