കണ്ണൂര്‍ സിറ്റിയില്‍ കലോത്സവാരവം
കണ്ണൂര്‍സിറ്റി: അറക്കലിന്റെയും ചിറക്കലിന്റെയും സംസ്‌കാരിക ഭൂമിയില്‍ നോര്‍ത്ത് സബ് ജില്ലാ കലോത്സവത്തെ കണ്ണൂര്‍സിറ്റി നിവാസികള്‍ വരവേറ്റത് ജാതി-മത-കക്ഷി രാഷ്ട്രീയ ഭേദമന്യേ അതിരുകളില്ലാത്ത സ്‌നേഹത്തിന്റെയും സഹോദര്യത്തിന്റെയും കാഹളം മുഴക്കിക്കൊണ്ട്.
സിറ്റി ദീനുല്‍ ഇസ്‌ലാം സഭ ഗേള്‍സ് എച്ച്.എസ്.എസ് സ്‌കൂളില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് ചൊവ്വാഴ്ച കലോത്സവം ഉദ്ഘാടനം ചെയ്തത്. മുന്‍ കേന്ദ്രമന്ത്രിയും യു.എന്‍ അസ്ലംബിയില്‍ ഒരുപാട് വര്‍ഷം ഇന്ത്യയെ പ്രതിനിധാനം ചെയ്ത ഇ. അഹമ്മദ് സാഹിബിന്റെ പാദസ്പര്‍ശമേറ്റ മണ്ണിലാണ് നാലു ദിവസങ്ങളിലായി കലോത്സവം അരങ്ങേറുന്നത്. പ്രദേശവാസികള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി സുരക്ഷയും വളരെ വേഗത്തില്‍ മറ്റുവേദിയില്‍ എത്തിക്കുവാന്‍ വാഹന സൗകര്യവും ഏര്‍പ്പെടുത്തികൊടുക്കാന്‍് മുന്‍പന്തിയിലുണ്ട്. ഇതിനു പുറമെ സിറ്റി സി.ഐ പ്രമോദ്, എസ്.ഐമാരായ ബാബുവിന്റെയും ദിനേശന്റെയും നേതൃത്വത്തിലുള്ള വനിത പൊലിസ് അടക്കമുള്ള 45ഓളം വരുന്ന സംഘവുമാണ് ഗതാഗതവും മറ്റും നിയന്ത്രിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വന്‍ ജനപങ്കാളിത്തമാണ് ഇവിടെ ഉണ്ടായത്. കലോത്സവ പരിപാടിക്കു ശേഷം ഒന്നാം വേദിയായ തോപ്പിലാണ് വൈകുന്നേരം പ്രോഗ്രാം കമ്മിറ്റിയുടെ കീഴില്‍ വിവിധ ഇനം കലാപരിപാടികള്‍ അരങ്ങേറുന്നത്. ഇന്നലെ മെഹഫില്‍ ഗസലും ഇന്ന് വൈകുന്നേരം മാപ്പിള്ള പാട്ടിന്റെ പൂര്‍വികന്മാരെ അനുസ്മരിച്ച് കൊണ്ട് മൈലാഞ്ചി രാവും നടക്കും. 110 ഓളം വിദ്യാലയങ്ങളും 5500 ഓളം കലാ പ്രതിഭകളും 20ല്‍ പരം വേദികളുമാണ് കലോത്സവത്തില്‍ മാറ്റുരക്കുന്നത്. തികച്ചും ഹരിത പ്രോട്ടോകോള്‍ അനുസരിച്ചാണ് കലോത്സവം നടക്കുന്നത്. സമാപന സമ്മേളനം നാളെ 4.15 ന് ദീനുല്‍ ഇസ്‌ലാം സഭ എച്ച്.എസ്.എസില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണല്‍-വിദ്യാഭ്യാസ ഷാഹിനാ മൊയ്തീന്റെ അധ്യക്ഷതയില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."