ബഗ്ദാദിലെ പുസ്തകത്തെരുവുകള്‍
നന്മയും തിന്മയുമെല്ലാം തരാതരം ചേര്‍ന്ന തെരുവുകള്‍ ഒരുപാടു കണ്ടവരാണു നാം. എന്നാല്‍ സംസ്‌കാരം വിളയിക്കുന്ന തെരുവുകള്‍ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ അത്തരത്തില്‍ കണ്ടനുഭവിക്കേണ്ടൊരു ഇടമാണ് ബഗ്ദാദ്. എങ്ങും കാണുന്ന പുസ്തകത്തെരുവുകള്‍ തന്നെയാണ് ബഗ്ദാദിനെ മറ്റു രാജ്യങ്ങളിലെ തെരുവുകളില്‍നിന്നു വ്യതിരിക്തമാക്കുന്നത്. ബഗ്ദാദ് അധിനിവേശവും തുടര്‍യുദ്ധങ്ങളും ചവച്ചുതുപ്പിയ ഒരു ദേശത്തിന്റെ ഓര്‍മയാകും നമുക്ക്. ഓര്‍മിക്കാന്‍ മറ്റൊന്നും അവശേഷിപ്പിക്കാതെയാണല്ലോ ഒന്നിനുമീതെ മറ്റൊന്നായി യുദ്ധങ്ങള്‍ ഇറാഖിനുമേല്‍ വന്നുപതിച്ചത്. യുദ്ധത്തിന്റെ കാര്‍മേഘങ്ങളും അവസാനിക്കാത്ത അനിശ്ചിതത്വത്തിന്റെ കരിമ്പുകയുമാണ് ഇന്നും ഇറാഖിനു മിച്ചമെന്നു കരുതിയെങ്കില്‍ തെറ്റി. യുദ്ധം തകര്‍ത്ത മഹാനാഗരികതകയുടെ വീണ്ടെടുക്കലാണ് ബഗ്ദാദില്‍ നാം കാണുന്നത്. അവര്‍ പുനര്‍ജീവിക്കുകയാണ്. സംസ്‌കാരങ്ങള്‍ വിളയിച്ച ഒരു നാടിനെ ഒരു ബോംബിനും എന്നെന്നേക്കുമായി തകര്‍ക്കാനാവില്ല എന്നാണ് ബഗ്ദാദ് ഇപ്പോള്‍ ഉറക്കെപ്പറയുന്നത്.
അമേരിക്കയുടെ നേതൃത്വത്തിലുള്ള അധിനിവേശത്തിനുമുന്‍പ് ഇറാഖില്‍ പ്രസിദ്ധീകരിച്ചിരുന്ന 45ഓളം മാഗസിനുകള്‍ ഒരിടത്ത് പരത്തിവച്ചിട്ടുണ്ട്. മതം, സംസ്‌കാരം, കല, സാഹിത്യം, സംഗീതം, വാസ്തുശില്‍പം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള ആനുകാലികങ്ങള്‍. യുദ്ധത്തിനുശേഷം അവയില്‍ ഭൂരിഭാഗത്തിന്റെയും പ്രസിദ്ധീകരണം മുടങ്ങിയിരിക്കുകയാണ്
കഴിഞ്ഞയാഴ്ച ജോലിയുടെ ഭാഗമായാണ് ബഗ്ദാദ് അന്താരാഷ്ട്ര വ്യാപാര പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. വ്യത്യസ്ത രാജ്യങ്ങളില്‍നിന്നായി ആയിരക്കണക്കിനു സ്റ്റാളുകള്‍ അണിനിരന്ന വ്യാപാര പ്രദര്‍ശനം ബഗ്ദാദിനെ പഴയ പ്രൗഢിയിലേക്കു തിരിച്ചുകൊണ്ടുവരുന്നതായി തോന്നിച്ചു. ലോകത്തുടനീളമുള്ള വ്യാപാരശൃംഖലകളുടെ സാന്നിധ്യം കൊണ്ടുമാത്രം ശ്രദ്ധേയമായ മേള ഇറാഖിലെ വ്യാപാരികള്‍ക്കു പുതുജീവന്‍ പകരുന്നതായിരുന്നു. മറ്റു രാജ്യങ്ങളുമായി ഇറാഖിന്റെ വ്യാപാരബന്ധങ്ങള്‍ ശക്തിപ്പെടുത്താനും അവര്‍ക്ക് ഇറാഖിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനും പ്രദര്‍ശനം ഏറെ സഹായകരമായി.
