ഗതാഗതക്കുരുക്കിനെതിരേ മൃതദേഹമായി കിടന്ന് ഒറ്റയാള്‍ പ്രതിഷേധം
മൂവാറ്റുപുഴ: ഒറ്റയാള്‍ സമരത്തിലൂടെ ശ്രദ്ധേയനായ ഓട്ടോ ഡ്രൈവര്‍ എം.ജെ ഷാജി വീണ്ടും വ്യത്യസ്ത സമരവുമായി രംഗത്ത്. മണിക്കൂറുകളോളം മൃതദേഹമായി കിടന്നായിരുന്നു മൂവാറ്റുപുഴ വാഴപ്പിള്ളി മുണ്ടയ്ക്കല്‍ എം.ജെ ഷാജിയുടെ ഇത്തവണത്തെ പ്രതിഷേധം. നഗരസഭ ഓഫീസിനു മുന്നില്‍ ഇന്നലെ രാവിലെ 11ന് ആരംഭിച്ച പ്രതിഷേധം വൈകുന്നേരം അഞ്ചുവരെ നീണ്ടുനിന്നു. നഗരത്തിലെ ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കുക, ഗതാഗതകുരുക്ക് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബോര്‍ഡും സ്ഥാപിച്ചാണ് മൃതദേഹമായി കിടന്നത്.
വെളുത്തതുണി പുതച്ചു മേശയില്‍ കിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും തടിച്ചുകൂടി. ഓട്ടോറിക്ഷ തൊഴിലാളികള്‍ റീത്തും സമര്‍പ്പിച്ചു. സ്ത്രീകളടക്കമുള്ളവര്‍ വാഹനം നിര്‍ത്തി കാഴ്ചക്കാരായതോടെ വേറിട്ട സമരം കാണാന്‍ തിരക്കേറി.
ഉച്ചയ്ക്ക് വെയില്‍ കനത്തതോടെ നാട്ടുകാരും ആശങ്കയിലായി. സമീപത്തെ എയ്ഡ് പോസ്റ്റിലെ പോലീസുകാരും വ്യാപാരിയും ഉള്‍പ്പെടെയുള്ളവര്‍ കുടിവെള്ളവുമായെത്തി. എന്നാല്‍ വെള്ളം കുടിക്കാന്‍ ഷാജി ആദ്യം വിസമ്മതിച്ചുവെങ്കിലും നാട്ടുകാരുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് ഒടുവില്‍ അല്‍പം വെള്ളം കുടിക്കാന്‍ വരെ തയാറായത്. ഷാജിക്ക് അഭിവാദ്യം അര്‍പ്പിച്ച് പൗരസമിതി പ്രവര്‍ത്തകരും സ്ഥലത്ത് എത്തിയിരുന്നു. ഒരു മാസം മുമ്പ് ഫയര്‍ഫോഴ്‌സ് മന്ദിരത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രണ്ടര കിലോമീറ്റര്‍ നഗരത്തിലൂടെ മുട്ടിലിഴഞ്ഞ് നടത്തിയ പ്രതിഷേധം ഏറെ ജനശ്രദ്ധ നേടിയിരുന്നു.
നാളുകളായി ഹര്‍ത്താല്‍ ദിനത്തില്‍ തന്റെ ഓട്ടോറിക്ഷയില്‍ സൗജന്യ യാത്രയും ഭക്ഷണവും ഇദ്ദേഹം ഒരുക്കുന്നുണ്ട്. ഏറെ കൊട്ടിഘോഷിച്ചാണ് നഗരത്തില്‍ ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കാന്‍ നഗരസഭ തീരുമാനിച്ചത്. എന്നാല്‍ ചിലരുടെ സമ്മര്‍ദത്തിനു വഴങ്ങി തീരുമാനം അട്ടിമറിക്കുകയായിരുന്നുവെന്നും ഇതോടെ നഗരത്തില്‍ ഗതാഗത കുരുക്ക് വീണ്ടും രൂക്ഷമായതായും ഷാജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."