പുതിയ ജനാധിപത്യബോധത്തിന് പിന്നില്‍
നോട്ട് റദ്ദാക്കി ഒരു വര്‍ഷം കഴിയുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പബ്ലിക്കേഷന്‍ വകുപ്പു രാജ്യത്തെ എല്ലാ പത്രങ്ങളിലും പ്രസിദ്ധപ്പെടുത്തിയ പരസ്യം ഏറെ ശ്രദ്ധേയമായി. 125 കോടി ഇന്ത്യക്കാര്‍ അഴിമതിക്കും കള്ളപ്പണത്തിനുമെതിരേ നിര്‍ണായകയുദ്ധം നടത്തുകയും വിജയം കൈവരിക്കുകയും ചെയ്തുവെന്നാണു തലക്കെട്ട്. യുദ്ധം ചെയ്തത് ജനങ്ങളാണ്, വിജയിച്ചതും അവര്‍ തന്നെയെന്നത് ഉയര്‍ന്ന ജനാധിപത്യ ബോധമാണു പ്രകടിപ്പിക്കുന്നതെന്ന തോന്നലുണ്ടാക്കാന്‍ പര്യാപ്തം തന്നെ.
ജനങ്ങള്‍ നടത്തിയ യുദ്ധം വിജയിച്ചു കഴിഞ്ഞാല്‍ കാര്യം അതോടെ കഴിഞ്ഞുവെന്ന ധ്വനിയും അതിലടങ്ങിയിട്ടുണ്ട്. ജയിച്ച യുദ്ധത്തിനുശേഷം തോറ്റ ശത്രുവിനെ ആക്രമിക്കുന്നതു മര്യാദയല്ലല്ലോ. അതുകൊണ്ട് അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ യുദ്ധം ഇതോടെ അവസാനിപ്പിക്കുമെന്ന പ്രഖ്യാപനമാകാം അത്.
ഈ പരസ്യം ശ്രദ്ധേയമാവുന്നതു വിട്ടുപോയ കാര്യം കൊണ്ടാണ്. നവംബര്‍ 8ന് രാത്രി 8 മണിക്കു നടത്തിയ പ്രഖ്യാപനത്തില്‍ നാലു കാര്യങ്ങള്‍ക്കു വേണ്ടിയാണു യുദ്ധം ആരംഭിക്കുന്നതെന്നാണു പ്രധാനമന്ത്രി പറഞ്ഞത്: കള്ളപ്പണം, കള്ളനോട്ട് , തീവ്രവാദം, അഴിമതി ഇതൊക്കെ പ്രധാനമന്ത്രി തന്നെ അക്കമിട്ടു പറഞ്ഞതാണെങ്കിലും ഒരു കൊല്ലം കഴിഞ്ഞു പ്രസിദ്ധപ്പെടുത്തുന്ന പരസ്യത്തില്‍ രണ്ടു പ്രധാന ലക്ഷ്യങ്ങള്‍ കാണാനില്ല. അഭാവം കൊണ്ടു ശ്രദ്ധേയമാവുന്നതു കള്ളനോട്ടും തീവ്രവാദവും തന്നെ. ഈ രണ്ടു കാര്യത്തിലും വന്‍ പരാജയമാണെന്ന മൗനസമ്മതമാണ് ഈ ഒഴിവാക്കല്‍ വഴി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.
അത് ശരിയാണുതാനും. റിസര്‍വ് ബാങ്ക് കഴിഞ്ഞവര്‍ഷം കണ്ടുപിടിച്ച നോട്ടിന്റെ ഇരട്ടിയിലേറെയാണു നോട്ടു റദ്ദാക്കലിനു ശേഷം കണ്ടെത്തിയത്. ബാങ്കുകള്‍ വഴി റിസര്‍വ് ബാങ്കിലെത്തിയ ഈ നോട്ടുകള്‍ ആരുടേതാണെന്നു കണ്ടെത്താനാവാത്തതു കൊണ്ട് അതിന്റെ ഉത്തരവാദിത്വം ബാങ്കുകളുടേതായിരിക്കുമെന്നു 2016 ഡിസംബറില്‍ അന്നത്തെ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രസ്താവിച്ചിരുന്നല്ലോ.
കള്ളനോട്ടച്ചടിക്കാര്‍ അവസരം നന്നായി ഉപയോഗപ്പെടുത്തി എന്നര്‍ഥം. ഇതുകൊണ്ടു മാത്രമല്ല കള്ളനോട്ടിനെ ഒഴിവാക്കിയത്. നാട്ടില്‍നിന്നു പിടിച്ചേടത്തോളം കള്ളനോട്ടിടപാടില്‍ മിക്കതും നടത്തിയതു സംഘ്പരിവാര്‍ ബന്ധുക്കളാണെന്ന നാണക്കേട് ഇങ്ങനെയും മറയ്ക്കാമെന്നു കരുതിയതാവാം. തോറ്റ യുദ്ധത്തെപറ്റി ജയാരവങ്ങള്‍ നടത്താറില്ലല്ലോ.
തീവ്രവാദമാണെങ്കില്‍ ഒരു വര്‍ഷംകൊണ്ടു 42 ശതമാനമാണു കൂടിയത്. സ്വാഭാവികമായും അതൊഴിവാക്കുകയേ മാര്‍ഗമുള്ളൂ. ഇങ്ങനെ നാലില്‍ രണ്ടു ജയിച്ചു വന്നതിലെ 50 ശതമാനം മാര്‍ക്ക് ജനങ്ങള്‍ക്കുള്ളതാണെന്നാണു പ്രഖ്യാപനം. അങ്ങനെയല്ലെങ്കില്‍ മറ്റേ 50 ശതമാനത്തിന്റെ തോല്‍വി തങ്ങളുടെ കണക്കിലാണു വരികയെന്നതുകൊണ്ടു തന്നെയാണ് ഈ പുതിയ ജനാധിപത്യബോധ പ്രകടനം .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."