വ്യാപാരമേളയ്ക്കിടെ തെല്ലിട മാറിനടന്ന എന്നെ ശരിക്കും അതിശയിപ്പിച്ചുകളഞ്ഞു തെരുവിലെ കാഴ്ചകള്‍. പലവിധ പുസ്തകങ്ങള്‍ നിരത്തിവച്ചു നീണ്ടുനീണ്ടുപോകുന്ന തെരുവുകള്‍. ഉള്ളില്‍ കുളിര്‍ കോരിയിടുന്ന കാഴ്ചയായിരുന്നു അത്. ചരിത്രത്തിലേക്കു മറഞ്ഞുപോയ ഒരു സാംസ്‌കാരിക നഗരത്തിന്റെ പേര് ഞാന്‍ മനസില്‍ ചികഞ്ഞെടുത്തു. ബഗ്ദാദ് തന്നെ. 1258ല്‍ മംഗോളിയന്മാര്‍ തകര്‍ത്തുതരിപ്പണമാക്കിയ അതേ സാംസ്‌കാരിക നഗരം. മംഗോള്‍ ആക്രമണത്തില്‍ മരണമടഞ്ഞവരുടെ രക്തത്തില്‍ ആദ്യദിനം ചെഞ്ചായമണിഞ്ഞ ടൈഗ്രീസ് നദി, ബഗ്ദാദിലെ ലക്ഷക്കണക്കിനു പുസ്തകങ്ങള്‍ നദിയിലൊഴുക്കിയുണ്ടായ മഷിനിറത്തില്‍ കറുത്തിരുണ്ടുപോയെന്നും ചരിത്രമുണ്ട്. ബഗ്ദാദ് എന്നൊരു സംസ്‌കാരം തന്നെയായിരുന്നു അന്ന് മംഗോളിയന്മാര്‍ ടൈഗ്രീസില്‍ ഒഴുക്കിക്കളഞ്ഞത്. പൊയ്‌പ്പോയ ചരിത്രം തിരിച്ചുപിടിക്കുന്നതു പോലെ തോന്നിച്ചു ബഗ്ദാദിലെ പുതിയ കാഴ്ചകള്‍.
അക്ഷരങ്ങള്‍ ഉറങ്ങുന്ന തെരുവുകള്‍
അക്ഷരങ്ങള്‍ കഥ പറയുന്ന തെരുവുകളാണ് ബഗ്ദാദിലെങ്ങുമുള്ളത്. മുതനബ്ബിയും അല്‍ റഷീദും സൂഖ് സാറായിയുമെല്ലാം ചേര്‍ന്ന് ഒരു സാംസ്‌കാരികകേന്ദ്രമായി മാറിയിരിക്കുന്നു അവിടം. വിവിധ ദേശങ്ങളില്‍നിന്നെത്തിയ വ്യത്യസ്ത ഭാഷകളിലുള്ള പുസ്തകങ്ങള്‍ തെരുവുകളില്‍ പരന്നുകിടക്കുന്നു. ജനങ്ങള്‍ കൂട്ടമായി വന്നു വിലപേശി പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടുന്നു.
