സ്പീക്കര്‍ക്ക് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: ഒരു സെന്റ് ഭൂമിയിലെങ്കിലും നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ താന്‍ മന്ത്രി സ്ഥാനമല്ല എം.എല്‍.എ സ്ഥാനവും രാജിവച്ച് വീട്ടില്‍ പോയിരിക്കുമെന്ന് നിയമസഭയില്‍ മന്ത്രി തോമസ് ചാണ്ടി നടത്തിയ പ്രഖ്യാപനം പാലിക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് കത്ത് നല്‍കി.
2017 ഓഗസ്റ്റ് 17ന് കോണ്‍ഗ്രസ് അംഗം വി.ടി ബല്‍റാമിന്റെ അടിയന്തര പ്രമേയ നോട്ടിസിനുള്ള മറുപടിയിലാണ് കുട്ടനാട്ടിലെ വിവാദപ്രദേശം സന്ദര്‍ശിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയും ഒരു സെന്റ് ഭൂമിയിലെങ്കിലും നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ രാജിവച്ച് വീട്ടില്‍ പോകുമെന്ന് തോമസ് ചാണ്ടി പ്രഖ്യാപിക്കുകയും ചെയ്തത്. ആ വെല്ലുവിളി സ്വീകരിച്ച് താന്‍ കുട്ടനാട്ടിലെ വിവാദ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും മന്ത്രി നടത്തിയ കൈയേറ്റങ്ങളും നിയമലംഘനങ്ങളും നേരില്‍ കണ്ട് ബോദ്ധ്യപ്പെടുകയും ചെയ്തതായി ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ജില്ലാ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് കൂടിയായ ജില്ലാ കലക്ടര്‍ നടത്തിയ അന്വേഷണത്തിലും തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളും കൈയേറ്റങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ റവന്യൂ മന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."