കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് വികസനം സ്വപ്‌നങ്ങളില്‍ ഒതുങ്ങുന്നു
കൊട്ടാക്കര: കേരളത്തിലെ ഏറ്റവും കാലപ്പഴക്കമുള്ള കൊട്ടാരക്കര ബസ് സ്റ്റാന്‍ഡിനോടുള്ള അധകൃതരുടെ അവഗണന തുടരുന്നു. ബസ് സ്റ്റാന്‍ഡിന്റെ വികസനം നടപ്പാകുമെന്ന നാട്ടുകാരുടെ ഏറെക്കാലത്തെ ആഗ്രഹം ഇപ്പോള്‍ സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. സംസ്ഥാനത്തെ ആദ്യ ജനകീയ മന്ത്രിസഭയുടെ കാലത്ത് പ്രവര്‍ത്തനമാരംഭിച്ച ബസ് സ്റ്റാന്‍ഡാണ് അവഗണനയുടെ കയ്പ്പുനീരില്‍ എരിയുന്നത്.
അന്‍പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള ഗതാതഗമന്ത്രി ആയപ്പോഴാണ് അവസാനമായി കൊട്ടാക്കര ബസ് സ്റ്റാന്‍ഡില്‍ നവീകരണം നടന്നത്. പിന്നീട് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു വികസന പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടില്ല.
അന്നുള്ളതിനേക്കാള്‍ പത്തിരിട്ടയിലധികം ബസുകളാണ് ഇപ്പോള്‍ കൊട്ടാരക്കര ഡിപ്പോയിലുള്ളത്. ഇതിനനുസരിച്ചുള്ള വികസനം ഡിപ്പോയിലുണ്ടായിട്ടില്ല. ഇപ്പോള്‍ ബസുകളുടെ ആധിക്യം മൂലം സ്റ്റാന്‍ഡിനുള്ളില്‍ ബസുകള്‍ നിര്‍ത്തിയിടാനുള്ള സൗകര്യങ്ങള്‍ പോലുമില്ല. സ്റ്റാന്‍ഡില്‍ സ്ഥലമില്ലാത്തതിനാല്‍ ദേശീയപാതയ്ക്കു സമീപമാണ് ബസുകള്‍ നിര്‍ത്തിയിടുന്നത്. ഇത് ബസുകളുടെ സുരക്ഷിതത്വത്തേയും ദേശീയപാതയിലെ യാത്രക്കാരെയും ഏറെ ബുദ്ധിമുട്ടിക്കുകയാണ്. ഇങ്ങനെ നിര്‍ത്തിയിട്ടിരിക്കുന്ന ബസുകളില്‍ സാമൂഹ്യവിരുദ്ധരുടെ കൈയേറ്റവും വ്യാപകമാണ്.
50 വര്‍ഷത്തിലധികം പഴക്കമുള്ള ഡിപ്പോയിലെ ഓഫിസ് കം ഷോപ്പിങ് കോപ്ലക്‌സ് കെട്ടിടവും ഇപ്പോള്‍ ജീര്‍ണാവസ്ഥയിലാണ്. കോണ്‍ക്രീറ്റ് പാളികള്‍ ഇളകി വീണതും ചോര്‍ച്ചയും പതിവായിരിക്കുകയാണിവിടെ. ഓഫിസ് ഉപകരണങ്ങളെല്ലാം കാലാഹരണപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഫയലുകള്‍ സൂക്ഷിക്കാനുള്ള സുരക്ഷിത സൗകര്യങ്ങളും ഇവിടെയില്ല. ഓഫിസ് ആധുനികവല്‍ക്കരിക്കുന്നതിനുള്ള ഒരു നടപടിയും നിര്‍മാണ കാലഘട്ടം കഴിഞ്ഞ ശേഷം ഇവിടെ ഉണ്ടായിട്ടില്ല.
സംസ്ഥാന ബജറ്റില്‍ കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ വിവിധ വികസനപദ്ധതികള്‍ക്കായി 250 കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും പ്രധാന ആവശ്യങ്ങളിലൊന്നായ കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിശ്ചിത തുകപോലും നീക്കിവച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."