അമേരിക്കയുടെ നേതൃത്വത്തിലുള്ള അധിനിവേശത്തിനുമുന്‍പ് ഇറാഖില്‍ പ്രസിദ്ധീകരിച്ചിരുന്ന 45ഓളം മാഗസിനുകള്‍ ഒരിടത്ത് പരത്തിവച്ചിട്ടുണ്ട്. മതം, സംസ്‌കാരം, കല, സാഹിത്യം, സംഗീതം, വാസ്തുശില്‍പം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള ആനുകാലികങ്ങള്‍. യുദ്ധത്തിനുശേഷം അവയില്‍ ഭൂരിഭാഗത്തിന്റെയും പ്രസിദ്ധീകരണം മുടങ്ങിയിരിക്കുകയാണ്. പുതിയതും പഴയതുമായ പുസ്തകങ്ങളും സി.ഡികളും അവിടെ സുലഭമാണ്. സംസ്‌കാരങ്ങള്‍ വിളയിച്ച ഈ തെരുവുകള്‍ക്ക് ഒട്ടേറെ പുതിയ വിശേഷങ്ങള്‍ പങ്കുവയ്ക്കാനുണ്ട്. റോഡിന് ഇരുവശത്തുമായി പ്രസിദ്ധീകരണാലയങ്ങളും പുസ്തകശാലകളും തുറന്നുവച്ചിരിക്കുന്നു. അവിടവിടെ സാംസ്‌കാരിക കേന്ദ്രങ്ങള്‍. ഇടക്കിടെ സാഹിത്യകൂട്ടായ്മകള്‍, സാംസ്‌കാരിക ചര്‍ച്ചകള്‍, കവിയരങ്ങുകള്‍, ചിത്രപ്രദര്‍ശനങ്ങള്‍, കഥാശില്‍പശാലകള്‍, സംഗീത പരിപാടികള്‍. സാംസ്‌കാരികമായ ഉണര്‍വിലേക്ക് ബഗ്ദാദ് തിരിച്ചുനടക്കുകയാണ്.
മുതനബ്ബി സ്ട്രീറ്റ്
'തെരുവുകളെ നശിപ്പിക്കാം
പുസ്തകങ്ങളെ ചുട്ടുകരിക്കാം
രാജ്യത്തിനുമേല്‍ ബോംബുകള്‍ വര്‍ഷിക്കാം
എന്നാല്‍ ഞങ്ങളുടെ ഊര്‍ജം കെടുത്താന്‍
ആരെയും അനുവദിക്കില്ല'
2007 മാര്‍ച്ച് അഞ്ചിന്റെ സുപ്രഭാതത്തെ വലിയ ഞെട്ടലോടെയാണ് ബഗ്ദാദിന്റെ ബൗദ്ധികതലസ്ഥാനമെന്ന് അറിയപ്പെടുന്ന മുതനബ്ബി സ്ട്രീറ്റ് വരവേറ്റത്. തെരുവില്‍ പുസ്തകം വിറ്റും കവിത പാടിയും മറ്റുമൊക്കെ ജീവിച്ച സാധാരണക്കാരെ കുരുതിക്കു കൊടുത്ത് മുതനബ്ബി സ്ട്രീറ്റില്‍ ഭീകരമായ കാര്‍ബോംബ് സ്‌ഫോടനം നടന്നത് അന്നായിരുന്നു. അധിനിവേശാനന്തരം രാജ്യത്തിന്റെ പല കോണുകളിലും നിരന്തരം സ്‌ഫോടനങ്ങളും ചാവേര്‍ ആക്രമണങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ അതൊന്നും മുതനബ്ബി, അല്‍ റഷീദ് എന്നീ സ്ഥലങ്ങളെ ബാധിച്ചിരുന്നില്ല. രാഷ്ട്രീയത്തെക്കാള്‍ കലയ്ക്കും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെയായിരുന്നു അവിടെ സന്ദര്‍ശകര്‍ക്ക് ഏറെ പ്രിയം എന്നതു തന്നെയായിരുന്നു അതിനു കാരണം. എന്നാല്‍, അന്നത്തെ ഭീകരമായ ബോംബുവര്‍ഷം 30 പേരുടെ ജീവനെടുത്തു.
നൂറിലധികം പേര്‍ക്കു മാരകമായി പരുക്കേറ്റു. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ നശിപ്പിക്കുകയെന്ന തന്ത്രമാണു ഭീകരര്‍ പയറ്റിനോക്കിയത്. എന്നാല്‍, ഇറാഖിന്റെ സാംസ്‌കാരികോര്‍ജം കെടുത്താന്‍ അനുവദിക്കില്ലെന്ന് ബഗ്ദാദിലെ കലാ സാംസ്‌കാരിക തല്‍പരരുടെ കൂട്ടായ്മകള്‍ ഉറക്കെ പ്രഖ്യാപിച്ചു.
