തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രിക്ക് വിട്ടു
തിരുവനന്തപുരം: ഭൂമി കൈയേറ്റത്തില്‍ ആരോപണ വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എല്‍.ഡി.എഫ് യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. ഉചിതമായ സമയത്ത് മുഖ്യമന്ത്രി തീരുമാനം എടുക്കുമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കി.
ഘടകകക്ഷികള്‍ പന്ത് മുഖ്യമന്ത്രിക്ക് കൈമാറിയതോടെ തോമസ് ചാണ്ടിക്ക് പുറത്തേക്കുള്ള വഴിയായി. ഒന്നരവര്‍ഷം പിന്നിട്ട ഇടതു സര്‍ക്കാരില്‍ നിന്ന് മൂന്നാം മന്ത്രിയും രാജിവയ്ക്കുമെന്ന് ഇതോടെ ഉറപ്പായി. അതേസമയം, രാജി രണ്ടുദിവസം കൂടി നീളുമെന്ന സൂചന നല്‍കിയാണ് എല്‍.ഡി.എഫ് യോഗം പിരിഞ്ഞത്. രാജിക്കാര്യത്തില്‍ സി.പി.എമ്മും സി.പി.ഐയും ഒരേനിലപാട് സ്വീകരിച്ചതോടെ എല്‍.ഡി.എഫ് യോഗത്തില്‍ എന്‍.സി.പി ഒറ്റപ്പെട്ടു.
ഇന്നലെ ചേര്‍ന്ന എല്‍.ഡി.എഫ് യോഗം രണ്ടര മണിക്കൂറാണ് വിഷയം ചര്‍ച്ച ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഒന്നാമത്തെ അജണ്ട തോമസ് ചാണ്ടി വിഷയം ആയിരുന്നു. തോമസ് ചാണ്ടിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മില്‍ വാക്‌പോരിനും യോഗം വേദിയായി. ആദ്യം എന്‍.സി.പിയുടെ നിലപാടാണ് ആരാഞ്ഞത്.
തോമസ് ചാണ്ടിക്കെതിരായ ആരോപണം മാധ്യമ സിന്‍ഡിക്കേറ്റിന്റെ അജണ്ടയാണെന്നും അതിനാല്‍ മന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്നും എന്‍.സി.പി പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. എന്നാല്‍ തോമസ് ചാണ്ടിയുടെ രാജി അനിവാര്യമായ സാഹചര്യമാണുള്ളതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. സര്‍ക്കാരിന് കളങ്കമുണ്ടാക്കുന്ന രീതിയിലാണ് തോമസ് ചാണ്ടി പ്രവര്‍ത്തിച്ചതെന്നും അതിനാല്‍ അദ്ദേഹം രാജിവയ്ക്കുന്നതാണ് മര്യാദയെന്നും കാനം പറഞ്ഞു.
തെക്കന്‍ മേഖലാ ജനജാഗ്രതായാത്രയ്ക്ക് കുട്ടനാട്ടില്‍ നല്‍കിയ സ്വീകരണത്തില്‍ തോമസ് ചാണ്ടി നടത്തിയ വെല്ലുവിളി യോഗത്തെ പിടിച്ചുലച്ചു.
കാനം രാജേന്ദ്രന്‍ തന്നെ തെറ്റിദ്ധരിച്ചെന്നായിരുന്നു തോമസ് ചാണ്ടിയുടെ പരിഭവം. താന്‍ വെല്ലുവിളി നടത്തിയത് പ്രതിപക്ഷത്തോടാണ്. കാനത്തോടോ സി.പി.ഐയോടോ അല്ല. നിരപരാധിത്വം തെളിയിക്കാനാണ് കോടതിയില്‍ പോയതെന്നും തോമസ് ചാണ്ടി പറഞ്ഞു. വെല്ലുവിളി അനവസരത്തിലും ഔചിത്യമില്ലാത്തതെന്നും കോടതിയില്‍ പോയത് സര്‍ക്കാരിനെ വെല്ലുവിളിച്ചാണെന്നുമായിരുന്നു കാനത്തിന്റെ മറുപടി.
