മൃഗവേട്ട: പ്രതികളെ മഞ്ചേരി വനം കോടതി റിമാന്‍ഡ് ചെയ്തു
വേട്ടക്ക് ഉപയോഗിച്ച ജീപ്പിനും മറ്റ് ഏഴ് പ്രതികള്‍ക്കുമായി വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി
നിലമ്പൂര്‍: മലമാനിന്റെ ഇറച്ചിയുമായി വ്യാഴാഴ്ച രാത്രി പിടിയിലായ വേട്ടസംഘത്തിലെ മൂന്ന് പേരെ മഞ്ചേരി വനം കോടതി റിമാന്‍ഡ് ചെയ്തു. മമ്പാട് പുള്ളിപ്പാടം സ്വദേശികളായ ചപ്പങ്ങാത്തോട്ടത്തില്‍ അലവി(54), വലിയപീടിയേക്കല്‍ നിസാദ്(36), എരഞ്ഞിമങ്ങാട് പൈങ്ങാക്കോട് സ്വദേശി കുന്നമംഗലത്ത് സുകില്ദാസ്(47) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. വേട്ടക്ക് സഹായിച്ചതും ഇറച്ചി വാങ്ങിയവരുമായ ഏഴ് പേരെക്കൂടി ഇനിയും പിടികിട്ടാനുണ്ട്. പുള്ളിപ്പാടം സ്വദേശികളായ സക്കീര്‍, ജാബിര്‍, റഷീദ്, എടവണ്ണ മുണ്ടേങ്ങര സ്വദേശികളായ ഇസ്മായീല്‍, റിയാസ്, ഒതായി സ്വദേശികളായ ജീപ്പ് ഡ്രൈവര്‍ പ്രിഞ്ചു, ബ്രോക്കര്‍ അസൈനാര്‍ എന്നിവരാണ് പിടിയിലാകാനുള്ളത്.
മൂന്ന് പേര് അറസ്റ്റിലായതോടെ ബാക്കി പ്രതികളെല്ലാം ഒളിവില്‍ പോയിരിക്കുകയാണ്. വെടിവെക്കാനുപയോഗിച്ച തോക്ക് ചോക്കാട് ഭാഗത്ത് നിന്നും ലഭിച്ചതാണെന്നും അത് നിര്‍മിച്ച ആള് ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നുമായിരുന്നു പിടിയിലായവരുടെ മൊഴി.
എന്നാല്‍ ഇത് എത്രമാത്രം വിശ്വസനീയമാണെന്ന കാര്യം വ്യക്തമല്ല. വ്യാപകമായി നാടന്‍ തോക്കുകള്‍ വേട്ടയുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്നതിനാല്‍ പുതിയ തോക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട ആളുകള്‍ ജില്ലയില്‍ ഉണ്ടോ എന്ന കാര്യവും വനംവകുപ്പും പൊലിസും അന്വേഷിച്ച് വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."