2010 മാര്‍ച്ച് മാസം. അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സിയില്‍ ഒരു കാവ്യോത്സവം നടക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കവികള്‍ അവിടെ ഒരുമിച്ചുകൂടി. 'മുതനബ്ബി സ്ട്രീറ്റ് ഇവിടെ ആരംഭിക്കുകയാണ് 'എന്ന അന്നു പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പുസ്തകത്തിന്റെ താളുകളില്‍നിന്ന് ഏതാനും വരികള്‍ ചില കവികള്‍ ചൊല്ലി. കൂടിനിന്നവരെല്ലാം കൈകള്‍ ഉയര്‍ത്തി ആര്‍ത്തുവിളിച്ചു ഹര്‍ഷാരവം മുഴക്കി. ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി. യുദ്ധങ്ങളില്‍നിന്നും കലാപങ്ങളില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ഒരു ജനതയുടെ ആര്‍ജവത്തെ അവര്‍ വാനോളം പുകഴ്ത്തി. എന്നാല്‍ ഇതിനിടയ്ക്കു സദസിന്റെ മൂലയില്‍നിന്ന് ഒരാള്‍ എഴുന്നേറ്റുനിന്നു.
ആളുകള്‍ അയാളെ സൂക്ഷ്മമായി നോക്കി. അയാള്‍ എന്തോ പറയാന്‍ ശ്രമിക്കുന്നുണ്ട്. ശാന്തമായ സ്വരത്തില്‍ അയാള്‍ പറയാനാരംഭിച്ചു. എല്ലാവരും നിശബ്ദരായി കാതുകള്‍ കൂര്‍പ്പിച്ചു. അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. 2007 മാര്‍ച്ചില്‍ മുതനബ്ബി സ്ട്രീറ്റിലുണ്ടായ ഭീകരാക്രമണത്തിന്റെ ദൃക്‌സാക്ഷി വിവരണം നല്‍കുകയായിരുന്നു അവിടെയൊരു പുസ്തകക്കടയില്‍ ജോലിക്കാരനായിരുന്ന അദ്ദേഹം: ''കടയിലേക്കു തീഗോളങ്ങള്‍ മിന്നല്‍ പോലെ പാഞ്ഞെത്തി. എന്റെ മുതലാളി തല്‍ക്ഷണം മൃതിയടഞ്ഞു. ഞാന്‍ എങ്ങനെയാണു രക്ഷപ്പെട്ടതെന്നറിയില്ല. സ്റ്റോക്ക് സൂക്ഷിച്ചിരുന്ന മുറിയിലേക്ക് എടുത്തുചാടി അവിടെ പതിഞ്ഞുകിടക്കുകയായിരുന്നു ഞാന്‍.
പത്രങ്ങളും പുസ്തകങ്ങളും പ്ലാസ്റ്റിക്കും കരിഞ്ഞ മണം മൂക്കിലേക്കു തുളച്ചുകയറുന്നുണ്ട്. മുടിയും മാംസവും വെന്തളിഞ്ഞ ഗന്ധവും പരക്കുന്നു. കരയാനോ ശബ്ദമുയര്‍ത്താനോ കഴിയാതെ നിസഹായനായിപ്പോയിരുന്നു ഞാന്‍. ഇടക്കു മെല്ലെ പുറത്തേക്കു തലയിട്ടു നോക്കി. തെരുവുമുഴുവന്‍ കറുപ്പണിഞ്ഞിരിക്കുന്നു. ആളുകള്‍ ജീവനും കൊണ്ടോടുന്നു. എങ്ങും കൂട്ടക്കരച്ചിലുകളും ആര്‍ത്തനാദങ്ങളും. പുസ്തകങ്ങളുടെ കരിഞ്ഞ താളുകള്‍ ആകാശത്തില്‍ ഉയര്‍ന്നുപാറുന്നു.''