ഇതിനിടെ, പീതാംബരന്‍ മാസ്റ്റര്‍ വീണ്ടും ഇടപെട്ടു. കോടതി വിധി വരും വരെ കാക്കണമെന്നായിരുന്നു അദ്ദേഹം മുന്നോട്ടുവച്ച നിര്‍ദേശം. സുപ്രിംകോടതി വിധി വരുന്നതുവരെ കാക്കണമോ എന്ന് പരിഹാസവുമായി കാനം ഇതിനെ നേരിട്ടു. ഹൈക്കോടതിയുടെ തീരുമാനത്തിനു കാത്തിരിക്കുന്നത് അപ്രായോഗികമാണെന്നും തോമസ് ചാണ്ടി രാജിവച്ചില്ലെങ്കില്‍ സി.പി.ഐ പരസ്യമായി രാജി ആവശ്യപ്പെടുമെന്നും കാനം ഭീഷണി മുഴക്കി. ഇതിനോട് എന്‍.സി.പി നേതാക്കള്‍ പ്രതികരിച്ചില്ല. ജെ.ഡി.എസും തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന നിലപാടിലായിരുന്നു. കലക്‌റുടെ റിപ്പോര്‍ട്ടിനെതിരേ സര്‍ക്കാരിലെ മന്ത്രി തന്നെ കോടതിയില്‍ പോയത് ഉചിതമായില്ലെന്നും ജെ.ഡി.എസ് വിമര്‍ശിച്ചു. ചൊവ്വാഴ്ച എന്‍.സി.പിയുടെ യോഗം നടക്കുകയാണെന്നും കൂടാതെ ദേശീയ നേതൃത്വവുമായി ആശയ വിനിമയം നടത്തേണ്ടതുണ്ടെന്നും പീതംബരന്‍ മാസ്റ്റര്‍ പറഞ്ഞു.
തര്‍ക്കം രൂക്ഷമായതോടെ കോടിയേരി ബാലകൃഷ്ണന്‍ ചര്‍ച്ചയില്‍ ഇടപെട്ടു. ഒത്തുതീര്‍പ്പ് എന്ന നിലയില്‍ തോമസ് ചാണ്ടിയുടെ രാജി മന്ത്രിസഭയുടെ നാഥനെന്ന നിലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിക്കട്ടെയെന്ന കോടിയേരിയുടെ നിര്‍ദേശം യോഗം അംഗീകരിച്ചു. രാജിവയ്ക്കില്ലെന്ന് എന്‍.സി.പി നേതാക്കള്‍ യോഗത്തില്‍ പറഞ്ഞത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിക്കാര്യത്തില്‍ തീരുമാനം പറയാന്‍ എന്‍.സി.പി നേതാക്കളോട് ആവശ്യപ്പെട്ടു. മുന്നണി മര്യാദ എന്ന രീതിയിലാണ് രാജി എഴുതി വാങ്ങാത്തത് എന്നും മുഖ്യമന്ത്രി എന്‍.സി.പി നേതാക്കളോട് പറഞ്ഞു. ഇതോടെ രണ്ടു ദിവസത്തെ സമയം വേണമെന്ന് എന്‍.സി.പി നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
സി.പി.ഐയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, 'ഹാപ്പിയാണ്' എന്നായിരുന്നു യോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. വെളുത്ത പുക കണ്ടുവെന്ന് പന്ന്യന്‍ രവീന്ദ്രനും പറഞ്ഞു. എല്ലാകാര്യങ്ങളും എല്‍.ഡി.എഫ് കണ്‍വീനര്‍ പറയുമെന്നായിരുന്നു എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസ്റ്ററും, എ.കെ ശശീന്ദ്രനും പ്രതികരിച്ചത്. തങ്ങള്‍ കൂടി പങ്കെടുത്ത യോഗത്തിന്റേതാണ് തീരുമാനമെന്നും അവര്‍ പറഞ്ഞു. അതിനിടെ ഗതാഗത വകുപ്പ് മന്ത്രിയെക്കുറിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ കലക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ എ.ജിയുടെ നിയമോപദേശം പരിശോധിച്ച് ഉചിതമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തുവെന്ന രണ്ടു വരി വാര്‍ത്താ കുറിപ്പ് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പുറത്തിറക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."