അക്വാട്ടിക് ചാംപ്യന്‍ഷിപ്പ്: തിരുവനന്തപുരത്തിന് ഓവറോള്‍ കിരീടം
കൃശൂര്‍: 48ാമത് സംസ്ഥാന സ്‌കൂള്‍ അക്വാട്ടിക് ചാംപ്യന്‍ഷിപ്പ് തൃശൂരില്‍ സമാപിച്ചു. 698 പോയിന്റ് നേടിയ തിരുവനന്തപുരം ജില്ലയാണ് ഓവറോള്‍ ചാംപ്യന്മാര്‍. 96 സ്വര്‍ണവും 67 വെള്ളിയും 57 വെങ്കലവും നേടിയാണ് നിലവിലെ ചാംപ്യന്മാര്‍ കൂടിയായ തിരുവനന്തപുരം കിരീടം നിലനിര്‍ത്തിയത്.
ചാംപ്യന്‍ഷിപ്പിന്റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയിരുന്ന തിരുവനന്തപുരത്തിന് ഒരു ഘട്ടത്തില്‍പോലും വെല്ലുവിളി ഉയര്‍ത്താന്‍ മറ്റു ടീമുകള്‍ക്കായില്ല. ആറ് സ്വര്‍ണവും 20 വെള്ളിയും 26 വെങ്കലവുമടക്കം 140 പോയിന്റ് നേടിയ ആതിഥേയരായ തൃശൂര്‍ രണ്ടാം സ്ഥാനവും 13 സ്വര്‍ണമടക്കം 111 പോയിന്റോടെ എറണാകുളം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വാട്ടര്‍പോളോയില്‍ തിരുവനന്തപുരം, തൃശൂര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി.
വിമല കോളജിന്റെ പാടൂക്കാടുള്ള അക്വാട്ടിക്‌സ് അക്കാദമിയില്‍ നടന്ന ചാംപ്യന്‍ഷിപ്പിന്റെ സമാപന സമ്മേളനം മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ കായികമേഖല അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതടക്കമുള്ള സമഗ്രമായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ വര്‍ഷം മുതല്‍ ചാംപ്യന്‍ഷിപ്പിലെ പുരസ്‌കാര തുക ഇരട്ടിയായി വര്‍ധിപ്പിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു. മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനായി. സി.എന്‍. ജയദേവന്‍ എം.പി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വിന്‍സെന്റ് കാട്ടൂക്കാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."