കേള്‍വിക്കാരെയെല്ലാം മുതനബ്ബി സ്ട്രീറ്റിലെ ആ ഭീകരകാഴ്ചയിലേക്ക് ആനയിച്ച ആഖ്യാനമായിരുന്നു അദ്ദേഹത്തിന്റേത്. വള്ളിപുള്ളി വിടാതെ അദ്ദേഹം പറഞ്ഞതത്രയും അമേരിക്കക്കാരുള്‍പ്പെടെയുള്ള കവികള്‍ കേട്ടു തരിച്ചുനിന്നു പോയി. അധിനിവേശത്തെ ശക്തമായി അപലപിച്ചുകൊണ്ടാണ് അന്നു കാവ്യോത്സവം സമാപിച്ചത്. 'മുതനബ്ബി സ്ട്രീറ്റ് ഇവിടെ ആരംഭിക്കുന്നു' എന്ന കവിതാ സമാഹാരം 2016ല്‍ പ്രസിദ്ധീകൃതമായി. കുവൈത്തി-അമേരിക്കന്‍ കവിയായ ദീമാ ശിഹാബി, പുലിസ്റ്റര്‍ പ്രൈസ് ജേതാവ് കൂടിയായ പത്രപ്രവര്‍ത്തകന്‍ ആന്റണി ശഹീദ്, ഇറാഖി കനേഡിയന്‍ മാധ്യമപ്രവര്‍ത്തകന്‍ യാസീന്‍ സല്‍മാന്‍ എന്നിവരാണ് ഈ പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. മേല്‍ സംഭവത്തെ അടയാളപ്പെടുത്തുന്ന വേറെയും ചില കവിതാസമാഹാരങ്ങള്‍ ഒറ്റക്കും കൂട്ടായും ഇറങ്ങുകയുണ്ടായി.
പത്താം നൂറ്റാണ്ടില്‍ ഇറാഖില്‍ ജനിച്ചുവളര്‍ന്ന ലോക അറബ് കവികളില്‍ പ്രശസ്തനാണ് മുതനബ്ബി. മുതനബ്ബിയോളം ശക്തമായി, തീവ്രമായി കവിത ചൊല്ലിയവര്‍ അറബ് ചരിത്രത്തില്‍ തന്നെ വിരളമാണ്. ഒരു തെരുവിന് അദ്ദേഹത്തിന്റെ പേരു നല്‍കിയാണ് ബഗ്ദാദുകാര്‍ ആ മഹാകവിയെ ആദരിച്ചത്. ഒട്ടേറെ കവികളെയും എഴുത്തുകാരെയും സൃഷ്ടിച്ച ബഗ്ദാദ് മറ്റ് അറബ് നഗരങ്ങളെക്കാള്‍ സാംസ്‌കാരികമായി എന്നും ഉയര്‍ന്നുനിന്നതും ആ സഹൃദയ മനസുകൊണ്ടു തന്നെയാണ്. അവിടുത്തെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ആ നാടിനെ മറ്റു അറബ് വാണിജ്യതലസ്ഥാന നഗരികളെക്കാള്‍ സ്വാധീനമുള്ള പ്രദേശമാക്കി മാറ്റി. ബഗ്ദാദിനുവേണ്ടി പാടാത്ത ഒരു കവിയുമുണ്ടായിട്ടില്ല, ചരിത്രത്തില്‍.
ഉസ്മാനിയ ഭരണകാലത്തു സൈനികര്‍ ഭക്ഷണം കഴിച്ച ശേഷം കൂടിയിരിക്കുകയും കവിത ചൊല്ലുകയും ചെയ്തിരുന്ന സ്ഥലമാണ് മുതനബ്ബി സ്ട്രീറ്റ്. ശാരിഅ അഖ്മഖ് ഖാന എന്നായിരുന്നു ആ തെരുവിന്റെ ആദ്യത്തെ പേര്. സൂഖ് സാറായിയില്‍നിന്നാണു തെരുവ് ആരംഭിക്കുന്നത്. അല്‍ റഷീദ് സ്ട്രീറ്റില്‍നിന്നും ഈ തെരുവിലേക്കു പ്രവേശിക്കാം. ഇന്ന് മുതനബ്ബി സ്ട്രീറ്റില്‍നിന്നു ചുറ്റുമുള്ള തെരുവുകളിലേക്കും സാംസ്‌കാരികമായ ഒരു പകര്‍ച്ചയുണ്ടാകുന്നുണ്ട്. പുസ്തകങ്ങളും സാംസ്‌കാരിക കൂട്ടായ്മകളും അവിടെ ലൈവായി നടക്കുന്നു. അറബി ഭാഷാ പരിജ്ഞാനമുണ്ടെങ്കില്‍ അറിയാതെ ഇരുന്നുപോകുന്ന ഒട്ടേറെ ഇടങ്ങള്‍ അവിടങ്ങളിലെല്ലാമുണ്ട്.
