ആ 'കൂവല്‍' ബ്ലാസ്റ്റേഴ്‌സിനുള്ള മുന്നറിയിപ്പ്
കൊച്ചി: ഒരു കളി കൊണ്ടൊന്നും ഒരു ടീമിനെയും വിലയിരുത്താനാകില്ല. അത് നന്നായി തിരിച്ചറിയുന്നവരാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞയില്‍ കളിച്ചാടുന്ന ഫുട്‌ബോള്‍ പ്രേമികളുടെ കൂട്ടവും. കോടികള്‍ പ്രതിഫലം നല്‍കി കൊണ്ടുവന്ന സൂപ്പര്‍ 'വയസന്‍'മാര്‍ കളി മറന്ന് പോയാല്‍ കാണികള്‍ പൊട്ടിത്തെറിക്കും. ഹോം ഗ്രൗണ്ടിലെ വിജയം ഏത് ടീമും മോഹിക്കുന്നതാണ്. പന്ത്രണ്ടാമനായി ഗാലറി ഒപ്പം കൈയടിക്കുമ്പോള്‍ വിജയത്തിനായി എല്ലാം മറന്ന് പോരാടും.
വെള്ളിയാഴ്ച രാവില്‍ കേരള ബ്ലാസ്റ്റേഴ്്‌സില്‍ വിജയ മോഹം കാണാനേയില്ലായിരുന്നു. ഒരിക്കലും ബ്ലാസ്റ്റേഴ്‌സിനെ സ്വന്തം ഫാന്‍സ് കൂവി വിളിച്ചിട്ടില്ല. കാറ്റ് പോയ തുകല്‍ പന്ത് പോലെയായി മാറിയ രണ്ടാം പതിപ്പിലും കാണികള്‍ ബ്ലാസ്റ്റേഴ്‌സിനെ കൈവിട്ടില്ല. എത്രമാത്രം സ്വന്തം ടീമിനെ മഞ്ഞപ്പട നെഞ്ചേറ്റുന്നു എന്നതിന് വേറെ തെളിവ് വേണ്ട. കഴിഞ്ഞ മൂന്ന് സീസണിലും അവര്‍ തൊണ്ടപ്പൊട്ടുമാറ് ആര്‍പ്പുവിളിച്ചു. തിരിച്ച് അവര്‍ പ്രതീക്ഷിക്കുന്നത് മനോഹരമായ കാല്‍പന്തുകളിയും വിജയവുമാണ്.
വെള്ളിയാഴ്ച അരലക്ഷത്തിലേറെ കാണികള്‍ മഞ്ഞ ജേഴ്‌സിയും അണിഞ്ഞ് ഗാലറിയില്‍ ആര്‍ത്തുവിളിച്ചത് സോക്കര്‍ വസന്തം ആഘോഷമാക്കാനായിരുന്നു. ബ്ലാസ്റ്റേഴ്‌സ് താരനിര അവര്‍ക്ക് തിരിച്ചു നല്‍കിയതാകട്ടെ നിരാശയും. കോടികള്‍ മുടക്കി കൊട്ടിഘോഷിച്ചു ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഇറക്കുമതി ചെയ്ത വമ്പന്‍ താരങ്ങള്‍ കൊച്ചിയുടെ പുല്‍ത്തകിടിയില്‍ ലക്ഷ്യമില്ലാതെ ഉഴറി നടന്നാല്‍ കൂവാതെ പിന്നെ കാണികള്‍ എന്ത് ചെയ്യാന്‍. കേരള ബ്ലാസ്റ്റേഴ്‌സ്- അമ്ര ടീം കൊല്‍ക്കത്ത പോരാട്ടത്തില്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മനസില്‍ സൂക്ഷിക്കാന്‍ എന്താണുള്ളത്. വിരസമായൊരു രാവ്. ലോകത്തെ ഏറ്റവും ശബ്ദായമാനമായ സ്റ്റേഡിയത്തില്‍ നിന്ന് കൂവല്‍ കേള്‍ക്കേണ്ടി വന്നെങ്കില്‍ അത് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും താരങ്ങളും അര്‍ഹിക്കുന്നു. എത്ര വലിയ വമ്പന്‍ താര നിരയെ കൊണ്ടു വന്നാലും ഫാന്‍സ് മുഖം തിരിച്ചാല്‍ പ്രശസ്തി ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീഴുമെന്ന മഞ്ഞപ്പടയ്ക്കുള്ള മുന്നറിയിപ്പ്. മഞ്ഞയില്‍ കളിച്ചാടാന്‍ ആരവങ്ങള്‍ക്ക് മേലെ ആഘോഷം തീര്‍ത്ത കാണികള്‍ കാഴ്ചയില്ലാത്തവരും വിവേകമില്ലാത്തവരുമെന്ന് കരുതരുത്. പഠനവും തൊഴിലും കൂലിയും സമയവും നഷ്ടപ്പെടുത്തി അരലക്ഷത്തിലേറെ പേര്‍ ഗാലറിയിലേക്ക് ഒഴുകിയത് കലിപ്പടക്കി ബ്ലാസ്റ്റേഴ്‌സ് കപ്പിലേക്കുള്ള ആദ്യ ചുവടുവയ്ക്കുന്ന സുന്ദര മുഹൂര്‍ത്തത്തിനായാണ്. അവര്‍ക്ക് ദിമിത്രി ബെര്‍ബറ്റോവും ഇയാന്‍ ഹ്യൂമും തിരിച്ചു നല്‍കിയത് എന്താണ്. ശരാശരി സ്‌കൂള്‍ കുട്ടികളുടെ കളി നിലവാരത്തിലേക്ക് പോലും എത്തിയില്ല. ഓര്‍മയില്‍ സൂക്ഷിക്കുന്ന സുന്ദര മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ല. എ.ടി.കെയോട് തോറ്റില്ലെന്ന ആശ്വാസം മാത്രം.
ബള്‍ഗേറിയന്‍ ഇതിഹാസവും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മിന്നും താരവുമായിരുന്ന ബെര്‍ബറ്റോവ് കളിക്കളത്തില്‍ നിഴല്‍ മാത്രമായിരുന്നു. 2016 മെയില്‍ കളി നിര്‍ത്തിയ താരമാണ് ബെര്‍ബറ്റോവ്. കൊച്ചിയുടെ കളിത്തട്ടില്‍ ബെര്‍ബറ്റോവ് ലക്ഷ്യമില്ലാതെ ഉഴറി നടക്കുകയായിരുന്നു. മനോഹരമായൊരു നീക്കം ഇതിഹാസത്തില്‍ നിന്ന് കണ്ടില്ല. മികച്ചൊരു ഷോട്ട് ആ ബൂട്ടുകളില്‍ നിന്നും പിറന്നില്ല. രണ്ടാം പകുതിയില്‍ ഗോളെന്ന് ഉറപ്പിച്ച് ഹ്യൂം നല്‍കിയ പാസ് പോലും കൃത്യതയോടെ കണക്ട് ചെയ്യാന്‍ കഴിയാത്ത ഇതിഹാസത്തെയാണ് കൊച്ചി കണ്ടത്. പിന്നെങ്ങനെ കാണികള്‍ കൈയടി നിര്‍ത്തി കൂകി വിളിക്കാതിരിക്കും. ആദ്യ പകുതിയില്‍ ബെര്‍ബറ്റോവിന്റെ കാലുകളിലേക്ക് പന്ത് വന്നത് തന്നെ അപൂര്‍വം. പിന്നിലേക്കിറങ്ങി പന്ത് പിടിച്ചെടുത്ത് കളിക്കാനുള്ള ഒരു ശ്രമവും ഇതിഹാസത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഇത് ഫുട്‌ബോള്‍ പ്രേമികളെ ശരിക്കും അരിശംകൊള്ളിച്ചു. മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍ കുടുംബത്തേക്ക് തിരിച്ച് വന്നിട്ടും ഒന്നും സംഭവിച്ചില്ല. ഇയാന്‍ ഹ്യൂം പ്രതിഭയുടെ നിഴലില്‍ മാത്രമായിരുന്നു.
