ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കം പാളി ഇന്ത്യ
കൊല്‍ക്കത്ത: മഴയും വെളിച്ചക്കുറവും മൂലം ആദ്യ ദിനത്തിന്റെ സിംഹഭാഗവും നഷ്ടപ്പെട്ട ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ തുടക്കം പാളി. മഴയെ തുടര്‍ന്ന് ആദ്യ ദിനത്തില്‍ ലഞ്ചിന് ശേഷം മാത്രമാണ് കളി ആരംഭിച്ചത്. ബാറ്റിങിനിറങ്ങിയ ഇന്ത്യ വെളിച്ചക്കുറവ് കാരണം ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുന്നു.
11.5 ഓവര്‍ മാത്രമാണ് ഒന്നാം ദിനം കളി നടന്നത്. കളി നിര്‍ത്തുമ്പോള്‍ വിശ്വസ്തന്‍ ചേതേശ്വര്‍ പൂജാര (എട്ട്), റണ്ണൊന്നുമെടുക്കാതെ അജിന്‍ക്യ രഹാനെ എന്നിവരാണ് ക്രീസില്‍. കെ.എല്‍ രാഹുല്‍ (പൂജ്യം), ധവാന്‍ (എട്ട്), കോഹ്‌ലി (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ആറോവര്‍ എറിഞ്ഞ് ആറും മെയ്ഡനാക്കി ആദ്യ ദിനത്തില്‍ ഇന്ത്യക്ക് നഷ്ടപ്പെട്ട മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി മീഡിയം പേസര്‍ സുരംഗ ലക്മലാണ് ഇന്ത്യയെ വിറപ്പിച്ചത്.
ടോസ് നേടി ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. ഒന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ രാഹുലിനെ വിക്കറ്റ് കീപ്പര്‍ ഡിക്ക്‌വെല്ലയുടെ കൈകളിലെത്തിച്ച് സുരംഗ ഇന്ത്യയെ തുടക്കം തന്നെ ഞെട്ടിച്ചു. പിന്നീട് ധവാനെ സ്‌കോര്‍ 13ല്‍ നില്‍ക്കെ ക്ലീന്‍ ബൗള്‍ഡാക്കി അടുത്ത പ്രഹരം.
പിന്നാലെ നായകന്‍ കോഹ്‌ലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി വീണ്ടും താരത്തിന്റെ മികവ്. പതിനൊന്ന് പന്തില്‍ റണ്‍സൊന്നും കണ്ടെത്താനാകാതെ കോഹ്‌ലി മടങ്ങി. 43 പന്തുകള്‍ നേരിട്ടാണ് പൂജാര എട്ട് റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നത്.
ഇന്ന് പൂജാര- രഹാനെ കൂട്ടുകെട്ട് നിലയുറപ്പിച്ച് പിടിച്ചുനിന്നാല്‍ മാത്രം ഇന്ത്യക്ക് മികച്ച സ്‌കോര്‍ പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."