കുറെ ആളുകള്‍ നിന്ന് ആസ്വദിക്കുന്ന ഒരിടത്ത് അല്‍പനേരം ചെലവഴിച്ചു. ഫലിതകാവ്യങ്ങള്‍ മാത്രമാണ് അവിടെ അവതരിപ്പിക്കുന്നത്. അക്ഷരശ്ലോകം പോലെ ചിരിപ്പിച്ചു കവിതകള്‍ ചൊല്ലുന്നത് ഏറെ ആസ്വാദ്യകരമായിരുന്നു. അത്ഭുതകരം തന്നെ, അവിടെയുണ്ടായിരുന്ന ചെറിയ കുട്ടികള്‍ വരെ കവിത ചൊല്ലുന്നു; സ്വന്തമായതും മറ്റുള്ളവരുടേതും. മുതിര്‍ന്നവര്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഇതൊരു ജനിതക പകര്‍ച്ചയാണ്. സാങ്കേതികവളര്‍ച്ചയുടെ കാലത്തും സാംസ്‌കാരികമായ അറിവിന്റെയും ഉണര്‍ച്ചയുടെയും തലമുറകളിലേക്കുള്ള പകര്‍ച്ച. കവിത പാടുന്നവരും പറയുന്നവരും കേള്‍വിക്കാരെ ആസ്വദിപ്പിക്കുന്നു.
മുതനബ്ബി സ്ട്രീറ്റിന്റെ ഒടുവില്‍ ടൈഗ്രീസ് നദിയോടു ചേര്‍ന്ന് മുതനബ്ബിയുടെ ഒരു പ്രതിമയുണ്ട്. അക്ഷരങ്ങള്‍ എങ്ങനെയാണു സമൂഹങ്ങളിലേക്കു കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് ആ പ്രതിമയില്‍ കൊത്തിവച്ച രണ്ടുവരി കവിതയിലുണ്ട്. കാലങ്ങള്‍ കൊണ്ടുനടന്ന സാമൂഹികമാറ്റങ്ങളും മുതനബ്ബി സ്ട്രീറ്റില്‍ പ്രതിഫലിച്ചു. 1950കളില്‍ മാര്‍ക്‌സിന്റെ പുസ്തകങ്ങളായിരുന്നു തെരുവുകളില്‍ സുലഭം. പിന്നീടതു അറബ് ദേശീയ സാഹിത്യങ്ങളിലേക്കു വഴിമാറി. പല കാലങ്ങളിലുണ്ടായ രാഷ്ട്രീയ വടംവലികള്‍ക്കിടയില്‍ തെരുവിലെ പുസ്തകങ്ങള്‍ക്കും രാഷ്ട്രീയ നിറങ്ങള്‍ കൈവന്നു. ഇപ്പോള്‍ വ്യക്തമായൊരു രാഷ്ട്രീയമില്ലെങ്കിലും രാജ്യത്തെ വംശീയ അസ്വസ്ഥതകള്‍ പുസ്തകങ്ങളുടെ പുറംചട്ടയിലും പ്രകടമാണ്.
മുതനബ്ബി സ്ട്രീറ്റില്‍ മൂന്നോ നാലോ സാംസ്‌കാരികകേന്ദ്രങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. അവയത്രയും ഇറാഖിന്റെ പൈതൃകസമ്പന്നവും സാംസ്‌കാരികവുമായ ഒട്ടേറെ കാഴ്ചകള്‍ പ്രദാനം ചെയ്യുന്നവയാണ്.
കുശ്‌ല
പൈതൃക ടൂറിസം മന്ത്രാലയത്തിനു കീഴിലാണ് കുശ്‌ല നിലകൊള്ളുന്നത്. ഇറാഖിന്റെ പൈതൃകവും പഴമയും ബോധ്യപ്പെടുത്തുന്ന ഒട്ടേറെ കാഴ്ചകള്‍ ഇതിനകത്തുണ്ട്. പുരാതന കരകൗശല വസ്തുക്കള്‍, ചരിത്ര പുരുഷന്മാര്‍, പഴയ ഇറാഖിന്റെ നേര്‍ചിത്രങ്ങള്‍ എന്നിവയാണു പ്രധാന ആകര്‍ഷണം. ആളുകള്‍ക്ക് ഇരിക്കാനും സംവദിക്കാനും സജ്ജമാക്കിയ വിശാലമായ പാര്‍ക്കും ഉയര്‍ന്നുനില്‍ക്കുന്ന ക്ലോക്ക് ടവറുമാണ് മുതനബ്ബിയിലെത്തുന്നവരെ കുശ്‌ലയിലേക്ക് ആകര്‍ഷിക്കുന്നത്.
