കാലവര്‍ഷം രണ്ടരമാസം പിന്നിട്ടു; സംഭരണികളില്‍ പകുതി മാത്രം വെള്ളം
തൊടുപുഴ: കാലവര്‍ഷം രണ്ടര മാസം പിന്നിട്ടിട്ടും വൈദ്യുതി ബോര്‍ഡ് സംഭരണികള്‍ നിറഞ്ഞത് പകുതിമാത്രം. സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി 49.6 ശതമാനം വെള്ളമാണ് നിലവിലുള്ളത്. 2029.071 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഉതകുന്ന വെള്ളമാണിത്.
കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 219.621 ദശലക്ഷം യൂനിറ്റ് കുറവാണിത്. ആഭ്യന്തര ഉല്‍പ്പാദനം കുറച്ച് പുറമെനിന്നും വാങ്ങുന്ന വൈദ്യുതിയുടെ അളവ് ഉയര്‍ത്തിയതിനാലാണ് ഇത്രയെങ്കിലും വെള്ളം സംഭരണികളില്‍ ഉണ്ടായത്. കഴിഞ്ഞ രണ്ടര മാസമായി ശരാശരി ആഭ്യന്തര വൈദ്യുതി ഉല്‍പാദനം 15 ദശലക്ഷം യൂനിറ്റില്‍ താഴെയാണ്. ശരാശരി 50 ദശലക്ഷം യൂനിറ്റ് വൈദ്യുതി പുറത്തുനിന്നും എത്തിക്കുന്നുണ്ട്.
ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 14 വരെ ലഭിക്കേണ്ട മഴയുടെ 70 ശതമാനം മാത്രമാണ് ഇക്കുറി ലഭിച്ചത്. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി ലഭിക്കുന്നത്. ഈ കാലയളവിലാണ് സാധാരണ അണക്കെട്ടുകള്‍ 70 ശതമാനം നിറയുന്നത്. തുലാമഴയില്‍ 30 ശതമാനവും നിറയും. ഈ കീഴ്‌വഴക്കങ്ങളെല്ലാം ഇക്കുറി തെറ്റും.
പ്രധാന അണക്കെട്ടായ ഇടുക്കിയിലെ ഇന്നലത്തെ ജലനിരപ്പ് 2347.36 അടിയാണ്. ഇത് സംഭരണശേഷിയുടെ 44 ശതമാനമാണ്. പമ്പ 57, ഷോളയാര്‍ 60, ഇടമലയാര്‍ 49, കുണ്ടള 39, കുറ്റ്യാടി 58, ആനയിറങ്കല്‍ 27, നേര്യമംഗലം 55, പൊരിങ്ങല്‍ 59, പൊന്മുടി 68 ശതമാനം എന്നിങ്ങനെയാണ് മറ്റു പ്രധാന സംഭരണികളിലെ ജലനിരപ്പ്.
കഴിഞ്ഞവര്‍ഷം ഇതേ സമയം 2248.692 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ ജലം സംഭരണികളിലുണ്ടായിരുന്നു. 2029.071 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് ഇപ്പോള്‍ ഉള്ളത്. കഴിഞ്ഞ നാലുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് ഇപ്പോള്‍ സംഭരണികളിലുുള്ളത്.
2013 ല്‍ 3877.264 ദശലക്ഷം യൂണിറ്റും 2014 ല്‍ 2441.409 ദശലക്ഷം യൂണിറ്റും 2015 ല്‍ 2248.692 ദശലക്ഷം യൂനിറ്റും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളവും ഈ സമയത്ത് സംഭരണികളിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."