'കോഴിക്കോട് ആകാശവാണി'കോഴിക്കോട് ആകാശവാണി വാര്‍ത്തകള്‍ ഇതോടെ അവസാനിച്ചു' വാര്‍ത്തകള്‍ ഇതോടെ അവസാനിച്ചു'
കോഴിക്കോട്: 'കോഴിക്കോട് ആകാശവാണി വാര്‍ത്തകള്‍ ഇതോടെ അവസാനിച്ചു' എന്ന അവസാന വാചകത്തോടെ കോഴിക്കോട് ആകാശവാണി നിലയത്തില്‍ നിന്നുള്ള വാര്‍ത്താപ്രക്ഷേപണം അവസാനിക്കാന്‍ ഇനി നാളുകള്‍ മാത്രം. അന്‍പത് വര്‍ഷം പിന്നിട്ട കോഴിക്കോട് ആകാശവാണി പ്രാദേശിക വാര്‍ത്താ വിഭാഗം അടച്ചുപൂട്ടാന്‍ ഇനി ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മാത്രമാണ അവശേഷിക്കുന്നതെന്നാണ് സൂചന.
വാര്‍ത്താ യൂണിറ്റുകള്‍ സംസ്ഥാന തലസ്ഥാനങ്ങളില്‍ മാത്രം മതിയെന്ന കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നയത്തിന്റെ ഭാഗമായി കോഴിക്കോട് യൂണിറ്റ് തിരുവനന്തപുരത്തേക്ക് മാറ്റാനാണ് തീരുമാനം. ഇതിന് സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള നടപടികളാണ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ യൂണിറ്റ് പൂട്ടാന്‍ നീക്കം നടന്നിരുന്നെങ്കിലും പൊതുജനങ്ങളില്‍ നിന്നുണ്ടായ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അത് മാറ്റിയിരുന്നു. കോഴിക്കോട് യൂണിറ്റ് പൂട്ടില്ലെന്ന് അന്ന് മന്ത്രാലയംഉറപ്പും നല്‍കി. തിരുച്ചിറപ്പള്ളി (തമിഴ്‌നാട്), പൂനെ (മഹാരാഷ്ട്ര), ഇന്‍ഡോര്‍ (മധ്യപ്രദേശ്), ദിബ്രുഗഢ് (അസം), ധാര്‍വാഡ് (കര്‍ണാടക), ഭുജ് (ഗുജറാത്ത്) എന്നിവയ്‌ക്കൊപ്പമാണ് കോഴിക്കോട് യൂണിറ്റും അടച്ചുപൂട്ടുന്നത്. എന്നാല്‍ മന്ത്രാലയം, നയത്തിന് വിരുദ്ധമായി വിശാഖപട്ടണത്ത് പുതിയ വാര്‍ത്താവിഭാഗം തുടങ്ങുകയും ചെയ്തിട്ടുണ്ട്.
1966ല്‍ പ്രവര്‍ത്തനം തുടങ്ങിയ കോഴിക്കോട് വാര്‍ത്താ വിഭാഗത്തില്‍ നിന്ന് രാവിലെ 6.45നും ഉച്ചയ്ക്ക് 12.30നും പത്ത് മിനിറ്റ് വീതമുള്ള രണ്ട് പ്രാദേശിക വാര്‍ത്താ ബുള്ളറ്റിനുകളും രാവിലെ എട്ട് മുതല്‍ ഒരു മണിക്കൂര്‍ ഇടവിട്ട് അഞ്ച് എഫ്.എം ഹെഡ്‌ലൈന്‍സും പ്രക്ഷേപണം ചെയ്യുന്നുണ്ട്.
ഇതിനുപുറമേ വാര്‍ത്താധിഷ്ഠിത പരിപാടികളും കോഴിക്കോട് നിന്ന് പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതല്‍ ശ്രോതാക്കളുള്ള രാവിലത്തെ വാര്‍ത്തയാണ് ആകാശവാണിക്ക് ഏറ്റവും കൂടുതല്‍ പരസ്യ വരുമാനം നല്‍കുന്നത്. മലബാറിലെ പിന്നോക്ക മേഖലകളിലെ നിരവധി പേര്‍ ഈ വാര്‍ത്തയെ ആശ്രയിക്കുന്നുമുണ്ട്. തിരുവനന്തപുരത്തേക്ക് പോകുന്നതോടെ വാര്‍ത്തയില്‍ മലബാറിന് പ്രാധാന്യം ലഭിക്കില്ലെന്ന ആശങ്കയ്ക്ക് അധികൃതര്‍ മറുപടി നല്‍കുന്നുമില്ല.
കോഴിക്കോട് നിലവില്‍ കറസ്‌പോണ്ടന്റ് തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. വാര്‍ത്താ വിഭാഗം തലവന്‍ ഈ മാസം വിരമിക്കുന്നതോടെ രണ്ട് വാര്‍ത്താ വായനക്കാരെ തിരുവനന്തപുരത്തേക്ക് മാറ്റി യൂണിറ്റ് പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് തീരുമാനം. താല്‍ക്കാലികാടിസ്ഥാനത്തില്‍ അന്‍പതില്‍പ്പരം ജീവനക്കാര്‍ കോഴിക്കോട് ജോലി ചെയ്തുവരുന്നുണ്ട്. യൂണിറ്റ് പൂട്ടുന്നതോടെ ഇവരുടെ ജോലി നഷ്ടമാകും.
മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച് വരുന്ന കോഴിക്കോട് ആകാശവാണി വാര്‍ത്താ വിഭാഗത്തെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഒരു യൂണിറ്റില്‍ ഒരു പ്രാദേശിക വാര്‍ത്താവിഭാഗം മതിയെന്നുപറഞ്ഞാണ് കോഴിക്കോട്ട് വാര്‍ത്താവിഭാഗം പൂട്ടുന്നത്. അതേസമയം ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും ആറോളം വാര്‍ത്താവിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."