ഓര്‍മകളുണര്‍ത്തി ഫോര്‍ട്ട്‌കൊച്ചി പരേഡ് മൈതാനിയില്‍ ദേശീയ പതാക ഉയരുന്നു
മട്ടാഞ്ചേരി: രാജ്യം സ്വതന്ത്രയായ 1947 ഓഗസ്റ്റ് 15ന് ശേഷം ചരിത്രമുറങ്ങുന്ന ഫോര്‍ട്ട്‌കൊച്ചി പരേഡ് മൈതാനിയില്‍ വീണ്ടും ഭാരതത്തിന്റെ ദേശീയ പതാക ഉയരുന്നു. ഇത്തവണത്തെ സ്വതന്ത്ര ദിനത്തിന് പരേഡ് മൈതാനിയിലാണ് ഫോര്‍ട്ട്‌കൊച്ചി സബ് കലക്ടര്‍ എസ് സുഹാസ് ദേശീയ പതാക ഉയര്‍ത്തുന്നത്. സ്വാതന്ത്രം ലഭിച്ചതിന് ശേഷം പിന്നീട് ഇതാദ്യമായാണ് ദേശീയ പതാക ഉയരുന്നത്.
ഫോര്‍ട്ട്‌കൊച്ചി റവന്യൂ ഡിവിഷണല്‍, കൊച്ചി താലൂക്ക്, കൊച്ചി താലൂക്ക് റവന്യൂ റിക്കവറി ഓഫീസ്,താലൂക്ക് പരിധിയിലുള്ള വില്ലേജ് ഓഫീസുകള്‍ എന്നിവടങ്ങളിലെ ജീവനക്കാരും ഇവര്‍ക്ക് പുറമേ കൊച്ചി ഏരിയയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, വിവിധ റസിഡന്‍സ് അസോസിയേഷനുകളും, ഹോംസ്റ്റ അസോസിയേഷനും പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുക്കും.
സ്വാതന്ത്രത്തിന് മുമ്പ് ബ്രിട്ടീഷ് പട്ടാളത്തിന്റ് ബാരക്ക് സ്ഥിതി ചെയ്തിരുന്നത് പരേഡ് മൈതാനിയിലായിരുന്നു. സൈന്യം പരേഡ് നടത്തിയിരുന്നതും ഈ മൈതാനിയിലാണ്. ബാരക്ക് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ബാരക്ക് മൈതാനം എന്ന പേരിലും അറിയപ്പെട്ടിരുന്നു. സ്വാതന്ത്ര പുലരിയില്‍ ബ്രിട്ടീഷ്‌കാരുടെ പതാക താഴ്ത്തിയാണ് ഇവിടെ ഭാരതത്തിന്റെ ദേശീയ പതാക ഉയര്‍ത്തിയത്.
ഇതിന്റെ ഓര്‍മ പുതുക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ പരേഡ് മൈതാനം സ്വതന്ത്ര ദിനാഘോഷത്തിനായി തെരഞ്ഞെടുത്തത്. സാധാരണ ഫോര്‍ട്ട്‌കൊച്ചി താലൂക്ക് ഓഫിസ് വളപ്പിലാണ് സ്വതന്ത്ര്യദിന പതാക ഉയര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."