മൂന്ന് മ്യൂസിയങ്ങള്‍
ചെറുതും വലുതുമായ ഒട്ടേറെ മ്യൂസിയങ്ങള്‍ ബഗ്ദാദിലുണ്ട്. മുതനബ്ബിയില്‍ മാത്രം മൂന്നോളം മ്യൂസിയങ്ങള്‍ കാണാം. ബഗ്ദാദി മ്യൂസിയം അതിലൊന്നാണ്. പഴയ കാലത്തെ അപ്പടി പകര്‍ത്തിവച്ചിരിക്കുകയാണിവിടെ. പഴമക്കാരുടെ സംസാരരീതികള്‍ മ്യൂസിയത്തിലേക്കു കടക്കുമ്പോള്‍ തന്നെ കേള്‍ക്കാം. അവരുടെ വസ്ത്രധാരണം, അന്നത്തെ വിവിധ തൊഴില്‍രീതികള്‍, സംഗീത സദസുകള്‍, സൂഫി ഹല്‍ഖകള്‍ മുതല്‍ അവരുടെ പാചകരീതികളുമെല്ലാം കൃത്യമായി പുനര്‍നിര്‍മിച്ചുവച്ചിട്ടുണ്ട്. കള്‍ചറല്‍ റോമിങ് മ്യൂസിയമാണു മറ്റൊന്ന്. പഴയതും പുതിയതുമായ ചിത്രകാരന്മാരുടെ സൃഷ്ടികളടങ്ങിയ വിശാലമായ ആര്‍ട് ഗാലറിയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ചിത്രം വരക്കുന്നവര്‍ക്കും ശില്‍പകലയില്‍ താല്‍പര്യമുള്ളവര്‍ക്കും ഇവിടെ പരിശീലനവും നല്‍കുന്നുണ്ട്. കാര്‍ട്ടൂണുകളും കവിതകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചില കവികളും കാര്‍ട്ടൂണിസ്റ്റുകളും തത്സമയം എഴുതുകയും വരക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.
കൂഫിയകള്‍
മുതനബ്ബി സ്ട്രീറ്റിനോടു ചേര്‍ന്ന കൂഫിയകള്‍ വെറും കാപ്പിക്കടകളല്ല. സജീവമായ സാംസ്‌കാരിക ഇടങ്ങള്‍ കൂടിയാണവ. കാപ്പി കുടിച്ചും ഷീഷ വലിച്ചും ആളുകള്‍ ഗൗരവമേറിയ സാഹിത്യ സാംസ്‌കാരിക വിഷയങ്ങള്‍ സംസാരിക്കുന്നു. ഇറാഖിന്റെ ചരിത്രം മുഴുവന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഒരു കൂഫിയയില്‍ കണ്ടു. രാജ്യത്തെ പുരാതനമായ പ്രസ് അവിടെ നിലനിന്നിരുന്നെന്നും യുദ്ധാനന്തരം പ്രസ് നിര്‍ത്തി കാപ്പിക്കടയായി മാറിയതാണെന്നും അറിയാന്‍ കഴിഞ്ഞു. ഏതെങ്കിലും തരത്തിലുള്ള വിജ്ഞാനവിതരണോപാധികള്‍ എല്ലായിടങ്ങളിലുമുണ്ട്.
രാജ്യം എത്തിപ്പെട്ടിരിക്കുന്ന ദയനീയ സ്ഥിതിയെ കുറിച്ച് അലസമായി നടന്ന ഒരു വൃദ്ധന്‍ ഉറക്കെപ്പാടി നടക്കുന്നതു കണ്ടു. ബഗ്ദാദിന്റെ ഇന്നലയെ കുറിച്ച്, നല്ല ബുദ്ധിയോടെയല്ലെങ്കിലും തകര്‍ത്തുപാടുകയാണ് അയാള്‍.
---------------------------------------------
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."