മധ്യനിരയിലെ ഘാനയുടെ കൗമാര താരം കറേജ് പെകുസന്‍ മാത്രമായിരുന്നു മികച്ച കളി പുറത്തെടുത്തതും ഗാലറിയുടെ കൈയടി ആവോളം ഏറ്റുവാങ്ങിയതും. പ്രതിരോധത്തിലേക്ക് ഇറങ്ങി പന്ത് പിടിച്ചെടുത്ത് വലത് പാര്‍ശ്വത്തിലൂടെ എ.ടി.കെ പ്രതിരോധത്തെ പിളര്‍ത്തി മികച്ച മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാനും പെകുസന് കഴിഞ്ഞു. പിന്തുണ നല്‍കേണ്ട അരാറ്റ ഇസുമിയും സി.കെ വിനീതും പരാജയമായപ്പോള്‍ പെകുസന്റെ ശ്രമങ്ങള്‍ പാഴായി. രണ്ടാം പകുതിയില്‍ ഹ്യൂമിന് പകരക്കാരനായി എത്തിയ സിഫ്‌നോസ് കിട്ടിയ സമയം നന്നായി വിനിയോഗിച്ചെങ്കിലും ഒത്തൊരുമ മറന്ന കൂട്ടുകാര്‍ വിനയായി. നായകന്‍ സന്തോഷ് ജിങ്കന്‍ നയിച്ച പ്രതിരോധത്തില്‍ വിദേശ താരം ലിസിക് പെക്ചും ഗോളി റചുബ്കയും കൈയടി നേടിയാണ് മടങ്ങിയത്. പ്രതിരോധത്തിന്റെ കരുത്തില്‍ മാത്രമാണ് സമനില പിടിക്കാനായത്.
ഫെര്‍ഗൂസനില്‍ നിന്ന് സ്വായത്തമാക്കിയ മാഞ്ചസ്റ്ററിന്റെ കളി തന്ത്രങ്ങളുമായി എ.ടി.കെയെ പിടിച്ചു കെട്ടുമെന്നായിരുന്നു റെനെ മ്യൂളന്‍സ്റ്റീന്‍ പ്രഖ്യാപിച്ചത്. എന്നാല്‍, മഞ്ഞപ്പടയുടെ കരുത്തായ പന്ത്രണ്ടാമന്‍ ഫുട്‌ബോള്‍ പ്രേമികളെ നിശബ്ദരാക്കുമെന്ന പ്രഖ്യാപനം എ.ടി.കെ കോച്ച് ടെഡ്ഡി ഷെറിങ്ഹാമിന്റെ പ്രഖ്യാപനം അമ്ര ടീം അക്ഷരാര്‍ഥത്തില്‍ നടപ്പാക്കുകയും ചെയ്തു.
പണം മാത്രം ലക്ഷ്യമിടുന്ന ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് കാണികളോട് പരമപുച്ഛമാണ്. ഓരോ സീസണ്‍ കഴിയുന്തോറും ആ പുച്ഛം ഏറി വരികയാണ്. പണം മാത്രമാണ് ലക്ഷ്യമെങ്കില്‍ ഫുട്‌ബോള്‍ പ്രേമികള്‍ പ്രഹരിച്ചാല്‍ പിടിച്ചു നില്‍ക്കാനാകില്ല. ഫാന്‍സിന്റെ പിന്തുണയില്ലാതെ ഒരു ടീമിനും നിലനില്‍പ്പില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിക്കുന്ന ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ക്ക് ഇനിയും തിരിച്ചറിവ് ഉണ്ടായില്ലെങ്കില്‍ ഫലം പ്രവചനാതീതമായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."