സോണിയയും മന്‍മോഹനും ഗുജറാത്ത് വിരുദ്ധര്‍- വിജയ് രൂപാണി
അഹമ്മദാബാദ്: മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഗുജറാത്ത് വിരുദ്ധ മനോഭാവം വെച്ചു പുലര്‍ത്തുന്നവരാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ട്വിറ്റര്‍ വഴിയാണ് രൂപാണിയുടെ വിമര്‍ശനം.
അധികാരത്തിലിരുന്ന 10 വര്‍ഷവും രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാതിരുന്ന ആളാണ് മന്‍മോഹന്‍ സിങ്ങെന്ന് രൂപാണി ആരോപിച്ചു. ഭരണ കാലയളവിലെ വികസത്തിലെ മന്ദത, അഴിമതി തുടങ്ങിയക്ക് മന്‍മോഹന്‍ മാപ്പു പറയണമെന്ന് തന്റെ ട്വിറ്റര്‍ പരമ്പരയില്‍ രൂപാണി ആവശ്യപ്പെട്ടു. വികസനമില്ലായ്മയും കൊടികുത്തിയ അഴിമതിയും നയങ്ങളുടെ അഭാവവുമാണ് യുപിഎ സര്‍ക്കാരിന്റെ മുഖമുദ്രയെന്നും രൂപാണി പരിഹസിച്ചു. എന്ത് വിരോധം കൊണ്ടാണ് നര്‍മ്മദാ പദ്ധതി പത്ത് വര്‍ഷം വൈകിപ്പിച്ചതെന്ന് ചോദിച്ച അദ്ദേഹം അതിന് ഗുജറാത്തിലെ ജനങ്ങളോട് മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു. സ്പീക്ക് അപ്പ് മന്‍മോഹന്‍സിംഗ് എന്ന ഹാഷ് ടാഗോടെയായിരുന്നു വിജയ് രൂപാണിയുടെ ട്വീറ്റുകള്‍.
ഒരു സാമ്പത്തികവിദഗ്ദ്ധനെന്ന നിലയില്‍ ഓരോ ഇന്ത്യക്കാരനും ഗുണം ചെയ്യുന്ന ജി.എസ്.ടിയെ മന്‍മോഹന്‍ പിന്തുണയ്‌ക്കേണ്ടിയിരുന്നുവെന്നു പറഞ്ഞ രൂപാണി അധികാരത്തിലിരുന്ന പത്ത് വര്‍ഷവും നരേന്ദ്രമോദിയെ മുഴുവന്‍ അധികാരസംവിധാനങ്ങളും ഉപയോഗിച്ച് യു.പി.എ സര്‍ക്കാര്‍ വേട്ടയാടുകയായിരുന്നുവെന്ന് കുറ്റപ്പെടുത്തി.
'ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരുണ്ടായിരുന്ന സര്‍ക്കാരിനെ നയിച്ച പ്രധാനമന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍ സിങ് ഇന്ത്യയിലെ 125 കോടി ജനങ്ങളോട് മാപ്പ് പറയുമോ'.
''യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടന്ന കല്‍ക്കരി അഴിമതിയില്‍ എന്തെങ്കിലും വിശദീകരണം നല്‍കാനോ ഉത്തരവാദിത്തം ഏറ്റെടുക്കുവാനോ മന്‍മോഹന്‍ തയ്യാറാണോ...?'
''ഡോ.മന്‍മോഹന്‍ സിങ്.... മൗനം പാലിക്കുന്നതാണ് താങ്കളുടെ സ്ഥിരം ശൈലിയെന്നറിയാം പക്ഷേ താങ്കളുടെ ഭരണകാലത്ത് കോടിക്കണക്കിന് രൂപ കള്ളപ്പണമായി ഇന്ത്യയില്‍ നിന്നും ഒഴുകിയപ്പോള്‍ എങ്കിലും താങ്കള്‍ക്ക് എന്തെങ്കിലും പറയാമായിരുന്നു'- എന്നും രൂപാണി ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."