സര്‍ക്കാരുമായി ഇന്ന് ചര്‍ച്ച റേഷന്‍ സമരം: ചര്‍ച്ച പരാജയപ്പെട്ടാല്‍ കര്‍ശന നടപടി
തിരുവനന്തപുരം: റേഷന്‍ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നതിന്റെ പിന്നാലെ സമവായ ശ്രമവുമായി സര്‍ക്കാര്‍. വ്യാപാരികളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ഇന്ന് ഉച്ചക്ക് രണ്ടിനാണ് യോഗം. എന്നാല്‍, ഇന്നത്തെ യോഗം അലസിപ്പിരിഞ്ഞാല്‍ ശക്തമായ നടപടിയുമായി മുന്നോട്ടുപോകാന്‍ ഭക്ഷ്യ വകുപ്പ് തീരുമാനിച്ചു.
സമരം ചെയ്യുന്ന താല്‍ക്കാലികക്കാരുടെ ലൈസന്‍സുകള്‍ റദ്ദ് ചെയ്യും. എസ്മ പ്രയോഗിച്ച് കടകള്‍ കേരള റേഷനിങ് കണ്‍ട്രോള്‍ ആക്ട് പ്രകാരവും, അവശ്യസാധന നിയന്ത്രണ നിയമപ്രകാരവും പിടിച്ചെടുക്കും. ഇവ കുടുംബശ്രീ, സപ്ലൈകോ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ എന്നിവക്കു നല്‍കാനാണ് തീരുമാനം. ഇന്ന് ചര്‍ച്ചയ്‌ക്കെത്തുന്ന സമരസമിതി ഭാരവാഹികളെ മന്ത്രി ഈ വിവരം അറിയിക്കും.
1,435 റേഷന്‍ കടകളില്‍ 350 പേര്‍ മാത്രമാണ് സമരരംഗത്തുള്ളതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം, താല്‍ക്കാലിക ലൈസന്‍സുള്ളവര്‍ സമര രംഗത്തുനിന്ന് പിന്മാറുമെന്നും വിലയിരുത്തുന്നു. സമരക്കാരുടെ ആവശ്യങ്ങള്‍ എല്ലാം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മന്ത്രിയുടെ നിലപാട്. വിതരണം ചെയ്യുന്ന മൊത്തം റേഷന്‍ ധാന്യത്തില്‍ 46 ശതമാനവും മുന്‍ഗണനാ വിഭാഗങ്ങള്‍ക്കാണ്. സൗജന്യ അരിയ്ക്ക് മുന്‍കൂട്ടി പണം അടയ്‌ക്കേണ്ട ആവശ്യമില്ല. ഇത് കണക്കിലെടുത്താണ് കട പിടിച്ചെടുത്ത് കുടുംബശ്രീയ്ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഇ പേസ് യന്ത്രം സ്ഥാപിക്കുക, റേഷന്‍ കടയുടമകളുടെ വേതന പാക്കേജ് പ്രഖ്യാപിക്കുക, റേഷന്‍ ധാന്യമെത്തിയ ശേഷം എസ്.എം.എസ് സന്ദേശമയക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഒരു വിഭാഗം വ്യാപാരികള്‍ സമരം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."