നഗരത്തില്‍ 25 ലക്ഷത്തിന്റെ വിദേശനിര്‍മിത സിഗററ്റ് പിടികൂടി
കൊച്ചി: നഗരത്തില്‍ വില്‍പനയ്‌ക്കെത്തിച്ച 25 ലക്ഷംരൂപ വിലമതിക്കുന്ന വിദേശനിര്‍മിത സിഗററ്റ് പിടികൂടി. കോഴിക്കോട് സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ തേവര മട്ടമ്മല മുഹമ്മദ് ലോഡ്ജില്‍നിന്നാണ് രഹസ്യമായി സൂക്ഷിച്ച സിഗരറ്റ് ശേഖരം പിടിച്ചത്. കോഴിക്കോട് സ്വദേശികളായ അയൂബ് (41), ഇസ്മയില്‍ (32) എന്നിവരാണ് പിടിയിലായത്. ഇവര്‍ തേവരയില്‍ ബോംബെ സ്‌റ്റോഴ്‌സ് എന്നപേരില്‍ ഡ്യൂട്ടിപെയ്ഡ് ഷോപ്പ് നടത്തുകയാണ്. ഇവരുടെ ഗോഡൗണില്‍ നിന്നാണ് സിഗററ്റ് പിടിച്ചെടുത്തത്.
മാള്‍ബൊറോ, പാരീസ്, ഡേവിഡ് ഓഫ് തുടങ്ങിയ വിദേശ നിര്‍മിത സിഗററ്റുകള്‍ക്കൊപ്പം കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഒപിഡി പേപ്പറും നിയമപ്രകാരമുള്ള മുന്നറിയിപ്പില്ലാത്ത സിഗററ്റുകളുമുണ്ട്. നികുതിവെട്ടിച്ച് വിദേശത്തുനിന്ന് എത്തിച്ചതാണ് ഇവ. വിദേശ നിര്‍മിത സിഗററ്റുകള്‍ക്കൊപ്പം വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ വിവിധ രുചിക്കൂട്ടുകള്‍ ചേര്‍ത്ത സിഗററ്റുമുണ്ട്. പുകയിലയുടെ മണമില്ലാതെ കൃത്രിമമായി വിവിധ പഴവര്‍ഗങ്ങളുടെ മണവും രുചിയും ചേര്‍ത്ത സിഗററ്റുകളാണിത്. സ്‌കൂള്‍ വിദ്യാര്‍ഥികളെയും ഹോസ്റ്റലുകളെ പെണ്‍കുട്ടികളെയും ലക്ഷ്യമിട്ടാണ് ഈ ന്യൂജെന്‍ സിഗററ്റുകളെന്ന് പൊലിസ് പ റയുന്നു.
എസ്.ഐമാരായ ഗോപകുമാര്‍, വിപിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലിസിന്റെ കീഴിലായിരുന്നു റെയ്ഡ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍നിന്ന് ഏഴുലക്ഷം രൂപയുടെ നിരോധിത സിഗററ്റും ഫ്‌ളേവര്‍ ചേര്‍ത്ത സിഗററ്റും പുകയില ചേര്‍ത്ത മൂന്നു കിലോയോളം പുളിമിഠായിയും എക്‌സൈസ് സംഘം പിടിച്ചെടുത്തിരുന്നു. സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടാണ് ഫ്‌ളേവേഡ് സിഗററ്റുകള്‍ എത്തിക്കുന്നത്. നഗരത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ഇടയില്‍ ഇതിന്റെ ഉപയോഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."